കേരളം മാര്‍ച്ച് 31 വരെ ലോക്ക് ഡൗണിലേക്ക്... സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കും; പെട്രോള്‍ പമ്പുകളും മെഡിക്കല്‍ ആവശ്യത്തിനുള്ള കടകളും തുറന്നു പ്രവര്‍ത്തിക്കും; റെസ്‌റ്റോറന്റുകള്‍ അടയ്ക്കും; ഹോം ഡെലിവറി മാത്രമായിരിക്കും അനുവദിക്കുക; അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ അടയ്ക്കില്ലെന്നും മുഖ്യമന്ത്രി

കോവിഡ് 19 രൂക്ഷമാകുന്നതോടെ സംസ്ഥാനത്തെ 14 ജില്ലകളും സമ്പൂര്‍ണമായി അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക് ഡൗണ്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഈ മാസം 31 വരെയാണ് ഉണ്ടാകുക. പൊതുഗതാഗതം നിര്‍ത്തലാക്കും. സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുമെന്നും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കും. പെട്രോള്‍ പമ്പുകളും മെഡിക്കല്‍ ആവശ്യത്തിനുള്ള കടകളും തുറന്നു പ്രവര്‍ത്തിക്കും. റെസ്‌റ്റോറന്റുകള്‍ അടയ്ക്കും. ഹോം ഡെലിവറി മാത്രമായിരിക്കും അനുവദിക്കുക. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ അടയ്ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് നിര്‍ബന്ധിത നിരീക്ഷണം നടപ്പിലാക്കും. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേക താമസ സൗകര്യം ഒരുക്കും. തൊഴില്‍രഹിതരായവര്‍ക്ക് ഭക്ഷണം ഉറപ്പാക്കും. എല്ലാ ജില്ലകളിലും കോവിഡ് പ്രത്യേക ആശുപത്രി തയാറാക്കും. ആരാധനാലയങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ അകലം പാലിക്കണം. സംസ്ഥാനത്ത് കടകള്‍ രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചുവരെ മാത്രമേ തുറക്കാവൂ എന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സംസ്ഥാനത്ത് കൂടുതലായി ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ തുറക്കും. നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷണം വീടുകളിലെത്തിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകള്‍ ശേഖരിക്കാന്‍ ആവശ്യമായ സൗകര്യം നല്‍കും. എന്നാല്‍ മാധ്യമ പ്രവര്‍ത്തകരും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കാസര്‍ഗോഡ് ജില്ലയില്‍ ജനങ്ങള്‍ പുറത്തിറങ്ങരുത്. നിര്‍ദേശം ലംഘിച്ചാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. നിരീക്ഷണത്തിലുള്ളവര്‍ നിയന്ത്രണം ലംഘിച്ചാല്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























