ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്ട ജില്ലയിൽ ശനിയാഴ്ച പുലർച്ചെ 6 മണിയോടെയാണ് അപകടം സംഭവിച്ചത്. മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന് രാജസ്ഥാനിലെ ഖാതു ശ്യാം ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
മുതിർന്ന പൗരന്മാരും കുട്ടികളും ഉൾപ്പെടെ 25 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. എക്സ്പ്രസ് വേയിലെ ഫില്ലർ നമ്പർ 384-ന് സമീപം വെച്ച് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബസ് റോഡിൽ നിന്ന് മാറി 15 അടി താഴ്ചയുള്ള ഡ്രെയിനേജ് തോട്ടിലേക്ക് മറിയുകയും ചെയ്തു.പ്രദേശവാസികളും രക്ഷാപ്രവർത്തകരും ഉടൻ തന്നെ സംഭവസ്ഥലത്തെത്തി.
ഓടയിൽ വെള്ളവും ചെളിയും കെട്ടിക്കിടന്നത് തുടക്കത്തിൽ രക്ഷാപ്രവർത്തനത്തിന് തടസ്സമായെങ്കിലും പിന്നീട് ക്രെയ്നുകൾ ഉപയോഗിച്ച് ബസ് പുറത്തെടുക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരിൽ 17 പേരെ സമീപത്തെ രണ്ട് ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്.
കോട്ട ജില്ലാ കളക്ടർ പീയൂഷ് സമരിയയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ആശുപത്രി സന്ദർശിച്ച് പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കി. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
"
https://www.facebook.com/Malayalivartha



























