അലനും താഹയും ജയില് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു ; പ്രത്യേകം പാര്പ്പിച്ച് നിരീക്ഷിക്കാന് തീരുമാനിച്ചതായി ജയില് ഡിജിപി ഋഷിരാജ് സിങ്

പന്തീരാങ്കാവ് യുഎപിഎ കേസില് റിമാന്ഡില് കഴിയുന്ന അലനും താഹയും ജയില് നിയമങ്ങള് അനുസരിക്കുന്നില്ലെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണെന്നും ജയില് ഡിജിപി ഋഷിരാജ് സിങ്. ഇവരെ പ്രത്യേകം പാര്പ്പിച്ച് നിരീക്ഷിക്കാന് തീരുമാനിച്ചതായി ഋഷിരാജ് സിങ്ങിന്റെ പത്രക്കുറിപ്പില് പറയുന്നു.
എറണാകുളം എന്ഐഎ കോടതിയില് ഹാജരാക്കുന്നതിനായി വിയ്യൂര് അതീവ സുരക്ഷാ ജയിലില് നിന്നും എറണാകുളം ജില്ലാ ജയിലിലേക്ക് താല്ക്കാലികമായി മാറ്റിയ അലന്, താഹ എന്നിവര് ജയിലില് പ്രവേശിപ്പിക്കുന്ന സമയം മുതല് നിയമാനുസൃതമായ ശരീരപരിശോധനയ്ക്ക് വഴങ്ങാതെ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചിരുന്നു. കൂടാതെ ജില്ലാ ജയിലില് കഴിയുന്ന സമയമത്രയും ജീവനക്കാരെ അസഭ്യം പറയുകയും നിയമാനുസരണമായ നിര്ദ്ദേശങ്ങള് അനുസരിക്കാതെയിരിക്കുകയും ചെയ്യുന്നു. ഇടപെടാനോ അനുനയിപ്പിക്കാനോ ശ്രമിക്കുന്ന ജീവനക്കാരെ ജയിലിനു പുറത്തു വച്ച് കൈകാര്യം ചെയ്യുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായും പത്രക്കുറിപ്പില് പറയുന്നു.
ഇക്കാര്യത്തില് എറണാകുളം ജില്ലാ ജയില് സൂപ്രണ്ട് എന്ഐഎ കോടതിക്ക് പരാതി നല്കിയിരുന്നു. ജീവനക്കാരുടെ റിപ്പോര്ട്ടിന്മേല് സിറ്റി പൊലീസ് കമ്മീഷണര്ക്ക് പരാതി നല്കാന് സുപ്രണ്ടിന് നിര്ദേശം നല്കിയിട്ടുണ്ട്. കോടതിയുടെ ഉത്തരവ് പ്രകാരം വിയ്യൂര് അതീവ സുരക്ഷാ ജയിലിലേക്ക് തിരികെ മാറ്റിയ തടവുകാരെ പ്രത്യേകം പാര്പ്പിച്ച് നിരീക്ഷിക്കാനും തീരുമാനമെടുത്തിട്ടുണ്ടെന്ന് ഋഷിരാജ് സിങ് അറിയിച്ചു.
https://www.facebook.com/Malayalivartha


























