ഈട്ടിത്തടികള്‍ മുറിച്ചുകടത്തിയെന്ന കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതി ആക്രമിച്ചു

ഈട്ടിത്തടികള്‍ മുറിച്ചുകടത്തിയെന്ന കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നേരെ പ്രതി വാക്കത്തി വീശിയത് സംഘര്‍ഷത്തിനിടയാക്കി. സംഘര്‍ഷത്തില്‍ 4 വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. വാക്കത്തി വീശീയ പ്രതി ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയിലാണ്. ഏലം കുത്തകപ്പാട്ട ഭൂമിയില്‍ നിന്ന് ഈട്ടിത്തടികള്‍ മുറിച്ചുകടത്തിയ കേസിലെ മൂന്നാം പ്രതിയായ മൂവാറ്റുപുഴ സ്വദേശി കബീറാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നേരെ വാക്കത്തി വീശിയത്. ഒരു സംഘമാളുകള്‍ ചേര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു.
സംഘര്‍ഷത്തിനിടെയാണു വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേല്‍ക്കുകയും കബീറിനു ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ചെയ്തത്. മൂവാറ്റുപുഴ പൊലീസെത്തിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് 5.30-നാണ് സംഭവം. പരുക്കേറ്റ കുമളി റേഞ്ച് ഓഫിസര്‍ കെ.വി. രതീഷ്, ഉദ്യോഗസ്ഥരായ വൈ.മുഹമ്മദ് റഷീദ്, ബിനോയി സെബാസ്റ്റ്യന്‍, പി.ആര്‍.സുധീഷ് എന്നിവര്‍ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കബീര്‍ തൊടുപുഴയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
കേസില്‍ വനം വകുപ്പ് അറസ്റ്റ് 4 പ്രതികളെ ചെയ്തിരുന്നു. 10 പേര്‍ അറസ്റ്റിലാകാനുണ്ട്. തടി മൂവാറ്റുപുഴയിലേക്കു കടത്തിയത് കബീറാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. കൈലാസപ്പാറ ചുരുളിമണിയുടെ പുരയിടത്തില്‍ നിന്നു രണ്ടു മരങ്ങള്‍ മുറിച്ചു നീക്കിയതായി കഴിഞ്ഞ ദിവസം വനം വകുപ്പിനു രഹസ്യ വിവരം ലഭിച്ചിരുന്നു. വനം വകുപ്പ് ഫ്‌ലയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മരങ്ങള്‍ മുറിച്ചതായി കണ്ടെത്തി. തടി കടത്താന്‍ ഉപയോഗിച്ച വാഹനവും കണ്ടെത്തി. 70 ഇഞ്ച് വലുപ്പമുള്ള മരങ്ങളാണ് മുറിച്ചു കടത്തിയത്. തടികള്‍ക്ക് ഒരു ലക്ഷം രൂപ വില വരുമെന്നാണു വനം വകുപ്പിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha


























