ഇപ്പോള്‍ അതിഥിത്തൊഴിലാളികളെ നാട്ടിലേക്ക് വിടാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

അതിഥി തൊഴിലാളികള്‍ക്ക് ഇപ്പോള്‍ നാട്ടില്‍ പോകണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഭക്ഷണം, താമസം, സുരക്ഷ, ആരോഗ്യം എന്നിവ അതതു ജില്ലാഭരണകൂടവും തൊഴില്‍ വകുപ്പും പൊലീസും ഉറപ്പാക്കുന്നുണ്ടെന്നും അറിയിച്ചു.
'അമിക്കസ്‌ക്യൂറി' പാര്‍വതി സഞ്ജയ് സമര്‍പ്പിച്ച അപേക്ഷയിലാണു വിശദീകരണം. എറണാകുളം, കോട്ടയം ജില്ലകളിലെ അതിഥി തൊഴിലാളികള്‍ക്കു ഭക്ഷണ, താമസ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സഹായിക്കുന്ന ചുമതലയാണ് പാര്‍വതി സഞ്ജയ്ക്കുള്ളത്.
5,178 ലേബര്‍ ക്യാംപുകളിലായി 1,63,061 അതിഥി തൊഴിലാളികള്‍ സംസ്ഥാനത്തുണ്ടെന്നു സര്‍ക്കാരിന്റെ പത്രികയില്‍ പറയുന്നു. 189 ക്യാംപുകളിലായി 45,523 തൊഴിലാളികളുള്ള എറണാകുളം ജില്ലയും 365 ക്യാംപുകളിലായി 21,850 തൊഴിലാളികളുള്ള കോട്ടയം ജില്ലയുമാണു മുന്നില്‍.
കരാറുകാര്‍/ ഉടമ/ തൊഴിലുടമ എന്നിവര്‍ക്കാണ് ഭക്ഷണവും താമസവും ഉറപ്പാക്കാന്‍ പ്രാഥമിക കടമ. അതിനു ബുദ്ധിമുട്ടുണ്ടായാല്‍ സമൂഹ അടുക്കളയും ദുരിതാശ്വാസ ക്യാംപും മറ്റുമായി ക്രമീകരണമുണ്ട്. ഭക്ഷണം, താമസം തുടങ്ങി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ലേബര്‍ കമ്മിഷണര്‍മാര്‍ക്കു 2 കോടി രൂപ അനുവദിച്ചു. ദുരിതാശ്വാസ നിധിയില്‍ നിന്നു ജില്ലകള്‍ക്ക് 50 ലക്ഷം വീതം അനുവദിച്ചു.
എറണാകുളം ജില്ലയില്‍ 5 ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങി. ചങ്ങനാശേരി പായിപ്പാട്ട് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ലംഘിച്ച് രണ്ടായിരത്തോളം പേര്‍ റോഡില്‍ ഒത്തുകൂടിയെന്നും അവര്‍ക്കു ഭക്ഷണവും താമസവും ഏര്‍പ്പാടാക്കിയെന്നും സര്‍ക്കാര്‍ അറിയിച്ചു. സ്വദേശത്തേക്കു മടങ്ങാന്‍ ട്രെയിന്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം നിലവില്‍ സാധിക്കില്ലെന്നും സീനിയര്‍ ഗവ. പ്ലീഡര്‍ പി. നാരായണന്‍ മുഖേന സമര്‍പ്പിച്ച പത്രികയില്‍ പറയുന്നു.
https://www.facebook.com/Malayalivartha

























