പ്രതിശ്രുത വധുവിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങവേ യുവാവ് അപകടത്തില്‍ മരിച്ചു

എംസി റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ എഴുകോണ്‍ അമ്പലത്തുംകാല അഭിലാഷ് ഭവനില്‍ രാമചന്ദ്രന്‍പിള്ളയുടെ മകന്‍ ശ്യാംകുമാര്‍ (32) മരിച്ചു. പ്രതിശ്രുത വധുവിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് സമ്മാനം നല്‍കി മടങ്ങവേയായിരുന്നു അപകടം.
തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലേക്കു പോയ കുടുംബം സഞ്ചരിച്ച കാറും കൊട്ടാരക്കര ഭാഗത്തേക്കു പോയ ബൈക്കുമാണ് കഴിഞ്ഞ ദിവസം വൈകിട്ട് 5.15-ന് വാളകം മരങ്ങാട്ടുകോണം ജംക്ഷനു സമീപം അപകടത്തില്‍പെട്ടത്.
സാരമായി പരുക്കേറ്റ ശ്യാംകുമാറിനെ വാളകം എയ്ഡ് പോസ്റ്റില്‍ നിന്നുള്ള പൊലീസ് സംഘം അവരുടെ വാഹനത്തിലാണ് വാളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. തലയ്ക്കു പരുക്കേറ്റ ശ്യാംകുമാര്‍ രാത്രിയോടെ മരിച്ചു.
പന്തളം എന്‍എസ്എസ് ഹോസ്പിറ്റലിലെ ടെക്‌നീഷ്യനായിരുന്ന ശ്യാംകുമാറിന്റെ വിവാഹം അടുത്തമാസം നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്. സംസ്‌കാരം നാളെ. മാതാവ്: ശ്യാമള. കൊട്ടാരക്കര പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha























