എം.ഡിക്കും യൂണിയന്‍ നേതാക്കള്‍ക്കും ഇടയില്‍ സ്വരചേര്‍ച്ചയില്ല; വായ്പ അനുവദിക്കുന്നതില്‍ നിന്നും തിരുവനന്തപുരത്തുകാരെ ഒഴിവാക്കി, അപേക്ഷകള്‍ പോലും സ്വീകരിക്കുന്നില്ല

കേരളത്തിലെ സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക മേഖലയിലെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ തിരുവനന്തപുരം ജില്ലക്കാര്‍ക്ക് മാത്രം വായ്പകള്‍ അനുവദിക്കുന്നില്ല. കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറും തൊഴിലാളി യൂണിയന്‍ നേതാക്കളും തമ്മിലുള്ള സംഘര്‍ഷമാണ് സാധാരണക്കാരായ സ്ത്രീകള്‍ക്ക് വായ്പ നിഷേധിക്കുന്നതിന് പിന്നിലുള്ള കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സി.പി.എമ്മിന്റെ തന്നെ പ്രതിനിധിയായ മാനേജിംഗ് ഡയറക്ടര്‍ സി.പി.എമ്മിന്റെ തന്റെ തൊഴിലാളി സംഘടനയായ വനിത വികസന കോര്‍പ്പറേഷന്‍ എംപ്ലോയീസ് യൂണിയന്‍ ഭാരവാഹികളുമായി കൊമ്പുകോര്‍ക്കുമ്പോള്‍ സി.പി.എം നേതൃത്വം ഇടപെടാന്‍ സാധിക്കാതെ മാറി നില്‍ക്കുകയാണ്. സി.പി.എം നോമിനിയായിയാണ് വി.സി ബിന്ദു കോര്‍പ്പറേഷന്റെ എം.ഡിയായിയെത്തുന്നത്. വനിതാ വികസന കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്കായി സി.പി.എം സംഘടന രൂപീകരിച്ചതും സംഘടനാ തീരുമാനങ്ങള്‍ എം.ഡിയുടെ അനുമതിയില്ലാതെ തന്നെ കോര്‍പ്പറേഷനില്‍ നടപ്പാക്കാന്‍ തുടങ്ങിയതുമാണ് എം.ഡിയെ ചൊടിപ്പിച്ചത്. സംഘടനക്ക് നേതൃത്വം നല്‍കുന്ന തിരുവനന്തപുരം സ്വദേശികളായതോടെ മുഴുവന്‍ തിരുവനന്തപുരം ജില്ലക്കാര്‍ക്കെതിരെയായി എം.ഡിയുടെ യുദ്ധ പ്രഖ്യാപനം. ഇതിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല താലൂക്കിലെയൊഴികെയുള്ള താലൂക്കില്‍ നിന്നുള്ളവരുടെ അപേക്ഷകള്‍ പോലും സ്വീകരിക്കാത്ത അലിഖിതമായ തീരുമാനം കോര്‍പ്പറേഷന്റെ ഭാഗത്തു നിന്നുമുണ്ടായതെന്നാണ് വിലയിരുത്തപ്പെടുന്നത്.
1988 ലാണ് കേരളാ വനിതാ വികസന കോര്‍പ്പറേഷന്‍ നിലവില്‍ വന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാറന്റിയോടെ ജനങ്ങളില്‍ എത്തിക്കുകയാണ് കോര്‍പ്പറേഷന്‍ ചെയ്യുന്നത്. വനിതകള്‍ക്ക് സ്വയം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വളരെ കുറഞ്ഞ പലിശ നിരക്കില്‍ വായ്പകള്‍ അനുവദിക്കാന്‍ നിരവധി പദ്ധതികളും കോര്‍പ്പറേഷന്റെ കീഴിലുണ്ട്. കോര്‍പ്പറേഷന്‍ ആസ്ഥാനത്തിന് പുറമേ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് റീജണനല്‍ ആസ്ഥാനങ്ങളുമാണ് കോര്‍പ്പറേഷനുള്ളത്. ഇതിനോടകം 28918 പേര്‍ക്കായി 256 കോടി രൂപയുടെ വയ്പ കോര്‍പ്പറേഷന്‍ വിതരണം ചെയ്തിട്ടുണ്ട്. ഈ നടപ്പു സാമ്പത്തിക വര്‍ഷത്തേക്ക് 33 കോടി രൂപയുടെ ഫണ്ടാണ് കോര്‍പ്പറേഷന് അനുവദിച്ചിരുന്നത്. ഇതില്‍ നിന്നും തിരുവനന്തപുരം ജില്ലയെ ഒഴുവാക്കുന്ന നടപടിയാണ് എം.ഡിയുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത്.
ജില്ലയിലെ വായ്പകള്‍ക്കുള്ള അപേക്ഷകള്‍ പോലും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ആസ്ഥാനവും തിരുവനന്തപുരം റീജണല്‍ ഓഫീസും ഉള്‍പ്പെടെ വനിതാ വികസന കോര്‍പ്പറേഷന്റെ രണ്ടു ഓഫീസുകളാണ് തലസ്ഥാന ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. എം.ഡി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെല്ലാം തിരുവനന്തപുരം ജില്ലയില്‍ നിന്നും പ്രവര്‍ത്തിക്കുന്നവരാണ്. എന്നിട്ടും തിരുവനന്തപുരം ജില്ലക്കാരോട് മാത്രം കാണിക്കുന്ന ഈ നീതി നിഷേധത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
https://www.facebook.com/Malayalivartha


























