പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി റാപിഡ് ടെസ്റ്റ് മെഷീനുകള്‍, എത്തിച്ചതിനു പിന്നില്‍ ശശി തരൂര്‍ എംപി, രാഷ്ട്രീയം മറന്ന് കട്ട അഭിനന്ദനവുമായി മുഖ്യമന്ത്രി

കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി റാപിഡ് ടെസ്റ്റ് മെഷീനുകള്‍ സംസ്ഥാനത്ത് എത്തി. 1000 കിറ്റുകള്‍ അടങ്ങിയ ആദ്യ ബാച്ചാണ് ഇന്ന് എത്തിയത്. കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിന്റെ ഫണ്ടുപയോഗിച്ചാണ് റാപിഡ് ടെസ്റ്റ് മെഷീനുകള്‍ വാങ്ങിയത്. രണ്ടായിരം ടെസ്റ്റ് മെഷീനുകള്‍ കൂടി ഞായറാഴ്ചയോടെ സംസ്ഥാനത്ത് എത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രണ്ടര മണിക്കൂര്‍ കൊണ്ടുതന്നെ രോഗം കണ്ടെത്താനാകുന്നതാണ് റാപിഡ് ടെസ്റ്റ് മെഷീനുകള്‍. നിലവില്‍ ആറ് മുതല്‍ ഏഴു മണിക്കൂറാണ് പരിശോധനാ ഫലം ലഭിക്കുന്നതിനായി എടുക്കുന്നത്. അതേസമയം, സമൂഹ വ്യാപന സാധ്യത നിലനില്‍ക്കുന്ന പോത്തന്‍കോട് മേഖലയിലാകും ഇതാദ്യം ഉപയോഗിക്കുകയെന്നാണ് സൂചന.
ശശി തരൂര്‍ എംപി മുന്‍കൈ എടുത്ത് ലഭ്യമാക്കുന്ന 2000 കിറ്റുകള്‍ കൂടി ഞായറാഴ്ച എത്തും. ഇത് ഉപയോഗിക്കുന്നതു വഴി കോവിഡ് 19 പരിശോധനാഫലം വേഗത്തില്‍ ലഭ്യമാകും. കൂടാതെ, 250 സ്പ്ലാഷ് തെര്‍മോമീറ്റര്‍, 9000 വ്യക്തിഗത സുരക്ഷാ കിറ്റുകള്‍ എന്നിവ ഇതിന് പുറമേ എത്തിക്കുമെന്നും ശശി തരൂര്‍ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തില്‍ മുന്‍കൈ എടുക്കുകയും എംപി ഫണ്ടില്‍ നിന്ന് തുക അനുവദിക്കുകയും ചെയ്ത ശശി തരൂരിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനൊടൊപ്പം ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ റീലീഫ് കമ്മറ്റികളുടെയും സിഎച്ച് സെന്ററുകളുടെയും കീഴില്‍ വരുന്ന നൂറോളം ആംബുലന്‍സുകള്‍ ഡ്രൈവര്‍മാരുടം സേവനം ഉള്‍പ്പെടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ട് നല്‍കാന്‍ തയ്യാറാണെന്ന് പാണക്കാട് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങള്‍ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, വീട്ടിലിരുന്നുള്ള ജോലി സുഗമമാക്കുന്നതിന് വേണ്ടി ബിഎസ്എന്‍എല്‍ ഒരു മാസത്തേക്ക് ബ്രോഡ് ബാന്റ് സേവനം സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അഞ്ച് ജിബി ഡേറ്റയാണ് നല്‍കുക. നിലവില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഇല്ലാത്തവര്‍ക്കും ലാന്‍ഡ്ലൈന്‍ ഉപഭോക്താക്കള്‍ക്കും പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും പ്ലാന്‍ ലഭ്യമാകും. ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജന്‍ ഇക്കാര്യം അറിയിച്ചതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്നു രോഗം വന്നവരില്‍ കാസര്‍കോടില്‍ നിന്ന് ഏഴു പേരാണുള്ളത്. തൃശൂരും കണ്ണൂരും ഓരോരുത്തര്‍. ചികിത്സയിലായിരുന്ന 14 പേര്‍ക്ക് ഇന്നു രോഗം മാറി. കണ്ണൂര്‍ 5, കാസര്‍കോട് 3, ഇടുക്കി 2, കോഴിക്കോട് 2, പത്തനംതിട്ട 1, കോട്ടയം 1 എന്നിങ്ങനെയാണ് രോഗം മാറിയവരുടെ കണക്ക്. വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച നഴ്സും ഇന്ന് രോഗം ഭേദമായവരില്‍ ഉള്‍പ്പെടും. അത്യാസന്ന നിലയിലായിരുന്ന കോട്ടയത്തെ 96 വയസുള്ള പുരുഷനും രോഗം ഭേദമായവരില്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതുവരെ ഇവിടെ 295 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് പോസിറ്റീവ് ആയവരുള്‍പ്പെടെ രോഗബാധയുണ്ടായ 206 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ഏഴുപേര്‍ വിദേശികള്‍. രോഗികളുമായി സമ്പര്‍ക്കം മൂലം വൈറസ് ബാധിച്ചത് 78 പേര്‍. ഇന്നു രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ നിസാമുദ്ദീനില്‍ പരിപാടിക്ക് പോയി തിരിച്ചെത്തി നിരീക്ഷണത്തിലുള്ളയാളാണ്. രോഗ വ്യാപനം പിടിച്ചു നിര്‍ത്താന്‍ കഴിയുന്നു എന്നാണ് ഇതു കാണിക്കുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























