പെട്രോള്‍, ഡീസല്‍ നികുതി വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

പെട്രോള്‍, ഡീസല്‍ നികുതി വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. രാജ്യം സാമ്പത്തിക മാന്ദ്യം അനുഭവിക്കുമ്പോള്‍ അന്താരാഷ്ട്ര വിപണിയിലെ വില കുറവിന്റെ നേട്ടം ജനങ്ങള്‍ക്ക് കൈമാറുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും ഐസക് പറഞ്ഞു. കോര്‍പ്പറേറ്റുകള്‍ക്ക് വന്‍ നികുതി ഇളവ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നു.
എന്നാല്‍, ഇവരാരും രാജ്യത്ത് നിക്ഷേപം നടത്തിയില്ല. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ വലിയ വിലക്കയറ്റമുണ്ടായേക്കാം. ഈയൊരു സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍ വില കുറക്കുകയാണ് വേണ്ടതെന്നും ഐസക് ചൂണ്ടിക്കാട്ടി. കോവിഡ് 19 വൈറസ് ബാധമൂലം 2008ന് സമാനമായ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. ഒ.ഇ.സി രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ആഗോളവളര്‍ച്ച 2.4 ശതമാനമായി താഴുമെന്ന് വ്യക്തമാക്കിയിരുന്നു.
കോവിഡ് 19 മഹാമാരിയായി മാറുകയാണെങ്കില്‍ വളര്‍ച്ച 1.6 ശതമാനമായി കുറയുമെന്നും ഏജന്‍സി വ്യക്തമാക്കിയിരുന്നു. ആഗോള വളര്‍ച്ചാ നിരക്ക് 2.5 ശതമാനത്തിലേക്ക് താഴുമ്പോഴാണ് ഐ.എം.എഫ് മാന്ദ്യമുണ്ടെന്ന് പ്രഖ്യാപിക്കുന്നതെന്നും ഐസക് പറഞ്ഞു.
"
https://www.facebook.com/Malayalivartha

























