ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ഗതാഗത ക്രമീകരണം

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര നടക്കുന്നത് പ്രമാണിച്ച് ഒക്ടോബർ 20ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും . വൈകുന്നേരം നാല് മണി മുതൽ രാത്രി ഒൻപത് മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ തൽക്കാലികമായി നിർത്തിവെക്കുക.ഇതുകൂടാതെ പള്ളിവേട്ട പ്രമാണിച്ച് നാളെയും (ഒക്ടോബർ 19), ആറാട്ട് ഘോഷയാത്ര പ്രമാണിച്ച് മറ്റന്നാളും (ഒക്ടോബർ 20) നഗരത്തിൽ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.
പള്ളിവേട്ട ദിനത്തിലെ ഗതാഗത ക്രമീകരണം ഇങ്ങനെ....
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പള്ളിവേട്ടയോടനുബന്ധിച്ച് 19ന് ഉച്ചയ്ക്ക് 2 മണി മുതൽ ഗതാഗത ക്രമീകരണങ്ങളുണ്ടാകും. 2 മണി മുതൽ രാത്രി 9 മണി വരെ വാഴപ്പള്ളി, പടിഞ്ഞാറേനട, മിത്രാനന്ദപുരം, പടിഞ്ഞാറേ കോട്ട, എസ്.പി ഫോർട്ട് ആശുപത്രി ജംഗ്ഷൻ, വടക്കേനട, പത്മവിലാസം റോഡ്, ശ്രീകണ്ഠേശ്വരം പാർക്ക് എന്നിവിടങ്ങളിലെ റോഡുകളിൽ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഈ റോഡുകളിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും. നിയമനടപടികൾ സ്വീകരിക്കും. വേട്ടക്കളം ഒരുക്കിയിരിക്കുന്ന സുന്ദരവിലാസം കൊട്ടാരം ഭാഗത്ത് റോഡിൽ ഉച്ചയ്ക്ക് 2 മുതൽ വാഹനഗതാഗതത്തിന് ഭാഗികമായ നിയന്ത്രണമുണ്ടായിരിക്കും.
പള്ളിവേട്ട ഘോഷയാത്രയോട് അനുബന്ധിച്ച് രാത്രി 7.30 മുതൽ 9 വരെ വാഴപ്പള്ളി ജംഗ്ഷൻ, പടിഞ്ഞാറേ നട, പടിഞ്ഞാറേ കോട്ട, ശ്രീകണ്ഠേശ്വരം പാർക്ക്, വടക്കേനട, പത്മവിലാസം റോഡ് എന്നീ ഭാഗങ്ങളിൽ കൂടിയുള്ള വാഹനഗതാഗതം വഴിതിരിച്ചു വിടുന്നതാണ്.
https://www.facebook.com/Malayalivartha


























