വിദേശത്തു നിന്നു തോട്ടണ്ടി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കും

വ്യവസായികളെ കബളിപ്പിച്ച് തോട്ടണ്ടി ഇടപാടില്‍ കോടികള്‍ തട്ടിയെടുത്ത കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിടാന്‍ ജില്ലാ പൊലീസ് തീരുമാനിച്ചു. ഇതിനായി സംസ്ഥാന പൊലീസ് മേധാവിയുടെ അനുവാദം തേടി റിപ്പോര്‍ട്ട് അയച്ചു. കുറഞ്ഞ വിലയ്ക്ക് വിദേശത്തു നിന്നു തോട്ടണ്ടി നല്‍കാമെന്ന് പറഞ്ഞ് 34 കോടിയോളം രൂപ നാല് പേരില്‍ നിന്നും തട്ടിയെടുത്തതായാണ് കേസ്. കേസിലെ മുഖ്യപ്രതി അനീഷ്ബാബുവിന്റെ വിദേശബന്ധങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് എസ്പി ഹരിശങ്കര്‍ അറിയിച്ചു. നിലവില്‍ ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്.
വിദേശത്തെ ബാങ്കുകളിലും ടാന്‍സാനിയയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും തട്ടിയെടുത്ത പണത്തില്‍ ഒരു പങ്ക് നിക്ഷേപിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ അന്വേഷണങ്ങള്‍ക്ക് ഇന്റര്‍പോള്‍ സഹായം വേണ്ടി വരും. ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്താണ് ഇന്റര്‍പോള്‍ നോഡല്‍ ഓഫിസര്‍. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം സ്റ്റേറ്റ് യൂണിറ്റിന് കൈമാറുന്നത്.
കേസില്‍ അനീഷ്ബാബുവിന് പുറമേ 5 പ്രതികള്‍ കൂടി ഉണ്ട്. ഇവരെല്ലാം ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന വിവരം. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നിര്‍ണായകമായ പല രേഖകളും ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തിലാണ് അന്വേഷണം.
https://www.facebook.com/Malayalivartha

























