വ്യാജ രേഖയുണ്ടാക്കി സഹോദരിയുടെ ഭൂമി തട്ടിയെടുത്ത കേസ്; വ്യവസായിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

വ്യാജരേഖ ചമച്ച് കോടികൾ വിലമതിക്കുന്ന സഹോദരിയുടെ ഭൂമി തട്ടിയെടുത്ത പഴവങ്ങാടി ഭൂമി തട്ടിപ്പ് കേസിൽ വ്യവസായിയായ സഹോദരനെ തിരുവനന്തപുരം രണ്ടാം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് വിവീജ രവീന്ദ്രൻ പോലീസ് കസ്റ്റഡിയിൽ വിട്ടു. കോവിഡ് പ്രതിരോധ നിയന്ത്രണത്തെ തുടർന്ന് പ്രോസിക്യൂഷൻ പ്രത്യേക അനുമതി വാങ്ങിയാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയത്. ഭൂമി തട്ടിപ്പ് കേസിൽ മുഖ്യ പ്രതിയായ വ്യവസായി ബൈജു വസന്തിനെയാണ് ഫോർട്ട് പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകിയത്.
കേസിലെ ഒന്നാം പ്രതിയായ ബൈജുവസന്തിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താൻ കോടതിയിൽ ഹാജരാക്കാൻ ഫോർട്ട് പൊലീസ് തിരുവനന്തപുരം ജുഡിഷ്യൽ മജിസ്ട്രേറ്റ് (രണ്ട്) കോടതിയിൽ പ്രൊഡക്ഷൻ വാറണ്ട് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ കോവിഡ് പ്രതിരോധ നിയന്ത്രണം ഉണ്ടായതിനാൽ ജില്ലാ കോടതി അനുവാദം വേണമെന്ന് മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു. ഇതിൻ്റെ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പബ്ലിക്ക് പ്രോസിക്യൂട്ടർ എസ്. ജയിൽകുമാർ ജില്ലാ കോടതിയുടെ അനുമതിക്ക് അപേക്ഷ നൽകി. പ്രതി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ആളായതിനാൽ കൂടുതൽ തെളിവ് ശേഖരിക്കാൻ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തില്ലെങ്കിൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ വാദമുന്നയിച്ചു. ഇത് പരിഗണിച്ച് പ്രതിയെ കോടതിയിൽ ഹാജരാക്കാൻ അനുമതി നൽകി.
പഴവങ്ങാടിയിലുള്ള ഒന്നര സെൻറ് ഭൂമി ആൾമാറാട്ടം നടത്തി തട്ടിയെടുത്തുവെന്നാണ് കേസ്. സഹോദരിമാരുടെ ഭൂമിയാണ് തട്ടിയെടുത്തത്. പ്രതി നടത്തിയ ഭൂമി തട്ടിപ്പുകളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തണമെന്നും നിലവിൽ നടത്തിയ തട്ടിപ്പിന് കൂട്ട് നിന്നവരെ കുറിച്ചും സബ് രജിസ്ട്രാർ ഓഫീസിലും ബാങ്കിലും കൊണ്ട് പോയി ചോദ്യം ചെയ്യണമെന്നായിരുന്നു കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെട്ടത്. പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ച് പ്രതിയെ രണ്ട് ദിവസം കസ്റ്റഡി നൽകി.
https://www.facebook.com/Malayalivartha

























