സുഹൈല് സജീവിന്റെ ശരീരത്തില് അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള് റിപ്പോര്ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!

സുഹൈലിന് കുരുക്ക് മുറുക്കി പരിശോധനാഫലം . വിമാനത്താവള റോഡിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിലെ മുഖ്യപ്രതി സുഹൈൽ സജീവ് മദ്യപിച്ചിരുന്നതായി കാക്കനാട് ലാബിലെ ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചു. സുഹൈലിന്റെ ശരീരത്തിൽ മദ്യത്തിന്റെ സാന്നിധ്യം വളരെ ഉയർന്ന അളവിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. സുഹൈല് സജീവിന്റെ ശരീരത്തില് അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം. സാമ്പിള് റിപ്പോര്ട്ട് ഞെട്ടിപ്പിക്കുന്നതാണെന്ന് പൊലീസ് പറയുന്നു. സിന്തറ്റിക് ലഹരിയുടെ സാന്നിധ്യം കണ്ടെത്താനായില്ല.
സുഹൈലിനെ പൊലീസ് ഇന്നലെ അപകടസ്ഥലത്തും നെടുമ്പാശേരിയിലെ ബാറിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് സുഹൈലിനെ വാനിൽ ഇരുത്തിയാണ് തെളിവെടുത്തത്. മറ്റു പ്രതികളെ കൊണ്ടുവന്നില്ല. അപകടം നടന്ന ഞായറാഴ്ച അങ്കമാലി താലൂക്ക് ആശുപത്രിയിൽ സുഹൈലിനു മർദനമേറ്റതിനാൽ കനത്ത പൊലീസ് കാവലിലാണ് ഇപ്പോൾ പ്രതിയെ താമസിപ്പിക്കുന്നത്.പരിസരവാസികളായ കെ.വി. വർഗീസ് കണിയത്ത്, ജോജിൻ കെ. ഈരാളിൽ എന്നിവരുടെ സാക്ഷിമൊഴികൾ പൊലീസ് രേഖപ്പെടുത്തി.
നെടുമ്പാശേരി മാരിയറ്റ് ബാറിൽ കഴിച്ച മദ്യത്തിന്റെ അളവും സമയവും സുഹൈൽ വിശദീകരിച്ചു. പ്രതികളുടെ വിരലടയാളം കാറിലെ വിരലടയാളങ്ങളുമായി ഒത്തുനോക്കി സ്ഥിരീകരിച്ചു.പ്രേരണക്കുറ്റം ചുമത്തിയ മറ്റു മൂന്ന് പ്രതികളെയും ചോദ്യം ചെയ്ത ശേഷം നാലുപേരെയും കോടതിയിൽ ഹാജരാക്കി,തുടർന്ന് കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി. അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്നു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കും.സുഹൈൽ അമിതമായി മദ്യപിച്ചിരുന്നതായി അപകടത്തിൻ്റെ ദൃക്സാക്ഷികൾ വ്യക്തമാക്കിയിരുന്നു. ഇത് ശരിവെക്കുന്നതാണ് പ്രതിയുടെ സാമ്പിൾ പരിശോധന റിപ്പോർട്ട്.
30 മില്ലിഗ്രാം മദ്യമാണ് അനുവദനീയമായ പരിധി. എന്നാൽ അഞ്ചിരട്ടിയിലധികം മദ്യം സുഹൈൽ കഴിച്ചുവെന്നാണ് പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സുഹൈൽ രാസലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച പരിശോധന ഫലം ലഭിക്കാൻ വൈകും. നിലവില് മദ്യപിച്ച് വാഹനമോടിച്ചതിനുള്ള വകുപ്പും (MV Act 185) പ്രതിക്കെതിരെ ചേര്ത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം ജാമ്യഹർജിയിൽ വാദം നടന്നപ്പോൾ, സുഹൈൽ മനപ്പൂർവം നടത്തിയ കുറ്റമല്ലെന്നും മാധ്യമങ്ങൾ ഊതിപ്പെരുപ്പിക്കുന്നതാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു.
പ്രതിയുടെ പ്രായം കണക്കിലെടുക്കണമെന്ന് പ്രതിഭാഗം ഉന്നയിച്ചപ്പോൾ മരണപ്പെട്ടവരും ചെറുപ്പക്കാരാണെന്ന് മറുഭാഗത്ത് നിന്ന് വാദം ഉയർന്നു. സുഹൈലിന്റെ ജാമ്യത്തെ ശക്തമായി എതിർക്കാനാണ് പൊലീസിൻ്റെ തീരുമാനം. പ്രതിയും പ്രതിയുടെ കുടുംബവും സമൂഹത്തിൽ പിടിപാടുള്ളവരാണെന്നും പ്രതി പുറത്തിറങ്ങിയാൽ സാക്ഷികളെ അടക്കം സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാകും പൊലീസ് ജാമ്യാപേക്ഷയെ എതിർക്കുക.
https://www.facebook.com/Malayalivartha



























