തൃശ്ശൂര് ജില്ലയില് നിയന്ത്രണങ്ങള് കര്ശനമാക്കുന്നു... ഗുരുവായൂര് ക്ഷേത്രത്തില് ഓണ്ലൈന്വഴി ബുക്ക് ചെയ്തുള്ള ദര്ശനം നിര്ത്തിവെച്ചു, വിവാഹങ്ങളും ഉണ്ടാകില്ല

തൃശ്ശൂര് ജില്ലയില് നിയന്ത്രണങ്ങള് കര്ശനമാക്കുന്നു. ഇന്നലെ ജില്ലയില് 14 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില് ആറ് ആരോഗ്യപ്രവര്ത്തകരടക്കം ഏഴുപേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് പകര്ന്നത്. സംസ്ഥാനത്ത് വെള്ളിയാഴ്ച സമ്പര്ക്കത്തിലൂടെ കൂടുതല് പേര്ക്ക് രോഗം പകര്ന്നതും തൃശ്ശൂരിലാണ്. വ്യത്യസ്ത വിഭാഗങ്ങളിലെ ജീവനക്കാര്ക്ക് രോഗം സ്ഥിരീകരിച്ചതിനാല് ജില്ലയിലെ ചാവക്കാട് താലൂക്ക് ആശുപത്രിയുടെ പ്രവര്ത്തനം നിലച്ചു.
ഇതിനുപുറമേ ഒന്നിലേറെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാര്ക്കും ആശാപ്രവര്ത്തകര്ക്കും രോഗം സ്ഥിരീകരിച്ചു. പത്ത് തീവ്രവ്യാപനമേഖലകളാണ് ജില്ലയിലുള്ളത്. ഇതില്പ്പെടുന്ന ചാവക്കാട് നഗരസഭാ പ്രദേശം മുഴുവനായി ലോക്ഡൗണിലായി. പ്രധാന ആരാധനാലയങ്ങളായ ഗുരുവായൂര് ക്ഷേത്രത്തിലും തൃശ്ശൂര് ലൂര്ദ് പള്ളിയിലും ഒരറിയിപ്പുണ്ടാകുന്നതുവരെ പ്രവേശനമുണ്ടാകില്ല. ഗുരുവായൂര് ക്ഷേത്രത്തില് ഓണ്ലൈന്വഴി ബുക്ക് ചെയ്തുള്ള ദര്ശനം നിര്ത്തിവെച്ചു. വിവാഹങ്ങളും ഉണ്ടാകില്ല. എന്നാല്, ശനിയാഴ്ച ബുക്ക് ചെയ്ത രണ്ട് വിവാഹങ്ങള്ക്ക് തടസ്സമില്ല. കോവിഡുമായി ബന്ധപ്പെട്ട് കൂടുതല് നിയന്ത്രണം ആവശ്യമായി വന്നതിനാലാണ് നടപടിയെന്ന് ദേവസ്വം ബോര്ഡ് അറിയിച്ചു.
വെള്ളിയാഴ്ച മൂന്നു വിവാഹങ്ങള് നടന്നു. ഓഗസ്റ്റ് 28 വരെ വിവാഹങ്ങള് ശീട്ടാക്കിയിട്ടുണ്ട്. ഇവ നിര്ത്തിവെച്ച സാഹചര്യത്തില് ശീട്ടാക്കിയ തുക തിരിച്ചുകൊടുക്കും. വെള്ളിയാഴ്ച 88 പേര് ദര്ശനം നടത്തി. ഉച്ചയ്ക്ക് 12.15-ന് ദര്ശനം അവസാനിച്ചു. 12.30-ന് ക്ഷേത്രനട അടച്ചു. ചൊവ്വാഴ്ച ദര്ശനം പുനരാരംഭിച്ച് നാലുദിവസം പിന്നിട്ടിട്ടും ഭക്തര് കാര്യമായി വന്നുതുടങ്ങിയിരുന്നില്ല. ക്ഷേത്രം അടച്ചുവെങ്കിലും പുറത്ത് ദീപസ്തംഭത്തിനടുത്തുനിന്ന് തൊഴുന്നതിന് തടസ്സമില്ല. രാവിലെ ഒമ്പതരവരെ ഭക്തരെ നിയന്ത്രിച്ചാണ് ഇവിടേക്ക് വിടുക.
https://www.facebook.com/Malayalivartha


























