ഹൈദരാബാദിൽ ഇന്ത്യയിലെ ആദ്യ ക്യാംപസ് സ്ഥാപിക്കാൻ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ

അമേരിക്കയിലെ പ്രമുഖ പൊതുസർവകലാശാലയായ യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ഡെൻവർ (സിയു ഡെൻവർ) ഹൈദരാബാദിൽ ക്യാംപസ് സ്ഥാപിക്കുന്നതിന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷനിൽ (യുജിസി) നിന്ന് ലെറ്റർ ഓഫ് ഇന്റന്റ് (എൽഒഐ) നേടി. ഇന്ത്യയിൽ ഡിഗ്രി നൽകുന്ന ക്യാംപസ് സ്ഥാപിക്കാൻ അനുമതി ലഭിക്കുന്ന ആദ്യ അമേരിക്കൻ പൊതുസർവകലാശാലയും തെലങ്കാനയിലെ ആദ്യ വിദേശ സർവകലാശാലയുമാണ് സിയു ഡെൻവർ. ആദ്യ ബാച്ച് 2027 ഓഗസ്റ്റിൽ ആരംഭിക്കാനാണ് ലക്ഷ്യം.
ബിസിനസ്, കംപ്യൂട്ടിംഗ്, എൻജിനീയറിംഗ്, അനലിറ്റിക്‌സ് തുടങ്ങിയ തൊഴിൽ സാധ്യതയേറിയ മേഖലകളിൽ കോഴ്‌സുകൾ നൽകാനാണ് പദ്ധതി. അക്കാദമിക് പഠനത്തിനൊപ്പം പ്രായോഗിക പരിശീലനം, അന്തർവിഷയ പഠനം, കരിയർ കേന്ദ്രീകൃത വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രാധാന്യം നൽകും.
ഇന്ത്യയിലെ ക്യാംപസിൻ്റെ സ്ഥാപനം വിജയകരമായി നടപ്പാക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി ആഗോള വിദ്യാഭ്യാസ കമ്പനിയായ എമെറിറ്റസ്, സിയു ഡെൻവറിൻ്റെ തന്ത്രപരമായ ജോയിന്റ് വെഞ്ചർ പങ്കാളിയായി പ്രവർത്തിക്കും. 1973ൽ സ്ഥാപിതമായ സിയു ഡെൻവറിൽ ഏകദേശം 14,000 വിദ്യാർഥികളുണ്ട്. 100ലേറെ രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം പൂർവവിദ്യാർഥികളുള്ള സർവകലാശാലയെ കാർനെഗി കമ്മീഷൻ ആർ1 ഗവേഷണ സ്ഥാപനമായി തരംതിരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























