ഷൈലജ ടീച്ചറെ വിമർശിച്ച ചെന്നിത്തലക്ക് കൈപൊള്ളി,കോൺഗ്രസ് നേതാക്കളും എതിരായി; കൊറോണരോഗബാധക്കെതിരെ മാതൃകാപരമായ പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിനും ആരോഗ്യമന്ത്രി കെ കെ ശൈലജടീച്ചർക്കുമെതിരെ ആവശ്യമില്ലാത്ത പരാമർശം നടത്തിയ രമേശ് ചെന്നിത്തലക്ക് എതിരെ കോൺഗ്രസിലും വിമർശനം

കൊറോണരോഗബാധക്കെതിരെ മാതൃകാപരമായ പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിനും ആരോഗ്യമന്ത്രി കെ കെ ശൈലജടീച്ചർക്കുമെതിരെ ആവശ്യമില്ലാത്ത പരാമർശം നടത്തിയ രമേശ് ചെന്നിത്തലക്ക് എതിരെ കോൺഗ്രസിലും വിമർശനം.
മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി ചെന്നിത്തലയെ വിമർശിച്ചതിന് പിന്നാലെ സർക്കാർ നടപടികൾക്ക് ഒപ്പമാണ് താനെന്ന് ചെന്നിത്തല പ്രഖ്യാപിച്ചത് കോൺഗ്രസ് വിമർശനം കണക്കിലെടുത്താണ്. മുല്ലപ്പള്ളിക്കും ഉമ്മൻ ചാണ്ടിയും അടക്കമുള്ള നേതാക്കൾ ചെന്നിത്തലക്ക് എതിരാണ്. ശൈലജ ടീച്ചറെ വിമർശിച്ചാൽ ജനങ്ങൾ എതിരാകുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ ഭയം.
സാമൂഹിക മാധ്യമങ്ങൾ ചെന്നിത്തലക്കെതിരെ രംഗത്തെത്തിയതോടെയാണ് കോൺഗ്രസിലെ എ വിഭാഗം നേതാക്കളും ഐ ഗ്രൂപ്പ് നേതാക്കളും പ്രതിപക്ഷ നേതാവിനെതിരെ തിരിഞ്ഞത്. ചെന്നിത്തല നടത്തിയ പരാമർശങ്ങൾ തിരിഞ്ഞു കുത്തിയെന്നാണ് കോൺഗ്രസ് നേതാക്കൾ കരുതുന്നത്.
പ്രവാസി മലയാളികളടക്കം പ്രതിപക്ഷത്തിന്റെ നിലപാടിനെതിരെ ഫെയ്‌സ്‌ബുക്കിലൂടെയും ട്വീറ്ററിലൂടെയും ശക്തമായി പ്രതികരിക്കുകയാണ്. രാജ്യത്തിന് മാതൃകയായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സർക്കാരിനെതിരെ ചെന്നിത്തല നടത്തിയ പരാമർശങ്ങളി്ൽ പലരും കടുത്ത എതിർപ്പാണ് രേഖപ്പെടുത്തുന്നത്. പ്രതിപക്ഷമേ ഹാ കഷ്ടം എന്നാണ് സംഗീത സംവിധായകൻ ഷാൻ രൂക്ഷമായി വിമർശിച്ചത്.
ഈ കാര്യത്തിൽ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുമ്പോൾ മനുഷ്യത്വരഹിതമായ പരാമർശങ്ങൾ നടത്തുന്ന ചെന്നിത്തല മാപ്പർഹിക്കുന്നില്ലെന്ന് പലരും ഫെയ്‌സ് ബുക്കിൽ കുറിച്ചു. കൊറോണ പ്രതിരോധത്തെ പറ്റി നിയമസഭയിൽ ശൈലജ ടീച്ചർ സംസാരിക്കുമ്പോൾ കൂവിയ പ്രതിപക്ഷാംഗങ്ങളുടെ നടപടി ഹീനവും പ്രാകൃതവുമാണെന്ന് അവർ പറയുന്നു. മുരളി തുമ്മാരക്കുടിയടക്കമുള്ള പ്രമുഖരും ചെന്നിത്തലയുടെ പരാമർശത്തിനെതിരെ പരസ്യമായി രംഗത്ത് വന്നു.
എഴുത്തുകാരൻ സക്കറിയ ടീച്ചർക്ക് അനുകൂലമായി വന്ന പോസ്റ്റ് ഷെയർ ചെയ്തു. ഒപ്പം നിരവധി പ്രമുഖരും ടീച്ചർക്ക് അനുകൂലമായി രംഗത്തുവന്നു. ശൈലജ ടീച്ചർക്ക് മീഡിയ മാനിയ ആണെന്ന് ചെന്നിത്തല പറഞ്ഞതാണ് പ്രകോപനകരമായത്. ദിവസം മൂന്നും നാലും വാർത്താ സമ്മേളനങ്ങൾ നടത്തുന്നതിൽ അർത്ഥമില്ലെന്ന് ചെന്നിത്തല പറഞ്ഞു. പ്രത്യേകിച്ച് ഒരു കാര്യവുമില്ലെങ്കിലും ദിവസം ഒരു പത്രസമ്മേളനം വീതം നടത്തുന്നയാളാണ് ചെന്നിത്തല. ജനങ്ങളുടെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കുമ്പോൾ മന്ത്രി മോശമായി പെരുമാറുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഇതും ശരിയല്ലെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. മന്ത്രി ഷൈലജ ആരോടും മോശമായി പെരുമാറുന്നയാളല്ല. ജനം ബുദ്ധിമുട്ടുമ്പോൾ മന്ത്രി പ്രതിച്ഛായ നന്നാക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സർക്കാർ അനാവശ്യ ഭീതി പരത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഇതെല്ലാം അസൂയയുടെ ഫലമാണെന്നാണ് ആരോപണം.
മുഖ്യമന്ത്രി ചെന്നിത്തലക്കെതിരെ രംഗത്തെത്തുന്ന സാഹചര്യവും സംജാതമായി. മുഖ്യമന്ത്രിയുടെ വാക്കുകളും ജന കൂട്ടത്തിന്റെ കൈയടി നേടി. ഭാവിയിൽ സംസാരിക്കുമ്പോൾ ചെന്നിത്തല സൂക്ഷിക്കണമെന്ന നിർദ്ദേശം കെ പി സി സി നേതൃത്വം നൽകിയെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























