പത്രങ്ങളിലൂടെ വിവാഹ പരസ്യം നൽകിയ ശേഷം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച് ആഭരണങ്ങൾ തട്ടിയെടുത്തു സ്ഥലം വിടും; വിവാഹത്തട്ടിപ്പ് വീരൻ പിടിയിൽ

വിവാഹത്തട്ടിപ്പ് വീരൻ പിടിയിൽ. പത്രങ്ങളിലൂടെ വിവാഹ പരസ്യം നൽകിയ ശേഷം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച് ആഭരണങ്ങൾ തട്ടിയെടുത്തു സ്ഥലം വിടുന്നയാളെ പൊലീസ് പിടികൂടി. വയനാട് വൈത്തിരിയിലെ പൊലീസാണ് ഇയാളെ പിടികൂടിയത്. അരീക്കോട് താമസമാക്കിയിട്ടുള്ള ചാലിൽ വീട്ടില്‍ അനീസ് മുഹമ്മദിനെയാണ് വൈത്തിരി സ്‌റ്റേഷൻ ഓഫിസർ കെ.ജി. പ്രവീണും സംഘവും അറസ്റ്റ് ചെയ്തത്. 45കാരനായ ഇയാൾ ചാവക്കാട് സ്വദേശിയാണ്. ഇയാൾ ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം കുറെക്കാലമായി അരീക്കോട്ടാണു ഇയാളുടെ താമസം.
വയനാട് , മീനങ്ങാടി സ്വദേശിയായ യുവതി ഇയാൾ തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് നൽകിയ പരാതിയിന്മേലാണ് അനീസിനെ അറസ്റ്റ് ചെയ്തത്. നിരവധി സ്ത്രീകളെ ഇത്തരത്തിൽ വഞ്ചിച്ചിട്ടുണ്ടെന്നാണ് വൈത്തിരി പൊലീസ് പറയുന്നത്. നേരത്തേയും സമാന തട്ടിപ്പുകൾ നടത്തിയെന്നു പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സ്ത്രീകളെ പല പേരുകളിൽ പരിചയപ്പെട്ട് അടുത്ത ബന്ധം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നടത്തി സ്വർണം തട്ടിയെടുക്കുകയും പീഡിപ്പിക്കുകയും ചെയ്യും. വീട്ടമ്മമാർ ഉൾപ്പെടെ ഒട്ടേറെ പേർ ഇയാളുടെ വലയിലായെന്നു സംശയമുണ്ട്. വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വേറെയും കേസുകളുണ്ട്. കൽപറ്റ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
സമാന രീതിയിൽ ഒട്ടേറെ വിവാഹ തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സഹോദരന്‍ എന്ന പേരില്‍ യുവതികളുടെ വിവാഹ പരസ്യം നല്‍കുകയും. പരസ്യം കണ്ട് ബന്ധപ്പെടുന്നവരെ സൗന്ദര്യവതികളായ യുവതികളുടെ ഫോട്ടോകള്‍ കാണിച്ച് പണം തട്ടിയെടുത്ത വിരുതനെ ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. തിരുവനന്തപുരംചെമ്പഴന്തി പങ്കജം നിവാസില്‍ വിഷ്ണുവാണ് (25) പിടിയിലായത്.
പുനര്‍വിവാഹത്തിനായി രജിസ്റ്റര്‍ ചെയ്ത യുവതീയുവാക്കളെ, വ്യാജ പ്രൊഫൈല്‍ ഐ.ഡി.കള്‍ ഉപയോഗിച്ച് വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് വാഗ്ദാനം ചെയ്ത് അടുപ്പത്തിലാവുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ഈ അടുപ്പം ഉപയോഗിച്ച് വാട്‌സ് ആപ്പ് വഴി സൗഹൃദത്തിലാവും. അതിനുശേഷമാണ് പണം തട്ടുന്നത്. തനിക്ക് അപകടം സംഭവിച്ചെന്നും ചികിത്സയ്ക്ക് പണം വേണമെന്നും പറഞ്ഞാണ് പലരില്‍നിന്നും പണം തട്ടിയെടുത്തിട്ടുള്ളത്.
ചേലക്കര സ്വദേശിയുടെ പ്രൊഫൈലിലേക്ക് ആതിര എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഐ.ഡി. വഴി പരിചയത്തിലാവുകയും 1.75 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായുള്ള പരാതിയിലായിരുന്നു അറസ്റ്റ്. വാട്‌സ് ആപ്പിലൂടെ മാത്രം ബന്ധം പുലര്‍ത്തിയ പ്രതി നേരിട്ട് കാണാനോ സംസാരിക്കാനോ തയ്യാറാകാതെയാണ് തട്ടിപ്പ് നടത്തിയത്. സമാനരീതിയില്‍ സ്ത്രീകളെയും പ്രതി പറ്റിച്ച് പണം തട്ടിയെടുത്തിട്ടുണ്ട്.
വിവാഹത്തട്ടിപ്പ് നടത്തുന്നതിൽ പുരുഷന്മാരും സ്ത്രീകളും ഒട്ടും പിന്നിലല്ല. കുമരകത്ത് കല്യാണ തട്ടിപ്പ് നടത്തിയ വീട്ടമ്മ, യുവാവിനെ കബളിപ്പിച്ചത് അയൽവക്കത്തെ സുന്ദരിയായ നൃത്താധ്യാപികയുടെ ചിത്രം കാണിച്ചുകൊണ്ടാണ്. വിവാഹത്തിന്‍റെ തലേദിവസമാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് കണ്ണൂർ സ്വദേശിയായ യുവാവിന് മനസിലായത്. വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായശേഷമാണ് തളിപ്പറമ്പ് കൂവേരി കാക്കാമണി സ്വദേശിയായ വിഗേഷിന് തട്ടിപ്പ് മനസിലായത്. ഫേസ്ബുക്കിൽ വ്യാജ ഐഡി ഉണ്ടാക്കിയശേഷമാണ് അയൽവാസിയായ യുവതിയുടെ ഫോട്ടോ നൽകി യുവാവിനെ കബളിപ്പിച്ച് വീട്ടമ്മയായ റെജി രാജു വിവാഹം ഉറപ്പിച്ചത്. വിദഗ്ദ്ധമായി കല്യാണം ഉറപ്പിച്ചും, കൂടിക്കാഴ്ചകൾ ഒഴിവാക്കിയുമാണ് റെജി രാജു, വിഗേഷിനെ കുടുക്കിയത്.
https://www.facebook.com/Malayalivartha

























