അടുത്ത മാസം വിവാഹം നടക്കാനിരിക്കെ, പ്രതിശ്രുത വധുവിന് പിറന്നാൾ സമ്മാനം നൽകി മടങ്ങുന്നതിനിടെ എംസി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

എംസി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. എഴുകോൺ അമ്പലത്തുംകാല അഭിലാഷ് ഭവനിൽ രാമചന്ദ്രൻപിള്ളയുടെ മകൻ ശ്യാംകുമാറാണു (32) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.15നു വാളകം മരങ്ങാട്ടുകോണം ജംക്‌ഷനു സമീപമായിരുന്നു അപകടം. തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിലേക്കു പോയ കുടുംബം സഞ്ചരിച്ച കാറും കൊട്ടാരക്കര ഭാഗത്തേക്കു പോയ ബൈക്കുമാണ് അപകടത്തിൽപെട്ടത്. പ്രതിശ്രുത വധുവിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് സമ്മാനം നൽകി മടങ്ങവെയായിരുന്നു അപകടം. തലയ്ക്കു സാരമായി പരുക്കേറ്റ ശ്യാംകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
പരുക്കേറ്റ ശ്യാംകുമാറിനെ വാളകം എയ്ഡ് പോസ്റ്റിൽ നിന്നുള്ള പൊലീസ് സംഘം അവരുടെ വാഹനത്തിലാണ് വാളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് തിരുവനന്തപുരത്തേക്കു മാറ്റുകയായിരുന്നു. പന്തളം എൻഎസ്എസ് ഹോസ്പിറ്റലിലെ ടെക്നീഷ്യനായിരുന്ന ശ്യാംകുമാറിന്റെ വിവാഹം അടുത്ത മാസം നടത്താൻ നിശ്ചയിച്ചിരുന്നതാണ്. കൊട്ടാരക്കര പൊലീസ് കേസെടുത്തു. സംസ്കാരം നാളെ.
https://www.facebook.com/Malayalivartha























