സ്വന്തം ജീവന്‍ വകവയ്ക്കാതെ ഇവര്‍ നമുക്കു വേണ്ടി പോരാടുന്നു... ഇവരെ കുറിച്ച് ഏപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇവര്‍ക്കും കുടുംബമുണ്ടെന്നും ഇവരും മനുഷ്യരാണെന്നും?

നാടെങ്ങും കോവിഡ് 19 ഭീതിയിലാണ്ടിരിക്കെ കൊറോണ രോഗികളെയും രോഗം സംശയിക്കുന്നവരെയും പരിപാലിക്കാന്‍ നിയോഗിക്കപ്പെട്ട മാലാഖമാരാണ് നഴ്‌സുമാര്‍. സ്വന്തം ജീവന്‍ വകവയ്ക്കാതെ, മാരകവൈറസിന് ഇരകളായവരുടെ ജീവന്റെ കാവലാളുകളായി രാപ്പകല്‍ വിശ്രമമില്ലാത്ത പോരാട്ടത്തിലാണ് ഇവര്‍. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലും ജനറല്‍, ജില്ലാ ആശുപത്രികളിലും കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളില്‍ ഡ്യൂട്ടി നോക്കുന്ന നഴ്‌സുമാര്‍ മക്കളെയും സ്വന്തം വീട്ടുകാരെയും കണ്ടിട്ട് ദിവസങ്ങളായി.
കൊറോണ കെയര്‍ വാര്‍ഡില്‍ തലമുതല്‍ പാദം വരെ പി.പി കിറ്റില്‍ (പഴ്‌സണല്‍ പ്രൊട്ടക്ടീവ് കിറ്റ്) മൂടികെട്ടി ,ജലപാനം നടത്താനോ യഥാസമയം പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കാനോ കഴിയാതെ ആശങ്കയും ഭീതിയും വകവയ്ക്കാതെ മണിക്കൂറുകള്‍ രോഗികള്‍ക്കൊപ്പം ചെലവഴിക്കുകയാണ് ഇവര്‍. സാധാരണ എട്ടുമണിക്കൂറാണ് നഴ്‌സുമാരുടെ ഡ്യൂട്ടി സമയമെങ്കിലും കോവിഡ് പരിചരണത്തിന് നാലു മണിക്കൂറായി ഡ്യൂട്ടി നിജപ്പെടുത്തിയിട്ടുണ്ടെന്നതാണ് ആശ്വാസം.
ഡ്യൂട്ടി കഴിഞ്ഞാല്‍ ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്ന വിശ്രമകേന്ദ്രത്തില്‍ രണ്ടാഴ്ച നീളുന്ന നിരീക്ഷണത്തിന് ശേഷമേ ഇവര്‍ക്ക് വീടുകളിലേക്ക് മടങ്ങാനാകൂ. സമൂഹ വ്യാപനം പോലെ ഗുരുതരമായ സാഹചര്യങ്ങളുണ്ടായാല്‍ അവയെ നേരിടാനുള്ള കരുതലെന്ന വണ്ണം ആകെയുള്ള നഴ്‌സുമാരില്‍ മൂന്നിലൊന്നുപേര്‍ക്കാണ് കോവിഡുമായി ബന്ധപ്പെട്ട ഡ്യൂട്ടികള്‍ നിശ്ചയിച്ചിട്ടുള്ളത്. മൂന്നിലൊന്നുപേര്‍ക്ക് മറ്റ് ചുമതലകള്‍ നല്‍കുകയും ബാക്കിയുള്ളവരെ റിസര്‍വ്വ് വിഭാഗമാക്കി നിലനിര്‍ത്തിയിരിക്കുകയുമാണ്. മഹാരാഷ്ട്രപോലെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ രോഗികളെ പരിപാലിച്ച നഴ്‌സുമാര്‍ക്ക് കൂട്ടത്തോടെ രോഗ വ്യാപനമുണ്ടായത് കേരളത്തിലും നഴ്‌സുമാരുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മലപ്പുറത്ത് നിപ്പ പ്രതിരോധത്തിനിടെ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയ നഴ്‌സ് ലിനിയെപ്പോലുള്ളവരുടെ സ്മരണകളും ആത്മവിശ്വാസവുമാണ് സ്വന്തം ജീവനും കുടുംബത്തെയും മറന്ന് ആതുരസേവനത്തിനിറങ്ങിയിരിക്കുന്ന ഇവരുടെ കൈമുതല്‍.
https://www.facebook.com/Malayalivartha

























