സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതിയിൽ ലക്ഷ്യമിട്ട 588 പദ്ധതികളിൽ 568 എണ്ണവും പൂർത്തീകരിച്ചെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കിയെന്നും മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു. വൻകിട പദ്ധതികൾ ഏറ്റെടുക്കാൻ സർക്കാരിന് വലിയ ആത്മവിശ്വാസം പകരുന്നതാണ് നൂറുദിന കർമപദ്ധതിയുടെ വിജയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നൂറുദിന കർമപദ്ധതിയുടെ തുടർച്ചയായി ഒക്ടോബർ 15 മുതൽ ഡിസംബർ 31 വരെ ഫയൽ അദാലത്ത് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ചെലുത്തിയ സ്വാധീനം സംബന്ധിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിക്കും. കേരളത്തിൽ ആദ്യമായി നൂറുദിന കർമപദ്ധതിയുടെ സുതാര്യമായ പൊതുപരിശോധനയ്ക്കായി പോർട്ടൽ സ്ഥാപിച്ചു. ഡാറ്റാധിഷ്ഠിത ഭരണനിർവഹണം എന്ന സർക്കാർ വാഗ്ദാനത്തിന്റെ തുടക്കമാണ് ഈ പോർട്ടൽ. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കും. കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനായി ഡാഷ് ബോർഡ് സംവിധാനം സ്ഥാപിക്കും. ഇതിലൂടെ നിക്ഷേപങ്ങളുടെ പുരോഗതി അളന്ന്, പ്രശ്‌നപരിഹാരം വേഗത്തിലാക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനസ്പർശം എന്ന് പേരിട്ട ഫയൽ അദാലത്തിലൂടെ വിവിധ വകുപ്പുകളിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകൾ പരിശോധിച്ച് തീർപ്പാക്കും. ഫയലുകൾ തീർപ്പാക്കുന്നതിനൊപ്പം, കാലങ്ങളായി കെട്ടിക്കിടക്കുന്നതിന്റെ കാരണം പഠിച്ച് ഫയൽ നീക്കത്തിനുള്ള സംവിധാനം പുനരാവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha

























