കൊറോണപ്പേടി... ഹോട്ടലുകളും നിര്‍മ്മാണ മേഖലയും പ്രതിസന്ധിയില്‍; കേരളം കൂടുതലും ആശ്രയിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക്

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് പോകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതോടെ പ്രതിസന്ധി നേരിടുന്നത് ഭക്ഷണശാലകളും നിര്‍മ്മാണ മേഖലയുമാണ്. നാട്ടില്‍ ഹോട്ടല്‍ തൊഴിലിന് ആളുകളെ കിട്ടാത്തതും പലരും ജോലിയില്‍ കയറിയാലും അവധിയെടുക്കുന്നതുമാണ് അന്യസംസ്ഥാന തൊഴിലാളികളിലേക്ക് തിരിയാന്‍ ഉടമകളെ പ്രേരിപ്പിക്കുന്നത്. ഹോട്ടല്‍ മേഖലയില്‍ 25ലക്ഷം തൊഴിലാളികള്‍ ഉള്ളതില്‍ അഞ്ച് ലക്ഷത്തോളം പേരും ബംഗാളികളും ആസാമികളുമാണ്. ഭൂരിഭാഗം സ്ഥാപനങ്ങളിലും ദിവസക്കൂലിക്കാണ് ഇവര്‍ ജോലി ചെയ്യുന്നത്. പത്ത് മാസത്തോളം സ്ഥിരമായി ജോലി ചെയ്താല്‍ രണ്ട് മാസം ലീവില്‍ നാട്ടില്‍ കഴിയുന്നതാണ് ഇവരുടെ രീതി. ഇതുകൊണ്ട് തൊഴിലാളികളുടെ ക്ഷാമം പൊതുവെ ഹോട്ടല്‍ മേഖല അനുഭവിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഇപ്പോള്‍ കൊറോണ മുന്നറിയിപ്പുകള്‍ക്കിടെ അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ സ്ഥലംവിടുന്നത്. ചിലര്‍ ഹോട്ടലുടമകളെ അറിയിക്കാതെ പോയെന്നും പറയുന്നു. നിര്‍മ്മാണ തൊഴില്‍ മേഖലയിലും സമാനമായ പ്രതിസന്ധിയാണ്. കടുത്ത വേനലിലും മുടക്കമില്ലാതെ ജോലിക്കെത്തുന്നവരാണ് അന്യസംസ്ഥാന തൊഴിലാളികളെന്നത് കരാറുകാര്‍ക്ക് വലിയ ആശ്വാസമാണ്. 30 ലക്ഷത്തിലേറെ ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തിലുണ്ട്. സാമ്ബത്തിക വര്‍ഷം അവസാനിക്കാനിരിക്കെ റോഡ് പ്രവൃത്തികള്‍ തകൃതിയായി നടന്നുവരവെയാണ് തൊഴിലാളി ക്ഷാമമുണ്ടായിരിക്കുന്നത്. കാര്‍ഷികരംഗത്തും അന്യസംസ്ഥാന തൊഴിലാളികളുടെ പലായനം പ്രതിസന്ധിയുണ്ടാക്കും. അതേസമയം, കൂട്ടത്തോടെ ക്യാമ്ബുകളില്‍ കഴിയുന്ന ഇവര്‍ നാട്ടിലേക്ക് പോകുന്നത് കോറോണ പ്രതിരോധത്തിന് ഗുണകരമാവുമെന്ന് കരുതുന്നവരുമുണ്ട്.
കൊറോണ സംബന്ധിച്ച് സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴിയുള്ള ചില വ്യാജ പ്രചാരണങ്ങളും ഇവരെ ആശങ്കപ്പെടുത്തുന്നുമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പലയിടത്തും അന്യസംസ്ഥാന തൊഴിലാളികള്‍ പലരും വീട്ടിലേക്ക് മടങ്ങുന്നത് കാണാമായിരുന്നു.
പല ട്രെയിനുകളും റദ്ദാക്കിയതും ഇവരില്‍പലരേയും ആശങ്കപ്പെടുത്തി. അടുത്തകാലത്തെങ്ങും വീട്ടിലേക്ക് മടങ്ങാന്‍ കഴിയില്ലേ എന്ന സംശയത്തില്‍ പലരും കിട്ടുന്ന ട്രെയിനുകളില്‍തന്നെ നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ്.
https://www.facebook.com/Malayalivartha


























