കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച തുടക്കമാകും...

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഞായറാഴ്ച്ച തുടക്കമാകും. രണ്ടു ദിവസം അഷ്ടമി വരുന്നതിനാൽ ഇക്കുറി മഹോത്സവം 10 ദിവസമുണ്ട്. ഒക്ടോബർ 20നാണ് പ്രധാന ചടങ്ങായ പുഷ്പരഥോത്സവം. അന്ന് രാവിലെ 8.45ന് പുഷ്പങ്ങളാൽ അലങ്കരിച്ച രഥത്തിൽ ദേവി എഴുന്നള്ളും. ദേവീവിഗ്രഹത്തെ രഥത്തിലേറ്റി ശ്രീകോവിലിന് ചുറ്റും മൂന്ന് തവണ രഥം വലിക്കും.
പുഷ്പരഥോത്സവത്തിന് മുന്നോടിയായി ചണ്ഡികായാഗവും നടക്കും. 21ന് വിജയദശമി നാളിൽ പുലർച്ചെ 3 മണിക്ക് നട തുറക്കുന്നതോടെ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമാകും. അന്ന് വൈകുന്നേരം നടക്കുന്ന വിജയരഥോത്സവത്തോടെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമാകുന്നതാണ്.
ഒക്ടോബർ 11ന് നവരാത്രി ആഘോഷങ്ങൾ ആരംഭിക്കുന്നത് മുതൽ നിത്യേന വിവിധ പൂജകൾ ഉണ്ടാകും. ശതരുദ്രാഭിഷേകം, മഹാനൈവേദ്യം, മംഗളാരതി, ദീപാരാധന, പ്രദോഷ പൂജ എന്നിവ നടക്കും. മുഖ്യ അർച്ചകനും തന്ത്രിയുമായ ഡോക്ടർ കെ.രാമചന്ദ്ര അഡിഗ കാർമികത്വം വഹിക്കും. 10 ദിവസങ്ങളിലും വിവിധ കലാപരിപാടികൾ നടക്കും.
വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കൊല്ലൂരിലെത്തുന്ന ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ മൂകാംബിക ക്ഷേത്രം ട്രസ്റ്റ് സജ്ജമാക്കി. ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘം കൊല്ലൂരിൽ ക്യാംപ് ചെയ്യും. തിരക്ക് നിയന്ത്രിക്കാനും നിർദേശങ്ങൾ നൽകാനും കൂടുതൽ പോലീസിനെയും സന്നദ്ധ പ്രവർത്തകരെയും വിന്യസിച്ചിട്ടുണ്ട്. ബൈന്ദൂർ, ഉഡുപ്പി ഭാഗങ്ങളിൽ പ്രത്യേകം ബസ് സർവീസുകൾ തുടങ്ങി. ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും നവരാത്രി സീസണു വേണ്ടി തയ്യാറെടുപ്പുകൾ സജ്ജമാക്കിയിട്ടുണ്ട്.
"https://www.facebook.com/Malayalivartha

























