സിപിഎം കുഞ്ഞനന്തന് അന്ത്യാഞ്ജലി ഒഞ്ചിയത്തിന്റെ മണ്ണില് ഒരുക്കി!

ജയില് ശിക്ഷ അനുഭവിക്കവേ ആശുപത്രിയില് മരിച്ച സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തന്റെ ഭൗതിക ശരീരം സിപിഎം പൊതുദര്ശനത്തിനുവച്ചത് ടി.പി.ചന്ദ്രശേഖരന് വെട്ടേറ്റു വീണു മരിച്ച ഒഞ്ചിയത്തിന്റെ മണ്ണില്. ആ കേസിലെ 13-ാം പ്രതിയായിരുന്ന പി.കെ.കുഞ്ഞനന്തന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല് കോളജില് നിന്ന് ആംബുലന്സില് പാനൂരിലേക്കു കൊണ്ടുപോകും വഴിയാണു വടകര കൈനാട്ടിയില് അന്ത്യാഞ്ജലി അര്പ്പിക്കാന് പാര്ട്ടി പ്രവര്ത്തകര്ക്കും നേതാക്കള്ക്കും സൗകര്യമൊരുക്കിയത്.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയാണു മൃതദേഹത്തോടൊപ്പം ആംബുലന്സില് ഉണ്ടായിരുന്നത്. സംസ്ഥാന സമിതി അംഗം പി. സതീദേവിയുടെയും ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി.ബിനീഷിന്റെയും നേതൃത്വത്തിലായിരുന്നു അന്തിമോപചാരം. നേതാക്കള് ആംബുലന്സിലേക്കു കയറി മൃതദേഹത്തില് പുഷ്പചക്രം അര്പ്പിച്ച് അഭിവാദ്യം ചെയ്തു.
സിപിഎമ്മുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്ന്നു പാര്ട്ടി വിട്ട ടി.പി.ചന്ദ്രശേഖരന് ആര്എംപി രൂപീകരിച്ചു പ്രവര്ത്തിക്കുന്നതിനിടെയാണ് 2012 മേയ് 4-ന് കൊല്ലപ്പെടുന്നത്. കേസില് കുഞ്ഞനന്തന് ഉള്പ്പെടെ 11 പേരെയാണ് കോടതി ശിക്ഷിച്ചത്. സിപിഎം നേതാക്കളുടെ വിശ്വസ്തനായ കുഞ്ഞനന്തന് ടി.പി.ചന്ദ്രശേഖരന് വധക്കേസില് ഉള്പ്പെട്ടുവെന്ന പൊലീസ് കണ്ടെത്തലിനെ തുടര്ന്നു പാര്ട്ടി പ്രതിസന്ധിയിലായിരുന്നു. ടിപി വധവുമായി സിപിഎമ്മിനു ബന്ധമില്ലെന്നു നേതാക്കള് ആവര്ത്തിക്കുമ്പോഴും കുഞ്ഞനന്തന്റെ പങ്ക് ചോദ്യമായി അവശേഷിച്ചിരുന്നു.
കേസില് ഗൂഢാലോചന കുറ്റത്തിനാണു കുഞ്ഞനന്തന് ശിക്ഷിക്കപ്പെട്ടത്. കുഞ്ഞനന്തനുമായുള്ള പാര്ട്ടി നേതാക്കളുടെ അടുപ്പം മരണാനന്തര ചടങ്ങുകളിലും അനുശോചനങ്ങളിലും സമൂഹ മാധ്യമങ്ങളിലെ അഭിപ്രായങ്ങളിലും പ്രകടമായി. സിപിഎമ്മിന്റെ ഉന്നത നേതാക്കള് അറിയാതെ ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്താന് ഗൂഢാലോചന നടക്കുമായിരുന്നില്ലെന്നു കരുതുന്നവര് ഏറെയുണ്ട്. ആ സംശയവഴിയില് അന്വേഷണം മുന്നോട്ടു പോകാതിരുന്നതു കുഞ്ഞനന്തനെന്ന പാര്ട്ടി വിശ്വസ്തന്റെ നിലപാടുകൊണ്ടാണെന്നാണു വിലയിരുത്തല്. ആ കടപ്പാടാണ് പാര്ട്ടി മരണ ശേഷവും കുഞ്ഞനന്തനോടു കാണിക്കുന്നതെന്ന അഭിപ്രായമാണ് ടിപി വധത്തിനു ന്യായീകരണമില്ലെന്നു വിശ്വസിക്കുന്നവര്ക്കുള്ളത്.
എല്ലാറ്റിനും മറുപടിയെന്നോണം ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ കുഞ്ഞനന്തന്റെ മരണത്തിനു ശേഷം സമൂഹ മാധ്യമത്തില് പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ ഏറെ ചര്ച്ച ചെയ്യപ്പെട്ടു. കല്യാണ സദ്യയ്ക്ക് ടിപി ചോറുവിളമ്പുന്ന പടമാണ് 'എന്റെ സഖാവേ..' എന്ന അടിക്കുറിപ്പോടെ രമ പോസ്റ്റ് ചെയ്തത്.

യുഡിഎഫ് ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയും നിരപരാധിയുമെന്ന വിശേഷണത്തോടെയാണു സിപിഎം പി.കെ.കുഞ്ഞനന്തന് അന്ത്യയാത്ര ഒരുക്കിയത്; പൊലീസും നീതിപീഠവും അങ്ങനെ കരുതുന്നില്ലെങ്കിലും.
പി.കെ.കുഞ്ഞനന്തന്റെ മൃതദേഹം പാനൂര് പാറാട്ടെ വീട്ടുവളപ്പില് സിപിഎം പ്രവര്ത്തകരുടെയും നേതാക്കളുടെയും സാന്നിധ്യത്തില് സംസ്കരിച്ചു.
https://www.facebook.com/Malayalivartha


























