കെഎസ്ആര്‍ടിസി നിര്‍ത്തിയതോടെ പുറം ലോകവുമായുള്ള ബന്ധങ്ങള്‍ നിലച്ചിരുന്ന ഗവിയില്‍ എംഎല്‍എ ഇടപെട്ടു വാഹന സൗകര്യം ഒരുക്കി
കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, പത്തനംതിട്ട സീതത്തോട് ഗവിയിലെ തൊഴിലാളികള്‍ക്കു ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ വാഹനങ്ങള്‍ വിട്ടുനല്‍കാന്‍ കെഎഫ്ഡിസി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. ഗവി നിവാസികളുടെ ദുരിതത്തെപ്പറ്റി വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് നടപടി. ലോക്ഡൗണുമായി ബന്ധപ്പെട്ട് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി നിര്‍ത്തിയതോടെ പുറം ലോകവുമായുള്ള എല്ലാ ബന്ധങ്ങളും നിലച്ചിരുന്നു.
കെഎഫ്ഡിസി, തൊഴിലാളികള്‍ക്കു വാഹനം വിട്ടുനല്‍കാന്‍ തയ്യാറാകാഞ്ഞത് വ്യാപകമായ പരാതിക്കിടയാക്കിയിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ഏതാനും ദിവസം തൊഴിലാളികളെ ജോലി ചെയ്യിപ്പിച്ചതും വിവാദമായിരുന്നു. ഗവി നിവാസികള്‍ ഇതു സംബന്ധിച്ച പരാതി എംഎല്‍എ യോടു നേരിട്ട് പറഞ്ഞു. ഈ സമയം സ്ഥലത്ത് ഉണ്ടായിരുന്ന കെഎഫ്ഡിസി ഉദ്യോഗസ്ഥരെ എംഎല് എ പരസ്യമായി ശാസിച്ചു.
കക്കി, എട്ടു ഷെഡ്, ആനച്ചാല്‍, കൊച്ചു പമ്പ, പതിനാലാം മയില്‍, ഗവി, മീനാര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ എത്തിയ എംഎല്‍എ, തൊഴിലാളികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്തു. തൊഴിലാളികള്‍ ആവശ്യപ്പെടുന്ന സമയത്ത് വാഹനങ്ങള്‍ വിട്ടു നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്കി. വനം, റവന്യൂ,പൊലീസ്, പട്ടികവര്‍ഗ വികസനം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ഡോക്ടര്‍മാരെയും കൂട്ടി കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഭക്ഷണവും മരുന്നുമായാണ് എം.എല്‍.എ എത്തിയത്.
തൊഴിലാളികളെ ഡോക്ടര്‍മാര്‍ പരിശോധിച്ചു മരുന്നു നല്കി. 300 കുടുംബങ്ങള്‍ക്കാണ് ഗവിയില്‍ ഭക്ഷണ കിറ്റ് നല്‍കിയത്. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം റെഡ് ക്രോസ് സൊസൈറ്റിയാണ് ഭക്ഷണ സാധനങ്ങള്‍ എംഎല്‍എയ്ക്ക് കൈമാറിയത്.
എം.എല്‍.എയോടൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, വൈസ് പ്രസിഡന്റ് പി.ആര്.പ്രമോദ്,തഹസീല്‍ദാര്‍ ശ്രീകുമാര്‍ ,ആയുഷ് നോഡല്‍ ഓഫിസര്‍ ഡോ. എബി ഏബ്രഹാം, റെഡ് ക്രോസ് ജില്ലാ സെക്രട്ടറി കെ.ടി.രഞ്ജിത്ത്, വൈസ് ചെയര്മാന് സുബിന് വര്‍ഗീസ്, റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ അജയഘോഷ്, പട്ടികവര്‍ഗ വികസന വകുപ്പിന്റെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലെ ഡോ: ലക്ഷ്മി.ആര്.പണിക്കര്‍, ഗ്രാമപഞ്ചായത്തംഗം വി.കുമാര്‍, കൈത്താങ്ങ് പദ്ധതി പ്രവര്‍ത്തകരായ സംഗേഷ് ജി.നായര്‍, ജോബി.ടി.ഈശോ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha