വിരലില്‍ കുടുങ്ങിയ നട്ട് ഊരിയെടുക്കാനാവാതെ ബുദ്ധിമുട്ടിയ 9 വയസുകാരന്റെ സഹായത്തിനെത്തിയത് അഗ്‌നിരക്ഷാസേന

നെടുമുടി പൊങ്ങ കോളശേരി ഷിനുകുട്ടന്റെ മകന്‍ അനന്തകൃഷ്ണന്‍ വീടിനു സമീപം കളിക്കുന്നതിനിടെ കിട്ടിയ സ്റ്റീല്‍ നട്ട് കൗതുകത്തിനു വലതു കൈയ്യിലെ മോതിരവിരലില്‍ ഇട്ടുനോക്കി. അത് ഊരാന്‍ ശ്രമിച്ചിട്ടു കഴിയാതെ വന്നപ്പോള്‍ വീട്ടിലെത്തി അച്ഛന്റെ സഹായത്തോടെ വിരലില്‍ സോപ്പ് ഇട്ട് ഊരിമാറ്റാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. അടുത്തുള്ള വര്‍ക്ക്‌ഷോപ്പില്‍ എത്തി പരിശ്രമിച്ചിട്ടും പരാജയപ്പെട്ടു. ഇതിനിടെ കൈവിരലില്‍ സ്റ്റീല്‍ നട്ട് ഉരസി മുറിവും പറ്റി. ഇന്നലെ രാവിലെ 9-മണിയോടെയാണ് സ്റ്റീല്‍ നട്ട് കുടുങ്ങിയത്.
തുടര്‍ന്നാണ് പൊങ്ങ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ അനന്തകൃഷ്ണനേയും കൂട്ടി ആലപ്പുഴ അഗ്‌നിരക്ഷാ നിലയത്തിലെത്തിയത്. കടുത്ത വേദനയുണ്ടായിരുന്നതിനാല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു കൈവിരല്‍ മരവിപ്പിച്ചശേഷം അഗ്‌നിരക്ഷാ സേനാംഗങ്ങളായ കെ.സതീഷ് കുമാര്‍, എന്‍.ആര്‍.ഷൈജു, വി.ആര്‍.ബിജു, എം.മുകേഷ്, അരുണ്‍ ബോസ്, അഭിലാഷ് ശേഖരന്‍ എന്നിവര്‍ ചേര്‍ന്നു സ്റ്റീല്‍ നട്ട് ഊരി മാറ്റി.
കുട്ടികള്‍ക്ക് ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുതിര്‍ന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു അഗ്‌നിരക്ഷാസേന മുന്നറിയിപ്പു നല്‍കി. സ്‌കൂളുകള്‍ക്ക് നീണ്ട അവധിയായതിനാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ജലാശയങ്ങളുള്ള പ്രദേശങ്ങളില്‍ മുതിര്‍ന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അഗ്‌നിരക്ഷാസേന അറിയിച്ചു.
https://www.facebook.com/Malayalivartha

























