വാഹനം കിട്ടാത്തതിനാല്‍ ആശുപത്രിയിലെത്താന്‍ കഴിയാതെ യുവതി വീട്ടില്‍ പ്രസവിച്ചു
അഞ്ചല്‍ ചണ്ണപ്പേട്ട ആനക്കുളം 4 സെന്റ് കോളനിയിലെ വീട്ടമ്മയായ യുവതി വീട്ടില്‍ പ്രസവിച്ചു. ആശുപത്രിയില്‍ എത്താന്‍ വാഹനം കിട്ടാത്തതിനെ തുടര്‍ന്നായിരുന്നു പ്രസവം വീട്ടിലാക്കേണ്ടി വന്നത്. പഞ്ചായത്ത് അംഗം വിവരം അറിഞ്ഞതോടെ ആരോഗ്യ വകുപ്പില്‍ അറിയിച്ചു. ആരോഗ്യ വകുപ്പ് അധികൃതര്‍ അഞ്ചല്‍ കാരുണ്യ കൂട്ടായ്മ പ്രവര്‍ത്തകരുടെ സഹായത്തോടെ ആംബുലന്‍സ് സംഘടിപ്പിച്ച് യുവതിയേയും കുഞ്ഞിനെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.
ലോക്ഡൗണ്‍ കാരണം വിഷമിക്കുന്നവര്‍ക്ക് സഹായം എത്തിക്കുമെന്നു കാരുണ്യ കൂട്ടായ്മയുടെ അറിയിപ്പ് ഇന്നലെ മലയാള മനോരമ പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതു കണ്ട ഡോക്ടറാണ് യുവതിയുടെ ദുരവസ്ഥ കാരുണ്യ കൂട്ടായ്മ പ്രവര്‍ത്തകരെ അറിയിച്ചത്.
നാലുസെന്റ് കോളനിയിലെ വിനീതയുടെ (33) ഭര്‍ത്താവ് ഒരു കേസില്‍ പ്രതിയായി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പു ജയിലിലായി. ഇത് വിനീതയുടെ മൂന്നാമത്തെ പ്രസവമാണ്. ഇന്നലെ രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ യുവതി സഹായം തേടിയിരുന്നു. ഒടുവില്‍ അലയമണ്‍ പ്രഥമികാരോഗ്യ കേന്ദ്രത്തിലെ 2 വനിതാ ജീവനക്കാരാണ് സഹായത്തിനെത്തിയത്.
തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് താമസിക്കുന്ന ഭര്‍തൃമാതാവ് പിന്നീട് താലൂക്ക് ആശുപത്രിയില്‍ എത്തി ചുമതല ഏറ്റെടുത്ത ശേഷമാണ് അലയമണ്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ ആശുപത്രി വിട്ടത്.
https://www.facebook.com/Malayalivartha