കോവിഡ്: ആരോഗ്യ വകുപ്പിന്റെ പരിശോധനയ്ക്കും പൊലീസിന്റെ നടപടിക്രമങ്ങള്‍ക്കും വിസമ്മതിച്ച് സ്‌പെയിന്‍ സ്വദേശി

ഇക്കഴിഞ്ഞ 6-ന് കേരളം സന്ദര്‍ശിക്കാനായി ഇന്ത്യയിലെത്തിയ സ്‌പെയിന്‍ സ്വദേശിയായ മുപ്പതുകാരന്‍, ഡല്‍ഹിയില്‍ വിമാനമിറങ്ങിയ അദ്ദേഹം ആദ്യം ഹൈദരാബാദിലും പിന്നീട് കോയമ്പത്തൂരിലും വിമാനമാര്‍ഗമെത്തി. കോയമ്പത്തൂരില്‍ നിന്ന് കഞ്ചിക്കോട്ടെ ഹോട്ടലില്‍ താമസ സൗകര്യവും ഏര്‍പ്പെടുത്തി.
ഇന്നലെ വൈകിട്ടോടെ റോഡ് മാര്‍ഗം അദ്ദേഹം കഞ്ചിക്കോട്ടെത്തിയിരുന്നു. കഞ്ചിക്കോട്ടെത്തിയ സ്‌പെയിന്‍ സ്വദേശി കോവിഡ്-19 രോഗത്തിന്റെ പശ്ചാത്തലത്തിലുള്ള ആരോഗ്യ വകുപ്പിന്റെ പരിശോധനയ്ക്കും പൊലീസിന്റെ നടപടിക്രമങ്ങള്‍ക്കും വിസമ്മതിച്ച് കോയമ്പത്തൂരിലേക്കു പോയി. ഇന്നലെ രാത്രിയോടെയാണു സംഭവം.
സ്‌പെയിന്‍ സ്വദേശിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നേരത്തെ ലഭിച്ച വിവര പ്രകാരം ആരോഗ്യ വകുപ്പും പൊലീസും പ്രദേശത്ത് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഹോട്ടലില്‍ എത്തുന്ന സ്‌പെയിന്‍ സ്വദേശിക്ക് ആരോഗ്യ സുരക്ഷയും മറ്റു സൗകര്യങ്ങളും ഒരുക്കണമെന്നും ഡിഎംഒ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഇദ്ദേഹത്തെ സന്ദര്‍ശിച്ചു.
സന്ദര്‍ശന കാര്യവും മറ്റും ചോദിച്ചറിയുന്നതിനിടെ അദ്ദേഹം പ്രകോപിതനായി. ഡല്‍ഹിയിലും മറ്റും പരിശോധന പൂര്‍ത്തിയായ ശേഷമാണ് കഞ്ചിക്കോട്ടെത്തിയതെന്നും ഇനി ഒരു തരത്തിലുള്ള പരിശോധനയ്ക്കും സഹകരിക്കില്ലെന്നും അദ്ദേഹം ഉദ്യോഗസ്ഥരോടു പറഞ്ഞു. ഉടന്‍ തന്നെ ഹോട്ടല്‍ റൂം ഒഴിയുകയാണെന്നു കാണിച്ച് അദ്ദേഹം കോയമ്പത്തൂരില്‍ നിന്ന് തനിക്കു പോവാനുള്ള കാര്‍ വിളിച്ചുവരുത്തി.
ഡോക്ടറുടെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തും മുന്‍പ് അദ്ദേഹം കാറില്‍ കയറി കോയമ്പത്തൂരിലേക്കു മടങ്ങി. എന്നാല്‍ കാറും നമ്പറും ഡ്രൈവറുടെ മൊബൈല്‍ നമ്പറും ശേഖരിച്ച് നിരീക്ഷണം ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























