ജീവൻരക്ഷാ മരുന്നുമായി കൊച്ചിയിൽ നിന്ന് ഫയർഫോഴ്സ് മലപ്പുറത്തെത്തി; വൃദ്ധ ദമ്പതികൾക്കായി കൊച്ചിയിൽ നിന്ന് ഫയർഫോഴ്സ് മലപ്പുറത്തെത്തിയത് നാലുമണിക്കൂർ കൊണ്ട്

ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ മരുന്നു കിട്ടാതെ ബുദ്ധിമുട്ടിയ രണ്ട് വൃദ്ധ ദമ്പതികളുടെ ജീവൻരക്ഷാ മരുന്നുമായി കൊച്ചിയിൽനിന്ന് നാലുമണിക്കൂർ കൊണ്ട് മലപ്പുറം നിലമ്പൂരിലേക്ക് പറന്നെത്തി കേരള ഫയർ ഫോഴ്സ്.
ലോക്ക്ഡൗൺ കാരണം ആവശ്യമരുന്നു കിട്ടാൻ വഴിയില്ലാതെ വലഞ്ഞത് നിലമ്പൂർ ചുങ്കത്തറയിലുള്ള വൃദ്ധദമ്പതികൾ. മരുന്നുള്ളത് എറണാകുളത്ത്. എന്തുചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ കൊറോണക്കാലത്തെ മാതൃകാ സേവനത്തെക്കുറിച്ചറിയുന്നത്. ഉടൻ 101 ൽ വിളിച്ചപ്പോൾ എറണാകുളം ഗാന്ധിനഗർ സ്റ്റേഷനിലേക്ക് മരുന്നെത്തിക്കാമെന്ന് വിളിച്ചയാൾ പറഞ്ഞു.
തുടർന്ന് ഇന്നലെ രാവിലെ പതിനൊന്നരയോടെ മരുന്ന് ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽ എത്തുന്നു. ഉടൻ തന്നെ അവിടെയുള്ള ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ )ബിജോയ് കെ. പീറ്റർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ബി. എസ്. ശ്യാംകുമാർ, എ. പി. ഷിഫിൻ എന്നിവർ ജീപ്പുമായി നിലമ്പൂരിലേക്ക്. അവർ അവിടെ നിന്ന് പുറപ്പെട്ടപ്പോഴേക്കും ഗാന്ധിനഗർ സ്റ്റേഷൻ ഓഫീസർ എ. ഉണ്ണികൃഷ്ണൻ നിലമ്പൂർ സ്റ്റേഷൻ ഓഫീസർക്ക് വാട്സാപ്പ് വഴി മരുന്ന് എത്തിക്കേണ്ടവരുടെ മേൽവിലാസം അയച്ചുനൽകുന്നു.
ഉച്ചഭക്ഷണത്തിന് പോലും എവിടെയും നിർത്താതെ മൂന്നരയോടെ മരുന്നുമായി ജീപ്പ് നിലമ്പൂരിലെത്തുന്നു. ഉടൻ നിലമ്പൂർ സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ ഒരു സംഘം മരുന്നുമായെത്തിയവർക്ക് വഴികാണിക്കുന്നു. നാലുമണിയോടെ ചുങ്കത്തറ കുറ്റിമുണ്ടയിലെ രണ്ടു വീടുകളിലുള്ള രോഗികൾക്കുള്ള മരുന്ന് എത്തിച്ചു നൽകി 101 ലേക്ക് വിളിച്ചാൽ അവരെത്തും എന്ന വിശ്വാസം വീണ്ടും തെളിയിച്ചിരിക്കുകയാണ് കേരള ഫയർഫോഴ്സ്.
https://www.facebook.com/Malayalivartha

























