കൊറോണക്കൊപ്പം ഭീതിപടർത്തി പക്ഷിപ്പനി വ്യാപിക്കുന്നു .. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗബാധിത പ്രദേശത്തെ കോഴി, താറാവ്, ഓമനപ്പക്ഷികള്‍ തുടങ്ങിയവയെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണ്..കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്

കൊറോണക്കൊപ്പം ഭീതിപടർത്തി പക്ഷിപ്പനി വ്യാപിക്കുന്നു .. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി രോഗബാധിത പ്രദേശത്തെ കോഴി, താറാവ്, ഓമനപ്പക്ഷികള്‍ തുടങ്ങിയവയെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണ്..കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
വേങ്ങേരി, വെസ്റ്റ് കൊടിയത്തൂര്‍ പ്രദേശങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗബാധിത പ്രദേശങ്ങളിലെ വളര്‍ത്തു പക്ഷികളെ കൊന്ന് തീയിട്ടു നശിപ്പിക്കുകയാണ് . മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുത കര്‍മ്മസേന ഇതു വരെ 7427 പക്ഷികളെ കൊന്നു.
പക്ഷിപ്പനിയുടെ പ്രഭവസ്ഥാനത്തിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള സൂക്ഷ്മനിരീക്ഷണ പ്രദേശത്ത് ഇന്ന് മുതല്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിലുള്ളവര്‍ക്ക് ആരോഗ്യവകുപ്പ് അധികൃതര്‍ പ്രതിരോധ മരുന്നുകളും നല്‍കും. ഇതിനെല്ലാം മുന്നോടിയായി പ്രതിരോധ നടപടികളില്‍ ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ വാഹനങ്ങളില്‍ അനൗണ്‍സ്‌മെന്റും നടത്തുന്നുണ്ട്
രോഗവ്യാപനം ഫലപ്രദമായി ചെറുക്കുന്നതിനായി പക്ഷിപ്പനി പ്രഭവസ്ഥലങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള കോഴി, താറാവ്, ഓമനപ്പക്ഷികള്‍ തുടങ്ങിയവയെയാണ് കൊന്ന് തീയിട്ടു നശിപ്പിക്കുന്നത്. അവയുടെ മുട്ട, തീറ്റ തുടങ്ങിയ അനുബന്ധ സാമഗ്രികളും കത്തിച്ചു .
ദൗത്യത്തിന്റെ അവസാന ദിനമായ ഇന്നലെ 1351 പക്ഷികളെ കൊല്ലുകയും 1139 മുട്ടകളും 226.55 കിലോഗ്രാം തീറ്റയും നശിപ്പിക്കുകയും ചെയ്തു. താഴമ്പാട്ട് താഴം, മാളിക്കടവ് ഭാഗങ്ങളില്‍ തൂവലോടെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന കോഴികളെയും നശിപ്പിച്ചതായി അധികൃതർ പറഞ്ഞു . കോഴികളുടെയും വളര്‍ത്തുപക്ഷികളുടെയും വില കണക്കാക്കി നഷ്ടപരിഹാരത്തിനായി സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
കടകളിലുള്ള കോഴികളെ ഇക്കാലയളവില്‍ ഭക്ഷണം നല്‍കി സംരക്ഷിക്കാനാണ് നിര്‍ദേശം. ഈ കോഴികളെ യാതൊരു കാരണവശാലും വില്‍ക്കാന്‍ പാടില്ല.
പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയില്‍ നിന്ന് മറ്റിടങ്ങളിലേക്ക് കോഴികളെയും പക്ഷികളെയും കൊണ്ടുപോകുന്നത് തടയാന്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് നിരീക്ഷണവും പരിശോധനയും ശക്തമാക്കി. ഹോട്ടലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും കോഴി വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കാനാണ് നിര്‍ദേശം. ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം
കടലുണ്ടിപക്ഷി സങ്കേതത്തില്‍ ദേശാടനപക്ഷികളെത്തുന്നത് തടയാന്‍ വനം വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെരുവള്ളൂരില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തെ തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധന ഫലം നെഗറ്റീവാണ്.
പക്ഷിപ്പനിയുടെ കാര്യത്തില്‍ പരിഭ്രാന്തി വേണ്ടെന്നും മുന്‍കരുതലുണ്ടായാല്‍ മതിയെന്നും അധികൃതര്‍ അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ ബോധപൂര്‍വമുള്ള നിസ്സഹകരണത്തെ നിയമപരമായി നേരിടാനാണ് തീരുമാനം. ആവശ്യഘട്ടത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പൊലീസ് ഇടപെടും
രണ്ടാഴ്ച കൂടുമ്പോള്‍ പക്ഷിപ്പനി മേഖലയിലെ പക്ഷികളുടെ സാമ്പിള്‍ ലാബിലേക്ക് അയക്കും. ആറ് സാമ്പിളുകള്‍ നെഗറ്റീവാണെങ്കില്‍ പ്രദേശത്തെ പക്ഷിപ്പനി വിമുക്തമായി പ്രഖ്യാപിക്കും. അണു നശീകരണ പ്രവര്‍ത്തനങ്ങളില്‍ ദ്രുത കര്‍മ്മ സേനയുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അഭ്യര്‍ത്ഥിച്ചു
അതേസമയം തലസ്ഥാനത്തെ എംഎൽഎ ഹോസ്റ്റൽ കോമ്പൗണ്ടിൽ നിന്നും ബുധനാഴ്ച മൂന്ന് കൊക്കുകളെ ചത്ത നിലയിൽ കണ്ടെത്തിയത് പക്ഷിപ്പനി കാരണമല്ലെന്ന് ജില്ല കലക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. അവിടെ നിന്നും ചത്ത നിലയിൽ കണ്ടെത്തിയ കൊക്കുകൾ ഉണങ്ങി ദ്രവിച്ച നിലയിലായിരുന്നു.
രണ്ട് കൊക്കുകളുടെ കാലുകളിൽ നൂൽ ചുറ്റിയ നിലയിലുമാണ് കാണപ്പെട്ടത്. അത് കാരണം ദിവസങ്ങൾക്ക് മുൻപ് മരത്തിന്റെ മുകളിൽ ഇരുന്ന് ചത്തതാകാമെന്നാണ് ജില്ലാ ചീഫ് വെറ്റിനറി ഓഫീസർ കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ജില്ലയിൽ പക്ഷിപ്പനിയുടെ ആശങ്കയില്ലെന്നും എല്ലാതരത്തിലുമുള്ള മുൻ കരുതലും ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുള്ളതായും കലക്ടർ അറിയിച്ചു
https://www.facebook.com/Malayalivartha


























