കോവിഡ് 19 ബാധ സംശയിക്കപ്പെട്ട തിരുവനന്തപുരം സ്വദേശി അധികം പേരുമായി ഇടപഴകിയിട്ടില്ലെന്ന് വിവരം; സഞ്ചരിച്ച വിമാനത്തില്‍ ഉണ്ടായിരുന്നത് 92 യാത്രക്കാരിൽ 20 പേര്‍ വിദേശികൾ: പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്ന ഇയാൾ കുളിക്കുമ്പോൾ പനി ലക്ഷണം തോന്നിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് നടത്തിയ പ്രാഥമിക പരിശോധനയിൽ ഫലം പോസിറ്റീവായി: പരിശോധനയ്ക്ക് ശേഷം വീട്ടിലേക്ക് പോയത് ഓട്ടോ റിക്ഷയിൽ; രോഗം പകരാതിരിക്കാന്‍ തിരുവനന്തപുരം സ്വദേശിയെടുത്ത മുൻകരുതലിനെ അഭിനന്ദിച്ച് ജില്ലാ കളക്ടര്‍

കോവിഡ് 19 ബാധ സംശയിക്കപ്പെട്ട തിരുവനന്തപുരം കാരന്റെ സമ്പർക്ക പട്ടിക ഉടൻ തയ്യാറാകും. ഇയാള്‍ അധികം പേരുമായി ഇടപഴകിയിട്ടില്ലെന്നാണ് വിവരം. ഇറ്റലിയില്‍ നിന്നും നാട്ടിലെത്തിയതിനെ തുടര്‍ന്ന് കൊറോണാ സംശയിക്കപ്പെട്ട തിരുവനന്തപുരം സ്വദേശിയും പരിശോധനയ്ക്ക് ശേഷം വീട്ടിലേക്ക് പോയത് ഓട്ടോ റിക്ഷയിലായിരുന്നു. പോകുന്ന വഴിയില്‍ കടയിലും മറ്റും കയറിയിരുന്നു. നിരീക്ഷണത്തിലുള്ള ഇയാളുടെ പ്രാഥമിക പരിശോധനാഫലം പോസിറ്റീവാണ്. രണ്ട് ദിവസം മുമ്പായിരുന്നു ഇയാള്‍ ഇറ്റലിയില്‍ നിന്നും വന്നത്. വിമാനത്താവളത്തിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും വെളിപ്പെടുത്താന്‍ ഇയാള്‍ സ്വയം സന്നദ്ധനാകുകയായിരുന്നു. ചുമയുള്ളതിനാല്‍ മറ്റ് ലക്ഷണങ്ങള്‍ ഇല്ലാഞ്ഞിട്ടും വീട്ടില്‍ ഐസൊലേഷനിലായിരുന്നു.
പരിശോധനയ്ക്ക് ശേഷം ആംബുലന്‍സ് കിട്ടാതിരുന്നതിനാലാണ് ഓട്ടോയ്ക്ക് പോയത്. അതേ സമയം കുടുതല്‍ ആള്‍ക്കാരുമായി സമ്പർക്കം പുലർത്തിരുന്നില്ലെന്നാണ് ഇയാൾ പറഞ്ഞത്. പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നു എങ്കിലും കുളിക്കുമ്പോൾ പനി ലക്ഷണം തോന്നിയതിനെ തുടര്‍ന്ന ഇയാള്‍ തന്നെ വിവരം ദിശ നമ്പറിൽ വിളിച്ചു. പിന്നീട് തിരുവനന്തപുരത്ത് നടത്തിയ പ്രാഥമിക പരിശോധന പോസിറ്റീവായി. സ്ഥിരീകരണത്തിനായി ആലപ്പുഴയിലേക്ക് അയച്ചിട്ടുണ്ട്. ഇയാളുമായി സമ്പർക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. രോഗം സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്. കഴിഞ്ഞ മൂന്ന് ദിവസമായി രോഗിക്ക് ചുമയോ പനിയോ ജലദോഷമോ ഇല്ലെന്ന് തൃശുര്‍ ഡിഎംഒ അറിയിച്ചു. ഇയാള്‍ സഞ്ചരിച്ച വഴികളുടെയും ഇടപെട്ട ആള്‍ക്കാരുടെയും പട്ടിക വെച്ച് റൂട്ട് മാപ്പ് തയ്യാറാക്കുകയാണ് ആരോഗ്യ വിഭാഗം അധികൃതര്‍.
അതേ സമയം മറ്റുള്ളവര്‍ക്ക് തന്റെ രോഗം പകരാതിരിക്കാന്‍ തിരുവനന്തപുരം സ്വദേശിയെടുത്ത മുൻകരുതലിനെ ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അഭിനന്ദിച്ചു. യുവാവ് ഇറ്റലിയില്‍ നിന്ന് വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് പതിനൊന്നാം തീയതി തിരുവനന്തപുരത്തെത്തിയത്. 'ഒരു പോസിറ്റീവ് കാര്യം എന്താണെന്നുവച്ചാല്‍ അദ്ദേഹം സ്വയം ആരോടും സംസാരിക്കാതെ മാസ്‌ക്‌വച്ച് ആശുപത്രിയില്‍ എത്തുംവരെ സ്വയം നിഷ്ടിത അകലം പാലിച്ചു. എല്ലാ കാര്യങ്ങളിലും ഐസൊലേഷന്‍ മോഡില്‍ തന്നെയായിരുന്നു. ഇപ്പോഴും ഏല്ലാ കാര്യത്തിലും സഹകരിക്കുന്നുണ്ട്. ഇപ്പോഴുള്ള സാഹചര്യത്തില്‍ രോഗബാധയുണ്ടെന്ന് സംശയിക്കുന്നവര്‍ ഇങ്ങനെയാണ് ചെയ്യേണ്ടത്. ആദ്യമായി അദ്ദേഹത്തിന്റെ പെരുമാറ്റത്തെ അഭിനന്ദിക്കുന്നു'- കളക്ടര്‍ പറഞ്ഞു.
ഇറ്റലിയില്‍ നിന്നെത്തുന്ന എല്ലാവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ വയ്‌ക്കുമെന്നും കളക്ടര്‍ അറിയിച്ചു. ഇപ്പോള്‍ രോഗബാധ സംശയിക്കുന്നയാള്‍ വിമാനത്താവളത്തില്‍ നിന്ന് നേരെ പോയത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കാണ്. തിരുവനന്തപുരം ജില്ലയില്‍ ആശുപത്രിയില്‍ 5 പേരും വീട്ടില്‍ 160 പേരുമാണ് ഇപ്പോള്‍ നിരീക്ഷണത്തിലുളളത്. മാര്‍ച്ച് 11 തിരുവനന്തപുരത്ത് എത്തിയ രോഗബാധയുണ്ടെന്ന് സംശയിക്കുന്ന ആൾ സഞ്ചരിച്ച വിമാനത്തില്‍ 92 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വൈറസ് ബാധയേല്‍ക്കാന്‍ ഏറ്റവും സാധ്യതയുള്ള 31 യാത്രക്കാരെയും ബന്ധപ്പെട്ടു കഴിഞ്ഞു. ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ബാക്കിയുള്ളവരെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. 20 പേര്‍ വിദേശികളാണ്. ഇവരെയും നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























