നാട് മുടിക്കുന്നവര്‍... ഒരു നാട് ഒന്നാകെ കൊറോണ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടറങ്ങവേ അതിനെയെല്ലാം തുരങ്കം വച്ച് ചില പ്രവാസികള്‍; വിദേശത്തു നിന്നും വന്നകാര്യം മറച്ച് മലപ്പുറം സ്വദേശികള്‍ തിരിച്ചറിയാതിരിക്കാന്‍ വയനാട് മേപ്പാടിയിലെ ഹോംസ്‌റ്റേയില്‍ താമസിച്ചു; പോലീസ് കേസെടുത്തു

180 ലധികം രാജ്യങ്ങളില്‍ കൊറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ലോകമെങ്ങും അതിവ ജാഗ്രതയിലാണ്. ദിവസം തോറും കൊറോണ കേസുകള്‍ ഇവിടേയും റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ കേരളവും മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. കൊറോണയെ പ്രതിരോധിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ വിദേശത്തു നിന്നും വന്ന ചിലര്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തയ്യാറാകുന്നില്ല. അതിനവര്‍ പല മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. ഇതവര്‍ കേരളത്തോട് ചെയ്യുന്ന വലിയ ക്രൂരതയാണ്.
പത്തനംതിട്ടയില്‍ ഒരു കുടുംബം വീട് വിട്ട് പോയതിന് പിന്നാലെ വിദേശത്തുനിന്നെത്തിയ മലയാളികള്‍ ഹോട്ടലില്‍ ഒളിച്ചു താമസിച്ചു. മലപ്പുറം സ്വദേശികള്‍ വയനാട് മേപ്പാടിയിലെ ഹോംസ്‌റ്റേയിലാണു താമസിച്ചത്. വിദേശത്തുനിന്ന് വന്നതാണെന്ന കാര്യം ഇവര്‍ മറച്ചുവയ്ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. കോവിഡ് രോഗ ഭീഷണിയുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലേക്ക് ആളുകളുടെ പ്രവേശനം നിയന്ത്രിച്ചതിനു പിന്നാലെയാണു ഇക്കാര്യം പുറത്തുവന്നത്.
കര്‍ണാടകയിലും തമിഴ്‌നാട്ടിലും കേരളത്തിലെ മറ്റു ജില്ലകളിലും കോവിഡ് സ്ഥിരീകരിച്ചതോടെ, രണ്ടു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട് കനത്ത ജാഗ്രതയിലാണ്. കോവിഡ് സ്ഥിരീകരിച്ച ജില്ലകളിലേതുപോലെ വരും ദിവസങ്ങളില്‍ ഇവിടെയും കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കുമെന്ന സൂചനയുണ്ട്. അയല്‍ജില്ലകളില്‍നിന്നു വയനാട്ടിലേക്കുള്ള വാഹനഗതാഗതം നിയന്ത്രിച്ചു.
മറ്റു ജില്ലകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വയനാട്ടിലെത്തുന്നയായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു തീരുമാനമെന്നു കലക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു. ലക്കിടി, ബോയ്‌സ് ടൗണ്‍, നിരവില്‍പുഴ, പേരിയ എന്നിവിടങ്ങളില്‍ പൊലീസ് ആരോഗ്യവകുപ്പ് സംയുക്ത ടീമുകള്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ജില്ലയില്‍ പ്രവേശിക്കാനെത്തുന്നവരെ പരിശോധിച്ചു തിരിച്ചയയ്ക്കും. എങ്കിലും ഇന്നുമുതല്‍ വയനാട്ടില്‍ അവശ്യസര്‍വീസുകള്‍ക്കു മുടക്കമുണ്ടാകില്ല.
കടകളെല്ലാം രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയെങ്കിലും തുറന്നുപ്രവര്‍ത്തിക്കും. പച്ചക്കറിക്കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍ എന്നിവ സാധാരണപോലെ രാവിലെ മുതല്‍ രാത്രി വരെ തുറക്കാനാണു വ്യാപാരി വ്യവസായി സംഘടനകളുടെ തീരുമാനം. പഞ്ചായത്ത് അടിസ്ഥാനത്തില്‍ പട്ടികവര്‍ഗ കോളനികളില്‍ നിന്നും കര്‍ണാടകയില്‍ ജോലിക്ക് പോയവരുടെ സ്ഥിതിവിവരങ്ങള്‍ ജില്ലാ ഭരണകൂടം ശേഖരിച്ചു. മൂവായിരത്തോളം കോളനികളാണു ജില്ലയിലുള്ളത്. ഇതില്‍ 530 കോളനികളില്‍ ഇന്നലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. 1677 പേര്‍ ജോലിക്ക് പോയതായി കണ്ടെത്തി. ഇതില്‍ 883 പേര്‍ തിരികെയെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്നലെ 15 പേര്‍ക്കു കൂടിയാണ് കോവിഡ്19 സ്ഥിരീകരിച്ചു. പുതുതായി അഞ്ചു പേര്‍ക്ക് രോഗം സ്ഥിരീകരിച്ച കാസര്‍ഗോഡ് ജില്ലയില്‍ സര്‍വതിനും നിയന്ത്രണമായി. കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യത്തു രോഗബാധിതരുള്ള 75 ജില്ലകളില്‍ അവശ്യസേവനങ്ങള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്നു കാബിനറ്റ് സെക്രട്ടറിയും സംസ്ഥാന ചീഫ് സെക്രട്ടറിമാരും പങ്കെടുത്ത ടെലി കോണ്‍ഫറന്‍സില്‍ തീരുമാനം.
എല്ലായിടത്തും സാഹചര്യമനുസരിച്ച് തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവലോകനത്തിനായി ഇന്ന് ഉന്നതതല യോഗം ചേരും. സംസ്ഥാനത്ത് ഏഴല്ല, ഒന്‍പത് ജില്ലകളിലെങ്കിലും കര്‍ശന ജാഗ്രത വേണമെന്നും ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























