അച്ചാച്ചന്‍ മടങ്ങിയത് അതറിയാതെ; കയ്യെത്തും ദൂരത്തുണ്ടായിട്ടും പിതാവിന്റെ ചേതനയറ്റ മുഖം അവസാനമായി നേരിട്ട് കാണാൻ കഴിയാത്ത ആ അവസ്ഥ; ഒടുവിൽ റിസള്‍ട്ട് വന്നു, ലിനോയ്ക്ക് വൈറസ് ബാധയില്ല

കൊറോണ കാലത്തെ വലിയൊരു ദുഃഖമായിരുന്നു ലിനോ ആബേല്‍. കയ്യെത്തും ദൂരത്തുണ്ടായിട്ടും പിതാവിന്റെ ചേതനയറ്റ മുഖം അവസാനമായി നേരിട്ട് കാണാൻ കഴിയാത്ത അവസ്ഥ, അത് എത്രത്തോളം ചങ്ക് പറിച്ചെടുക്കുന്നതാണെന്ന് അനുഭവിച്ചറിയുന്നവർക്ക് കഠിനമാണ്. പിതാവിന്റെ മുഖം അവസാനമായി വീഡിയോ കോളിലൂടെ കാണേണ്ടിവന്ന ലിനോ ആബേല്‍ എന്ന യുവാവിന്റെ അനുഭവം ഏവരുടെയും മനസ്സിൽ ഒരു നൊമ്പരമാണ്. ഒടുവില്‍ ടെസ്റ്റ് റിസള്‍ട്ട് വന്നു, നെഗറ്റിവ്. ലിനോയ്ക്ക് കൊവിഡ് ഇല്ല. ഈ സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ പക്ഷേ അച്ചാച്ചന്‍ ഇല്ല. അവസാനമായി മകനെ ഒരു നോക്കു കാണാനാവാതെയാണ് ആ പിതാവ് യാത്രയായത്.
ആശുപത്രിയിലായ അച്ഛനെ കാണാന്‍ ഗള്‍ഫില്‍നിന്നെത്തി, സ്വമേധയാ കൊറോണ മുന്‍കരുതലിനു വിധേയനായ ലിനോയുടെ കുറിപ്പ് കഴിഞ്ഞ ദിവസം കേരളം ഹൃദയത്തോടു ചേര്‍ത്തിരുന്നു. ലിനോ ഐസൊലേഷനില്‍ കഴിയുമ്ബോള്‍ തൊട്ടപ്പുറത്ത് പിതാവ് മകനെക്കാണാതെ ജീവിതത്തില്‍നിന്നു മടക്കത്തിലായിരുന്നു. ലിനോയ്ക്ക് സ്വന്തം പിതാവിന്റെ ഭൗതിക ശരീരം കൊണ്ടുപോവുന്നത് ദൂരെ ജനലിലൂടെ കണ്ടുനില്‍ക്കാന്‍ മാത്രമേ ആയുള്ളൂ. ലിനോയുടെ ഈ കരുതല്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വാര്‍ത്താ സമ്മേളനത്തില്‍ എടുത്തു പറഞ്ഞിരുന്നു. കുടുംബക്കാര്‍ക്കും നാട്ടിലുള്ളവര്‍ക്കും താനായിട്ടു രോഗം പടര്‍ത്തില്ല എന്നുറപ്പിച്ചതുകൊണ്ടു മാത്രമാണു ലിനോക്ക് പിതാവിനെ കാണാന്‍ കഴിയാതിരുന്നത്. ലിനോയുടെ സാമൂഹിക പ്രതിബദ്ധത അംഗീകരിക്കപ്പെടേണ്ട ഒന്നുതന്നെയാണ്.
കോവിഡ് 19 , ലോകം മുഴുവൻ ഭീതി വിതച്ച് പടർന്നു പന്തലിക്കുകയാണ്. രോഗത്തെ വേരോടെ പറിച്ചെറിയാനുള്ള കഠിനപ്രയത്നത്തിലാണ് ആരോഗ്യവകുപ്പ് . നിയന്ത്രണങ്ങളും നിയമങ്ങളും കൂടുതൽ ശക്തമാക്കി ഈ മഹാമാരിയെ തടയാനുള്ള ശ്രമത്തിലാണ് അധികൃതർ. പൊതു അവധി പ്രഖ്യാപിച്ചും യാത്ര വിലക്കേർപ്പെടുത്തിയും ഒക്കെ എങ്ങനെയെങ്കിലും ഈ ദുരന്തത്തിന്റെ വ്യാപ്തി തടയാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് നമ്മുടെ ഭരണാധികാരികൾ .
രോഗം പകരും എന്ന ഒരു കാരണം കൊണ്ടുമാത്രം പ്രിയപെട്ടവരെയെല്ലാം കയ്യെത്താദൂരത്ത് നിർത്തിക്കൊണ്ട് ജീവിത സ്വപ്നങ്ങൾക്കു നിറം പിടിപ്പിക്കാൻ പ്രവാസത്തിന്റെ മേലങ്കിയണിഞ്ഞവർ ഇപ്പോൾ തങ്ങൾക്ക് പ്രിയപെട്ടവരെ ഒന്ന് കാണാൻ കൊറോണ വൈറസിന്റെ ദയ കാത്തു കഴിയേണ്ട അവസ്ഥയിലാണ്. കൂടപ്പിറപ്പു മരിച്ചിട്ടും ആ മുഖം ഒരു നോക്ക് കാണാൻ സാധിക്കാതെ കുവൈറ്റിൽ കഴിയുന്ന കൊല്ലത്തെ അഭിലാഷും ഇറ്റലിയിൽ നിന്നും എങ്ങനെയെങ്കിലും പ്രിയപെട്ടവരുടെ അടുത്തേക്ക് എത്തിയാൽ മതി എന്ന അപേക്ഷയുമായി കഴിയുന്ന മലയാളികളും അവരിൽ ചിലർ മാത്രം. അങ്ങനെ നമ്മൾ അറിഞ്ഞും അറിയാതെയും പോകുന്ന നിരവധിപേർ.
കർശന നിയന്ത്രണമാണ് അധികാരികൾ കൈക്കൊള്ളുന്നത്. എങ്ങും ആശങ്കയാണ്. പനി ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ആശങ്കങ്ങള്‍ക്കൊടുവില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി സമീപത്തെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടുപോകാത്ത സാഹചര്യത്തിലാണ് ആലപ്പുഴ സ്വദേശിയായ സത്യരാജിന്റെ മൃതദേഹം കളമശേരിയില്‍ സംസ്‌കരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് കരിങ്ങാംതുരുത്തിലെ വാടക വീട്ടില്‍ സത്യരാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡ് ബാധിച്ച് മരിച്ചെന്ന ഭീതിയില്‍ നാട്ടുകാര്‍ ആരും രണ്ടുദിവസവും വീടിന് സമീപത്തേക്ക് അടുത്തില്ല. ഇന്നലെ രാവിലെ 9ന് വരാപ്പുഴ പൊലീസ്, ആലങ്ങാട് പഞ്ചായത്ത് അംഗം എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം വീട്ടില്‍ നിന്ന് നീക്കി. മെഡിക്കല്‍ സംഘം സ്ഥലത്തെത്തി രക്തം പരിശോധനയ്ക്കായി ശേഖരിച്ചു. പരിശോധനാ ഫലം അടുത്ത ദിവസം ലഭിക്കും.
https://www.facebook.com/Malayalivartha

























