കൊറോണ: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനം

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഏഴാം ക്ലാസ് വരെ അവധി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. കൊറോണ വൈറസ് (കോവിഡ്-19) ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കും. എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷകള്‍ക്കു മാറ്റമില്ല. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും.
ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അവധി നേരത്തെയാക്കാനാണ് തീരുമാനം.
പൊതുപരിപാടികള്‍ക്ക് സംസ്ഥാനമാകെ നിയന്ത്രണമേര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. ഉത്സവങ്ങളും ആഘോങ്ങളും കുറയ്ക്കാന്‍ നിര്‍ദേശം നല്‍കും. ഒന്നുമുതല്‍ ഏഴ് വരെ ക്ലാസുകളിലെ വര്‍ഷാവസാന പരീക്ഷ ഉപേക്ഷിക്കണമെന്ന് നേരത്തെ തന്നെ അഭിപ്രായമുയര്‍ന്നിരുന്നു. ചെറിയ കുട്ടികളെ കൊണ്ട് നിയന്ത്രണങ്ങള്‍ അനുസരിപ്പിക്കുക എളുപ്പമല്ല.
പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ വേണം. ഒപ്പം എല്ലാ സ്‌കളൂകളിലും മാസക്കുകളും സാനിറ്റെസറുകളും ലഭ്യമാക്കണം. പരീക്ഷക്കു മുന്‍പ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാ ക്ലാസിലും വായിച്ചു കേള്‍പ്പിക്കണമെന്നും വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നു.
മാര്ച്ച് മാസത്തില് സംസ്ഥാന സര്ക്കാര് സംഘടിപ്പിക്കുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കാനും മന്ത്രിസഭാ യോഗത്തില് തീരുമാനമെടുത്തു. കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. എന്നാല് ഇക്കാര്യത്തില് വ്യക്തതയില്ല.
ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കാന് മുഖ്യമന്ത്രി അല്പസമയത്തിനകം മാധ്യമങ്ങളെ കാണും. നേരത്തെ സംസ്ഥാനത്ത് ആദ്യം കൊറോണ വൈറസ് സ്ഥിരീകരിച്ച വേളയിലും സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























