കൊവിഡ് 19 വൈറസ്; വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ കേസ്; ആരോഗ്യമന്ത്രിയുടെ പേരില്‍ പോലും വ്യാജ ഓഡിയോ സന്ദേശം പ്രചരിക്കുന്നു

കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ കേസ്. പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് ഈ കാര്യം വ്യക്തമാക്കി. ജില്ലയില്‍ നാല് പേർക്കെതിരെ കൂടി കേസെടുക്കാൻ പൊലീസിനോട് ജില്ലാ ഭരണകൂടം ആവശ്യപ്പെടുകയും ചെയ്തു. ആരോഗ്യമന്ത്രിയുടെ പേരില്‍ പോലും വ്യാജ ഓഡിയോ സന്ദേശം പ്രചരിക്കുന്നുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. ആളുകളുടെ ഫോട്ടോ പ്രചരിപ്പിച്ചുള്ള സന്ദേശങ്ങള്‍, മഞ്ഞളോ വെളുത്തുള്ളി കക്ഷായമോ കുടിച്ചാല്‍ രോഗ ബാധയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍, സൂര്യന് കീഴില്‍ നിന്നാല്‍ വൈറസുകളെ തുരത്താം എന്നുള്ളത് അടക്കമുള്ള വ്യാജ സന്ദേശങ്ങള്‍ സൈബര്‍ സെല്ലിന് നല്‍കാനായും തീരുമാനം എടുത്ത് കഴിഞ്ഞു.
കൂടാതെ ഐസലേഷന്‍ വാര്‍ഡില്‍ നിന്നും ചാടി പോയ ആള്‍ക്കെതിരെയും കേസെടുക്കുമെന്ന് കളക്ടര്‍ അറിയിക്കുകയും ചെയ്തു. സാമൂഹമാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി കഴിഞ്ഞു. കോഴിക്കോട് കാക്കൂരിൽ കൊവിഡിനെക്കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ച യുവാവിനെതിരെ ഇന്ന് കേസെടുത്തു . എലത്തൂർ സ്വദേശിയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് ഇന്നലെ മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ രണ്ടും ത്യശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ ഒരു കേസുമാണ് ഇന്നലെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha























