ഇരുചക്രവാഹനത്തിൽ ചെന്നൈയിൽ നിന്നു ബൈക്കിൽ വന്ന 10 യുവാക്കൾ പൊരിയാനിയിൽ പൊലീസ് പിടിയിൽ; ഇവരെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചു, കർശന നിരീക്ഷണം ഏർപ്പെടുത്തി

ലോക്ക് ഡൌൺ പ്രഖ്യാപിച്ച ശേഷം നിയമലംഘങ്ങളുടെ പെരുമഴയാണ് വാർത്തകളിൽ മുഴുവനും. ഇപ്പോഴിതാ മുണ്ടൂരിൽ ലോക്ഡൗൺ ലംഘി ച്ച് ഇരുചക്രവാഹനത്തിൽ ചെന്നൈയിൽ നിന്നു ബൈക്കിൽ വന്ന 10 യുവാക്കൾ പൊരിയാനിയിൽ പൊലീസ് പിടിയിലായിരിക്കുന്നു. രാവിലെ 9.15നാണ് ആദ്യത്തെ സംഭവം. തമിഴ്നാട് റജിസ്ട്രേഷനിൽ ഉള്ള വാഹനത്തിലാണ് ഇവർ വന്നിരുന്നത്.തമിഴ്നാട്ടിൽ ഹോട്ടൽ, ബേക്കറി എന്നിവടങ്ങളിൽ ജോലി ചെയ്യുന്നവരാണ് ഇവർ. 6 പേർ മലപ്പുറം പരപ്പനങ്ങാടി സ്വദേശികളും 2 പേർ കണ്ണൂർ സ്വദേശികളുമാണ്. തൊഴിലും കൂലിയും ഇല്ലാതെ അവിടെ പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇവർ സാഹസത്തിനു മുതിർന്നതെന്നു സംശയിക്കുന്നു.
പിന്നീട് ഉച്ചയ്ക്ക് 1.30ന് ബൈക്കിൽ എത്തിയ കണ്ണൂർ സ്വദേശികളായ 2 പേർ ഇതേ സ്ഥലത്തു വച്ച് പിടിയിലായി. ഇവരും ചെന്നൈയിൽ നിന്നു വരുന്നവരാണ്. ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ സ്ഥലത്തെത്തി ഇവർക്ക് ഭക്ഷണം നൽകി. ആംബുലൻസ് എത്തിച്ച് പാലക്കാടുള്ള കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചു. സിഐ കെ.സി.വിനു, എസ്ഐ എം.എച്ച്.സുൾഫിക്കർ, എഎസ്ഐ ജോൺ സേവ്യർ, ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.
ഇപ്പോഴും നിരവധിപേരാണ് കാൽനടയായും അല്ലാതെയും ലോക്ക് ഡൌൺ കാലത്ത് കേരളത്തിലേക്കെത്തുന്നത്.37 കിലോമീറ്റർ കാൽനടയായി കർണാടകയിൽനിന്നെത്തിയ മലയാളികളായ വയോധികരെ വീട്ടമ്മയുടെ ഇടപെടലിൽ പൊലീസെത്തി വീട്ടിലാക്കിയ സംഭവവും വാർത്താപ്രാധാന്യം നേടിയിരുന്നു. ദിവസങ്ങൾക്കു മുൻപ് തേങ്ങയിടൽ ജോലിക്കായി മംഗളൂരുവിലെ ഉള്ളാളിലേക്കു പോയതായിരുന്നു ഇരുവരും. കേരള - കർണാടക അതിർത്തി അടച്ചതിനാൽ തിരികെ വരാനാവാതെ കുടുങ്ങി.
പൂച്ചക്കാട് പൊടിപ്പള്ളത്തെ ബാലകൃഷ്ണൻ , പെരിയയിലെ കണ്ണൻ എന്നിവരെയാണ് കാസർകോട് പൊലീസിന്റെ നേതൃത്വത്തിൽ വീടുകളിലെത്തിച്ചത് ലോക്ഡൗണിനെ തുടർന്നു ജോലി സ്ഥലത്ത് തന്നെ താമസിക്കുകയായിരുന്നു. പിന്നിട് കഴിഞ്ഞ ദിവസമാണ് സ്വന്തം വീട്ടിലേക്ക് മടങ്ങാനായി തീരുമാനിച്ചത്. തുടർന്നു രാത്രി തന്നെ ഉള്ളാളിൽനിന്നു ഇറങ്ങി നടക്കുകയായിരുന്നു.
ഇന്നലെ രാവിലെയാണ് മൊഗ്രാൽപുത്തുരിലെത്തിയത്. വഴിയരികിൽ തളർന്നിരിക്കുകയായിരുന്ന ഇരുവരെയും സമീപത്തെ വീട്ടമ്മ സഫിയ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോയി ഭക്ഷണവും മറ്റും നൽകി. പിന്നീട് വീട്ടമ്മ തന്നെ ഡിവൈഎസ്പി പി.ബാലകൃഷ്ണൻനായരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്നു വാഹനവുമായി സീനിയർ സിവിൽ പൊലീസ് ഓഫിസർ രാജൻ ചെറുവത്തൂർ, സിവിൽ പൊലീസ് ഓഫിസർ കെ.സുകേഷൻ എന്നിവരെത്തി ഇരുവരെയും വീടുകളിലേക്ക് എത്തിക്കുകയായിരുന്നു. ലോക്ഡൗണിനു മുൻപെ ചികിത്സയ്ക്കായും ജോലിക്കായും മംഗളൂരുവിലെ വിവിധ സ്ഥലങ്ങളിലെത്തിയവർ തിരിച്ച് കാൽനടയായിട്ടാണ് അതിർത്തി കടക്കുന്നത്. അവിടെ നിന്നു വിവിധ സന്നദ്ധ സംഘടനകളും പൊലീസുമാണ് ഇവരെ യഥാസ്ഥാനത്തേക്ക് എത്തിക്കുന്നത്.
https://www.facebook.com/Malayalivartha

























