മൂന്ന് വർഷങ്ങൾക്ക് ശേഷം ഗൾഫിൽ നിന്ന് വന്നത് രണ്ടാഴ്ച്ച മുമ്പ്; തിരുവനന്തപുരത്ത് ഭാര്യയെയും മകനെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പ്രവാസി ആത്മഹത്യ ചെയ്തു

മൂന്നംഗ കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴക്കൂട്ടം കുളത്തൂരിൽ ശ്രീനാരായണ ലൈബ്രറിക്കു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്ന കന്യാകുളങ്ങര സ്വദേശി സുരേഷ് (35), ഭാര്യ സിന്ധു (30), മകൻ ഷാരോൺ (9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. മൂന്ന് വർഷമായി ഗൾഫിലായിരുന്ന സുരേഷ് രണ്ടാഴ്ച മുമ്പായിരുന്നു നാട്ടിലെത്തിയത്. കന്യാകുളങ്ങരയിൽ ഓട്ടോ ഡ്രൈവറായിരുന്നു സുരേഷ്. ഭാര്യയേയും മകനെയും കഴുത്തുഞെരിച്ച് കൊന്ന ശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വാടക വീട്ടിൽ താമസിച്ചിരുന്ന കുടുംബത്തെ രണ്ടു ദിവസമായി ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനാൽ സുരേഷിന്‍റെ അമ്മ കുളത്തൂരിലെ വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സുരേഷ് തൂങ്ങി മരിച്ച നിലയിലും മറ്റുള്ളവർ മുറിയിൽ മരിച്ച നിലയിലുമായിരുന്നു. മൂന്നു മാസമായി കുടുംബം ഇവിടെ വാടകവീട്ടിലാണ് താമസം. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha


























