വി ഡി സതീശന്റെ ചിറകരിയാനുള്ള ടീമിൻറെ കുതന്ത്രങ്ങൾക്ക് ഫലപ്രാപ്തി... ഇനി കോൺഗ്രസ് ടീമിൻറെ കൈയിലെ കളി പാവയായി മാറാനാണ് സാധ്യത.. അത് എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം..

ഒടുവിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ ചിറകരിയാനുള്ള കെസി വേണുഗോപാൽ -രമേശ് അടൂർ - അടൂർ പ്രകാശ് ടീമിൻറെ കുതന്ത്രങ്ങൾക്ക് ഫലപ്രാപ്തി. കഴിഞ്ഞ ആറുമാസമായി സ്വതന്ത്രമായ തീരുമാനങ്ങളും ശരിയായ ദിശാബോധവും കൊണ്ട് കേരളത്തിൻറെ ജനസഹസ്രങ്ങളെ കയ്യിലെടുത്ത മുഖ്യമന്ത്രി വി ഡി സതീശൻ ഇനി കോൺഗ്രസ് ടീമിൻറെ കൈയിലെ കളി പാവയായി മാറാനാണ് സാധ്യത. അങ്ങനെ സംഭവിച്ചില്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തിന് തന്നെ ഇളക്കം തട്ടുമെന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത് . അധികാരം കിട്ടുമ്പോഴെല്ലാം അത് പ്രതിപക്ഷ കക്ഷികളുടെ ആശയ അഭിലാഷങ്ങൾക്ക് മുന്നിൽ സമർപ്പിച്ച് പരസ്പരം കലഹിച്ച് വിവിധ കോണുകളിൽ ഇരുപ്പുറപ്പിക്കുന്ന കോൺഗ്രസ് ശൈലിയുടെ മറ്റൊരുദാഹരണമാണ് കേരളത്തിൽ സംഭവിക്കാൻ പോകുന്നത്.
ഈ സാഹചര്യം പരമാവധി മുതലെടുത്ത് കോൺഗ്രസിനെ അട്ടിമറിക്കാനാണ് ഇടതുപക്ഷത്തിന്റെ ശ്രമം എന്നാൽ കേസിലും വഴക്കിനും കുരുങ്ങി ബുദ്ധിമുട്ടിലായ പിണറായി വിജയന് അതിനുള്ള ത്രാണി ഉണ്ടാവുമോ എന്ന് കണ്ടറിയണം. അടൂർ പ്രകാശിന് പിന്നിൽ സിപിഎമ്മിന്റെ കുതന്ത്രങ്ങൾ സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന സംശയം പോലും സതീശൻ പക്ഷത്തുള്ള ചില നേതാക്കൾ ഉണ്ട്. കേരള സർക്കാരിന്റെ പ്രവർത്തനം സംബന്ധിച്ച് പാർട്ടിയുമായി കൂടിയാലോചന ഉറപ്പാക്കാനാണ് എ.ഐ.സി.സിയുടെ നിർദേശം. സർക്കാർ തീരുമാനങ്ങൾ പലതും അറിയുന്നില്ലെന്ന യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശിന്റെ പരാതി കണക്കിലെടുത്താണിത്. ഏകോപനസമിതി ഉടൻ രൂപവത്കരിക്കാനാണ് ഹൈക്കാൻഡ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായിരുന്ന 12 അംഗ സമിതിയുടെ ഘടന തുടരാനാണ് ആലോചന. കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളെന്ന നിലയിൽ മന്ത്രി രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എന്നിവർ സമിതിയിലുണ്ടാകും. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ്മുൻഷിയും കെ.പി.സി.സി. മുൻ പ്രസിഡന്റുമാരും സമിതിയുടെ ഭാഗമാകും.ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ സമിതിയിലുണ്ടാകില്ലെന്നാണ് സൂചന. അടൂർ പ്രകാശ് ഉന്നയിച്ച പരാതി ഗൗരവമുള്ളതാണെന്ന അഭിപ്രായമാണ് മുതിർന്ന നേതാക്കൾക്കുള്ളത്. അത് പ്രകടിപ്പിക്കാൻ സ്വീകരിച്ച വഴിയും സമയവും സ്ഥലവും ഉചിതമായില്ലെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.പാർട്ടിയിൽ ഉൾപ്പോരും അഭിപ്രായഭിന്നതയും തലപൊക്കിയ സാഹചര്യത്തിൽ 13-ന് കെ.പി.സി.സി. ഭാരവാഹികളുടെ യോഗം വിളിച്ചു. ജില്ലാ പ്രസിഡന്റുമാരെക്കൂടി പങ്കെടുപ്പിക്കും.
സർക്കാരിനെതിരേയുള്ള വിമർശനവും സമരവുമായി പ്രതിപക്ഷം കൂടുതൽ ശക്തമായി രംഗത്തുണ്ടാകുമെന്ന് കോൺഗ്രസ് കണക്കാക്കുന്നു. ഇതിനെ നേരിടാനുള്ള ആസൂത്രണം കെ.പി.സി.സി.യിലും തീരുമാനങ്ങളുടെ ഏകോപനം സർക്കാർ-പാർട്ടി ഏകോപന സമിതിയിലും ഉണ്ടാക്കണമെന്നാണ് തീരുമാനം.മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിയാലോചന നടത്തുന്നില്ലെന്ന് ആരോപിച്ച് രംഗത്തെത്തിയ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന് പിന്തുണയുമായി കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ രംഗത്തുവന്നു.. അടൂർ പ്രകാശിന്റെ പരാതിയിൽ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട സുധാകരൻ, അടൂർ പ്രകാശ് കള്ളം പറയില്ലെന്നും അദ്ദേഹത്തിന്റെ പരാതിയിൽ കഴമ്പുണ്ടെന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നതെന്നും മാധ്യമങ്ങളോട് പറഞ്ഞു.യുഡിഎഫിനെതിരെയും മുഖ്യമന്ത്രി വിഡി സതീശനെതിരെയും അതൃപ്തി പ്രകടിപ്പിച്ച് എംപിയും കൺവീനറുമായ അടൂർ പ്രകാശ് െ പി സി സി യിലാണ് പത്രസമ്മേളനം നടത്തിയത് .
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ചില സ്ഥലങ്ങളിൽ നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയാതെ പോയെങ്കിലും, വലിയ പരിക്കില്ലാതെ 18 സീറ്റുകൾ യു.ഡി.എഫ്. നേടിയെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ യോഗം അടുത്തകാലത്തൊന്നും നടന്നിട്ടില്ല. മുഖ്യമന്ത്രിയാണ് അതിന് മുൻകൈ എടുക്കേണ്ടത്. അദ്ദേഹം കാര്യങ്ങൾ തീരുമാനിക്കാത്തതുകൊണ്ട് യോഗം കൂടാൻ സാധിച്ചിട്ടില്ല. പല കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്. പല വിഷയങ്ങളിലും അഭിപ്രായഭിന്നതകൾ ഉണ്ടാകുമ്പോൾ നേതൃത്വത്തെ അറിയിക്കുകയാണ് ചെയ്യാറുള്ളത്. എ.ഐ.സി.സിയാണ് എന്നെ ചുമതല ഏൽപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.അതൃപ്തിയെ കുറിച്ച് അറിയിക്കേണ്ടിടത് അറിയിക്കും. ഉപതെരഞ്ഞെടുപ്പിൽ ഏകോപന കുറവുണ്ടായി.
സ്റ്റേറ്റ് കമ്മിറ്റി വിളിച്ചു കൂട്ടേണ്ടത് യുഡിഎഫ് കൺവീനറുടെ ചുമതലയാണ്. പക്ഷേ ചെയർമാന്റെ അനുമതിയോടെയാണ് ചെയ്യുക. ഇത്തരം കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ചെവിയിൽ പോയി ഓതേണ്ട കാര്യമില്ല. എത്രയും വേഗം ഇതിന് പരിഹാരം ഉണ്ടാക്കണം. അർഹതപ്പെട്ട ആളുകൾക്ക് സ്ഥാനം കിട്ടേണ്ടതുണ്ട്. തന്നെ അവഗണിക്കുന്നുണ്ടോ എന്നത് മാധ്യമങ്ങൾ വിലയിരുത്തട്ടെയെന്നും മുനീറിന്റെ പദവി അർഹതപ്പെട്ട ആളുകൾ തന്നെയാണെന്നും അർഹതപ്പെടാത്ത ആർക്കും നൽകിയെന്ന് താൻ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് എഐസിസിക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. സതീശന്റെ പ്രവർത്തനങ്ങളിൽ മുസ്ലിംലീഗിന്റെ അമിതമായ അധികാര പ്രയോഗം സജീവമാണെന്ന ആക്ഷേപം കഴിഞ്ഞ കുറെ നാളുകളായി കോൺഗ്രസ് നേതാക്കൾക്ക് ഉണ്ട്.
സതീശനെ മുഖ്യമന്ത്രിയാക്കിയത് ലീഗാണെന്ന ആക്ഷേപവും കോൺഗ്രസ് നേതാക്കൾക്കിടയിൽ സജീവമാണ്. ഈ പശ്ചാത്തലത്തിൽ യാതൊരു ആലോചനയും കൂടാതെ എം കെ മുനീറിന് ക്യാബിനിൽ പദവി നൽകിയത് വലിയ അതൃപ്തിയാണ് നേതാക്കളിൽ സൃഷ്ടിച്ചത്. കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫിന് ഇതേ പദവിയിൽ താല്പര്യമുണ്ടായിരുന്നു. പരിണിത പ്രജ്ഞനായ ജോസഫിന് ഈ സ്ഥാനം നൽകണമെന്ന ആഗ്രഹം പല കോൺഗ്രസ് നേതാക്കൾക്കും ഉണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രി യാതൊരു കൂടിയാലോചനയും കൂടാതെ മുനീറിന് പദവി നൽകുകയായിരുന്നു. യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കാതിരിക്കാൻ വേണ്ടി മാത്രമാണ് ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്താത്തത്. അടൂർ പ്രകാശിന്റെ പ്രസ്താവനയിലൂടെ മുന്നണിയുടെ അതൃപ്തി വ്യക്തമായി.
യുഡിഎഫിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി പറയാൻ പറ്റാത്ത സ്ഥിതിയുണ്ടെന്നാണ് പ്രകാശ് പറയുന്നത്. അതിൽ ഖേദമുണ്ട്. ഒരു ചർച്ചയോ ആലോചനയോ ഇല്ലാതെയാണ് പല കാര്യങ്ങളും ഇവിടെ നടക്കുന്നത്. ഇതിലുള്ള അതൃപ്തി പരസ്യമായി വ്യക്തമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ക്യാബിനറ്റ് പദവി നൽകിയത് അർഹതയുള്ള ആളുകൾക്കാണ്. എന്നാൽ മുന്നണി കൺവീനർ എന്ന നിലയിൽ ഇതുമായി ബന്ധപ്പെട്ട യാതൊരു ചർച്ചയും എന്നെ അറിയിച്ചിട്ടില്ല. കൺവീനറെ കാര്യങ്ങളൊന്നും അറിയിച്ചിട്ടില്ല എന്നത് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താൻ പറഞ്ഞതല്ല. എന്നാലും യുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്ന അതൃപ്തി എഐസിസിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് ബാർകോഴ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടപ്പോൾ അതിൽ അടൂർ പ്രകാശിന്റെ പങ്ക് കേരള കോൺഗ്രസ് നേതാക്കൾ പരസ്യമായി പറഞ്ഞിരുന്നു. കെഎം മാണിക്കെതിരെ ആരോപണം ഉന്നയിച്ച ബിജു രമേശ് എന്ന മദ്യ വ്യാപാരി അടൂർ പ്രകാശന്റെ ഉറ്റ ബന്ധുവാണ്. അടൂർ പ്രകാശ് രമേശ് ചെന്നിത്തലയുടെ വിശ്വസ്തനാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉമ്മൻചാണ്ടിയെ അട്ടിമറിക്കുന്നതിൽ നിർണായകമായ ഒരു പങ്ക് പ്രകാശന് ഉണ്ടെന്ന വിലയിരുത്തലാണ് ഇപ്പോഴും കേരള കോൺഗ്രസ് നേതാക്കൾക്കുള്ളത്. അതിനാൽ അടൂർ പ്രകാശിനെ നിസ്സാരമായി എടുത്താൽ അതിൻറെ ഫലം സതീശൻ അനുഭവിക്കും. കാരണം അടൂർ പ്രകാശിന്റെ പുറകിൽ രമേശ് ചെന്നിത്തല എന്ന കരുത്തനായ നേതാവിന്റെ ശക്തമായ പിന്തുണയുണ്ട്,
മുസ്‌ലിം ലീഗിന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ പദവി നൽകിയതിന് പിന്നാലെയാണ് കോൺഗ്രസിൽ അസ്വാരസ്യങ്ങൾ രൂക്ഷമായത്. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ക്ലിഫ് ഹൗസിൽ ഒറ്റത്തവണ മാത്രമാണ് യു.ഡി.എഫ് യോഗം ചേർന്നതെന്നും അടൂർ പ്രകാശ് വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തിയിരുന്നു. പാർട്ടിയാണ് വലുതെന്നും കൂട്ടായ ചർച്ചകളിലൂടെ മാത്രമേ ഇത്തരം നിർണായക തീരുമാനങ്ങൾ എടുക്കാവൂ എന്നുമാണ് കെ. സുധാകരൻ അടക്കമുള്ള മുതിർന്ന നേതാക്കളുടെയും നിലപാട്.അതേസമയം, വി.ഡി സതീശനെതിരെ പരസ്യമായി പരാതി ഉന്നയിച്ചതിന്റെ പേരില്‍ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന് തനിക്ക് ഭയമില്ലെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കിയിട്ടുണ്ട്. പരാതി പരസ്യമായി പറഞ്ഞിട്ടും പരിഹാര ചര്‍ച്ചക്ക് മുഖ്യമന്ത്രി തയാറായിട്ടില്ലെന്നും, വിഷയം എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ബോധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘പാര്‍ട്ടിയിലും മുന്നണിയിലുമുള്ള പലയാളുകളും എന്നെ കാണുകയും അവരുടെ പരാതികള്‍ പറയുകയും ചെയ്തിട്ടുണ്ട്. അക്കാര്യങ്ങള്‍ അടക്കമാണ് ഞാന്‍ പരസ്യമായി ഉയര്‍ത്തിക്കാട്ടിയത്. വിഷയത്തില്‍ ഞങ്ങളെല്ലാവരും കൂടി വിശദമായി ആലോചിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താനാകൂ. ബോര്‍ഡ്, കോര്‍പറേഷന്‍ വിഭജനത്തോടനുബന്ധിച്ച് എന്തുചെയ്യുമെന്നതടക്കമുള്ള കാര്യങ്ങളില്‍ ഇതേവരെ യാതൊരു വിവരവുമില്ല’ -അടൂർ പ്രകാശ് വ്യക്തമാക്കി.വിഷയത്തില്‍ അദ്ദേഹം എടുക്കുന്ന ഏത് തീരുമാനവും ഞങ്ങള്‍ക്ക് സ്വീകാര്യമായിരിക്കും. കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ കണ്ടിരുന്നെങ്കിലും ഔദ്യോഗികമായി പരാതി കൈമാറിയിട്ടില്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു
മുഖ്യമന്ത്രി വി ഡി സതീശൻ കൂടിയാലോചന ഇല്ലാതെ തീരുമാനങ്ങൾ എടുക്കുന്നുവെന്ന പരാതിയിൽ എഐസിസിയുടെ പ്രതികരണം നേതാക്കൾ ‘കാക്കുകയാണ്. പരാതി ഉന്നയിച്ച യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, മുഖ്യമന്ത്രി വി ഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഡൽഹിയിൽ തുടരുകയാണ്.ബോർഡ്, കോർപറേഷൻ നിയമനങ്ങളിൽ കൂടിയാലോചന ഇല്ലാതെ തീരമാനമെടുത്തെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന് എതിരെ യുഡിഎഫ് കൺവീനർ ഉന്നയിക്കുന്ന പ്രധാന പരാതി. കെപിസിസി ആസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ച് അതൃപ്തി പരസ്യമാക്കിയശേഷമാണ് അടൂർ പ്രകാശ് ഡൽഹിയിൽ എത്തിയത്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ നേരിൽ കണ്ട് അടൂർ പ്രകാശ് പരാതികൾ ഉന്നയിച്ചു. രാഹുൽ ഗാന്ധിയെക്കൂടി വിവരങ്ങൾ ധരിപ്പിക്കാനാണ് നീക്കം.
കേന്ദ്ര വൈദ്യുതി മന്ത്രിയെ കാണാൻ എത്തിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും, ജിഎസ്ടി യോഗത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. അടൂർ പ്രകാശിന്റെ പരാതി ചർച്ചയായി.മല്ലികാർജുൻ ഖർഗെയുമായി സണ്ണി ജോസഫ് വിഷയം ചർച്ച ചെയ്തിരുന്നു. പാർട്ടിയിൽ പറയേണ്ട കാര്യം അടൂർ പ്രകാശ് പുറത്ത് പറഞ്ഞത് കടുത്ത അച്ചടക്ക ലംഘമെന്നാണ് വി ഡി സതീശൻ പക്ഷത്തിന്റെ വാദം. അടൂർ പ്രകാശിന് എതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. സർക്കാരിന്റെ നല്ല തീരുമാനങ്ങൾ ഇയാൾ അറിയാതിരുന്നത് നന്നായെന്ന് അടൂർ പ്രകാശിന്റെ പേര് പരാമർശിക്കാതെ, കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പരിഹസിച്ചു.
സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധി പരിഹരിക്കാനുള്ള കൂട്ടായ ചർച്ചയ്ക്ക് ഹൈക്കമാഡ് തലത്തിൽ അനിശ്ചിതത്വം തുടരുന്നു. മുഖ്യമന്ത്രി വിഡി സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ പരാതിയിൽ തുടർനീക്കത്തിൻ്റെ സൂചനയുണ്ടായി കഴിഞ്ഞു. ഗ്യാനേഷ്‌കുമാറിനെതിരായ പ്രതിഷേധം തുടരുന്നതിനാലാണ് വിഷയത്തില്‍ ഉടന്‍ ചർച്ച നടക്കാത്തത്. സംസ്ഥാന നേതൃത്വത്തെ വേണ്ടിവന്നാൽ വീണ്ടും ദില്ലിക്ക് വിളിപ്പിച്ചേക്കും. അതേസമയം, അടൂര്‍ പ്രകാശിനെതിരെ മുഖ്യമന്ത്രി മറുനീക്കങ്ങള്‍ നടത്തിയേക്കില്ല. അടൂർ പ്രകാശിൻ്റെ പരാതിയിൽ വിവരങ്ങൾ തേടിയാൽ മാത്രം മുഖ്യമന്ത്രി മറുപടി നൽകും.കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയ അടൂർ പ്രകാശിന് പിന്നിൽ ഉന്നത ഇടപെടലുണ്ടെന്നാണ് വിഡി പക്ഷം ആരോപിക്കുന്നത്.
അച്ചടക്ക നടപടി ആവശ്യപ്പെടുമ്പോൾ മല്ലികാർജുൻ ഖർഗെയെ അടൂർ പ്രകാശ് സന്ദർശിച്ചതിൻ്റെ ഫോട്ടോ ഔദ്യോഗിക സമൂഹമാധ്യമ പേജിൽ വന്നതും പാർട്ടി ചേർത്ത് നിർത്തുന്നതിൻ്റെ സന്ദേശമെന്നാണ് വിഡി പക്ഷം വിലയിരുത്തുന്നത്.മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയെ വിമർശിച്ചാണ് അടൂർ പ്രകാശ് മല്ലികാർജുൻ ഖർഗെക്ക് പരാതി നല്‍കിയത്. പാർട്ടിയെയും മുന്നണിയേയും അവഗണിച്ച് മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു, മുന്നണി കൺവീനന്നെ നിലയിൽ തന്നെ അവഗണിക്കുന്നു, തീരുമാനങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെ തുടങ്ങിയ പരാതിയാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ നേരിൽ കണ്ട് അടൂർ പ്രകാശ് ധരിപ്പിച്ചത്. മഹിള കോൺഗ്രസ് നേതൃത്വത്തിൻ്റെയും ഘടക കക്ഷികളുടെയും നിലപാടും അടൂർ പ്രകാശ് അറിയിച്ചെന്നാണ് വിവരം.
അരമണിക്കൂറോളം നീണ്ട കൂടികാഴ്ചയിൽ ഹൈക്കമാൻഡ് ഇടപെടൽ വേണമെന്ന ശക്തമായ ആവശ്യവും അടൂർ പ്രകാശ് ഉന്നയിച്ചിരുന്നു. അതേസമയം, ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധം സംസ്ഥാനങ്ങളിലും ശക്തമാക്കാൻ നൽകിയ നിർദ്ദേശത്തിനിടെ കേരള ഘടകത്തിലുണ്ടായ പൊട്ടിത്തെറിയിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്‌തിയിലാണ്.മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് കണ്‍വീനര്‍ നടത്തിയ പരസ്യ വിമര്‍ശനം, ബോര്‍ഡ്, കോര്‍പറേഷന്‍ അധ്യക്ഷ നിയമനങ്ങളിലെ കാലതാമസം, കെപിസിസി പുനഃസംഘടന ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കോണ്‍ഗ്രസിനു തലവേദയാകുന്നതിനിടെ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം ഈ മാസം 13ന് ഉച്ചയ്ക്ക് മൂന്നിന് ഇന്ദിരാ ഭവനില്‍ ചേരും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് യോഗം വിളിച്ചിരിക്കുന്നത്.
യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമര്‍ശനം ചര്‍ച്ചയാകും. പാര്‍ട്ടി ആസ്ഥാനത്തിരുന്ന് മുഖ്യമന്ത്രിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയത് കടുത്ത അച്ചടക്കലംഘനമാണെന്ന് മുഖ്യമന്ത്രിയോട് അടുപ്പമുള്ളവര്‍ പറയുമ്പോള്‍ അടൂര്‍ പ്രകാശിന്റെ ആരോപണം പൂര്‍ണമായി തള്ളിക്കളയാനാവില്ലെന്നു മറുഭാഗം വാദിക്കുന്നു. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏകോപനം കാര്യക്ഷമമാക്കാന്‍ എത്രയുംവേഗം സമിതിക്കു രൂപം നല്‍കണമെന്ന ആവശ്യവുമുണ്ട്.
ബോര്‍ഡ്, കോര്‍പറേഷന്‍ വീതംവയ്പും അധ്യക്ഷരുടെ നിയമനവും നീളുന്നതില്‍ നേതാക്കള്‍ കടുത്ത അമര്‍ഷത്തിലാണ്. തീരുമാനം എപ്പോള്‍ വരുമെന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം വ്യക്തമായ മറുപടിയും നല്‍കുന്നില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന ആവശ്യം കെപിസിസി യോഗത്തിലുയരും. ഘടകകക്ഷികള്‍ക്കു കാബിനറ്റ് പദവികള്‍ നല്‍കിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളെ തഴഞ്ഞുവെന്ന പരിഭവവും ചിലര്‍ പങ്കിടുന്നു. കോൺഗ്രസിലെ നിരവധി നേതാക്കൾ യാതൊരു ചർച്ചയും ലഭിക്കാതെ നട്ടം തിരിയുമ്പോൾ ലീഗിനും ദേവരാജനും പദവി നൽകിയതിൽ നേതാക്കൾ തീർത്തും അസ്വസ്ഥരാണ്. ഈ സാഹചര്യത്തിൽ ഉന്നതാധികാര സമിതിയോട് സതീശന് ചർച്ചചെയ്ത് തീരുമാനങ്ങൾ എടുക്കേണ്ടിവരും അത് എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha


























