പെട്രോള് ടാങ്കര് ലോറിയില് ചോര്ച്ച, 7 മണിക്കൂര് ആശങ്കയും ഭീതിയും...!

കോട്ടയം ഇരുമ്പനത്തു നിന്നും തിരുവനന്തപുരത്തേക്ക് ഇന്ധനം നിറച്ചു പോയ ടാങ്കര് ലോറിയില് ചോര്ച്ച കണ്ടെത്തിയത് 7 മണിക്കൂറോളം നഗരത്തെ ആശങ്കയിലും ഭീതിയിലും ആക്കി. അഗ്നിരക്ഷാ സേനയുടെ ആത്മവീര്യത്തില് അപകട രഹിതമാക്കി.
ചൂട്ടുവേലിയില് വച്ച് പെട്രോളിന്റെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്ന്നു ടാങ്കറിനു പിന്നാലെയെത്തിയ ബൈക്കു യാത്രക്കാരും ഓട്ടോ റിക്ഷ ഡ്രൈവര്മാരുമാരും നാഗമ്പടം മഹാദേവ ക്ഷേത്രത്തിനു മുന്പില് വച്ച് ടാങ്കര് ലോറി തടഞ്ഞു നിര്ത്തി. ഇന്നലെ രാവിലെ 11 മണിക്കാണ് സംഭവം. തുടര്ന്ന് ഇവര് ക്ഷേത്ര മൈതാനത്തേക്കുള്ള വഴി ടാങ്കര് ഡ്രൈവര്ക്ക് കാട്ടികൊടുത്തു. മീനച്ചിലാറിനു കരയില് ബലി തര്പ്പണം നടത്തുന്ന കടവിന്റെ വിശാലമായ മൈതാനത്ത് ലോറി കയറ്റി ഇട്ടു.
ഓട്ടോ ഡ്രൈവര്മാര് വിവരം അറിയിച്ചതിനെ തുടര്ന്നു അഗ്നി രക്ഷാസേനയുടെ 12 പേരടങ്ങുന്ന സംഘം എത്തി. ഇതോടൊപ്പം തന്നെ വെസ്റ്റ്, ഈസ്റ്റ് പൊലീസും എത്തി വന് സുരക്ഷ ഒരുക്കി. മൂന്നു അറകളിലായി 12000 ലീറ്റര് ഇന്ധനമാണ് ടാങ്കറില് ഉണ്ടായിരുന്നത്. ടാങ്കറിന്റെ ഏറ്റവും അടിയിലെ തുരുമ്പെടുത്ത വാല്വില് നിന്നു ചെറിയ തുള്ളിയായി ചോര്ച്ച കണ്ടെത്തി. എന്നാല് അഗ്നി രക്ഷാസേനയ്ക്ക് ചോര്ച്ച അടയ്ക്കാന് കഴിഞ്ഞില്ല.
ചോര്ച്ച അടയ്ക്കാനാവാത്തതിനെ തുടര്ന്നു ഇന്ധനം മറ്റൊരു ടാങ്കറിലേക്ക് മാറ്റാന് തീരുമാനിച്ചു. അതിനായി ചിങ്ങവനത്തു നിന്നു ടാങ്കര് എത്തിച്ചെങ്കിലും പെട്രോള് മാറ്റുന്നതിനുള്ള പമ്പ് ഉണ്ടായിരുന്നില്ല. കൈകൊണ്ട് പ്രവര്ത്തിപ്പിക്കാവുന്ന പമ്പ് ഇരുമ്പനത്തെ ഗോഡൗണില് നിന്നു എത്തിക്കേണ്ടി വന്നു.
അതുവരെ ടാങ്കര് ലോറി അപകടം വരുത്താതെ ,സംരക്ഷിച്ചു നിര്ത്തുകയെന്ന വലിയ ദൗത്യമാണ് അഗ്നി രക്ഷാ സേന നിര്വഹിച്ചത്. വൈകിട്ട് 6 മണിയോടെയാണ് ഇന്ധനം മറ്റിയത്. ഈ സമയമത്രയും അഗ്നിരക്ഷാ സേന, സോപ്പ് കലര്ന്ന ലായനി ടാങ്കറിലും പരിസരത്തും ഒഴിച്ചു കൊണ്ടിരുന്നു. സമീപത്തെ വീടുകളിലെ വൈദ്യുതി - പാചകവാതക കണക്ഷനുകള് വിഛേദിച്ചിരുന്നു.
ഇതുവഴി കടന്നു പോയവരുടെ മൊബൈല് ഫോണുകളും സ്വിച്ച് ഓഫാക്കി. സമീപ വീടുകളിലെ കന്നുകാലികളെയും മാറ്റിയിരുന്നു. ഫയര് ഫോഴ്സ് സ്റ്റേഷന് ഓഫിസര് കെ.ആര്. ഷിനോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്ത്തനത്തിനു നേതൃത്വം നല്കിയത്.
https://www.facebook.com/Malayalivartha


























