ഇരട്ട സഹോദരന്മാര്‍ മുങ്ങി മരിച്ചു, പിതാവിന്റെ മരണാനന്തര ചടങ്ങിനെത്തിയതായിരുന്നു!

ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് പിതാവിന്റെ മരണത്തെ തുടര്‍ന്ന് വീട്ടിലെത്തിയ ഇരട്ട സഹോദരന്മാര്‍ വീടിനു സമീപം വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. മുതുകുളം തെക്ക് വേലിയില്‍ പുത്തന്‍വീട്ടില്‍ പരേതനായ കെ.ഉദയകുമാറിന്റെ മക്കളായ അഖില്‍ (28), അരുണ്‍ (28) എന്നിവരാണു മരിച്ചത്. ഇക്കഴിഞ്ഞ 18-ന് വിമുക്തഭടനായ പിതാവ് ഉദയകുമാര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇരുവരും വീട്ടിലെത്തിയത്.
ഇന്നലെ രണ്ട് മണിയോടെ സഹോദരീഭര്‍ത്താവ് റജിയുമായി ചേര്‍ന്ന് വെളളക്കെട്ടില്‍ വീണു കിടന്ന മരക്കൊമ്പുകള്‍ കരയ്ക്കു കയറ്റിയശേഷം ഇരുവരും വീണ്ടും ഇറങ്ങിയപ്പോഴായിരുന്നു അപകടം. ജോലി തീര്‍ന്നതിനാല്‍ റജി വീട്ടുമുറ്റത്തെത്തിയിരുന്നു. മുങ്ങിത്താഴ്ന്നവരുടെ കൈകള്‍ ജലപ്പരപ്പില്‍ കണ്ട് സഹോദരി അഞ്ജനയും മാതാവ് രമയും ബഹളം കൂട്ടിയതിനെ തുടര്‍ന്ന് ഓടിക്കൂടിയ ആയല്‍വാസികള്‍ വെള്ളക്കെട്ടില്‍ ഇറങ്ങി ഇരുവരെയും കരയ്ക്കു കയറ്റി മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അരുണ്‍ എറണാകളത്ത് ഹെവന്‍ലി ഹോളീഡെയ്‌സ് എന്ന സ്ഥാപനത്തിലും അഖില്‍ മൂന്നാര്‍ ആസ്ഥാനമായ റിവുലറ്റ് റിസോര്‍ട്ടിന്റെ എറണാകുളത്തെ ഓഫിസിലും ജീവനക്കാരാണ്. നേരത്തേ മലേഷ്യയിലായിരുന്ന അരുണ്‍ ഒന്നര വര്‍ഷം മുന്‍പാണ് നാട്ടില്‍ എത്തി ടൂറിസവുമായി ബന്ധപ്പെട്ട സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. മൂന്നു മാസം മുന്‍പായിരുന്നു വിവാഹം. ഭാര്യ: വിനീത.അഖില്‍ അവിവാഹിതനാണ്. ഇരുവരുടെയും മൃതദേഹങ്ങള്‍ കായംകുളം ഗവ. ആശുപത്രി മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha
























