ഉത്രയെ ആദ്യം കടിച്ച അണലിയെ വീടിന്റെ മുകളില്‍നിന്നു വലിച്ചെറിഞ്ഞെന്നാണു പ്രതിയായ ഭര്‍ത്താവ് സൂരജിന്റെ മൊഴി; വാവാ സുരേഷിന്റെ സഹായം തേടും; സുരേഷിനു പാമ്പിന്‍വിഷം കടത്തുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നു വനം വകുപ്പിന്റെ കണ്ടെത്തല്‍

ഉത്ര കൊലക്കേസില്‍ വനം വകുപ്പിന്റെ കസ്റ്റഡിയില്‍ കഴിയുന്ന പാമ്പുപിടുത്തക്കാരന് ചാവര്‍കോട് സുരേഷിനു പാമ്പിന്‍വിഷം കടത്തുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നു വനം വകുപ്പിന്റെ കണ്ടെത്തല്‍. ലഹരി മരുന്നുകള്‍ ഉണ്ടാക്കാനാണ് ഇത്തരക്കാര്‍ ഇത് ഉപയോഗിക്കുന്നത്. ഇവരെ കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നു വനപാലകര്‍ വ്യക്തമാക്കി. പിടികൂടുന്ന പാമ്പുകളെ ജനവാസ കേന്ദ്രങ്ങളില്‍ ഇറക്കി വിടുന്നത് സുരേഷിന്റെ പതിവാണെന്നു കണ്ടെത്തിയിരുന്നു.
സൂരജിനെയും സുരേഷിനെയും ഇന്നു രാവിലെ ഉത്രയുടെ വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഉത്രയെ ആദ്യം കടിച്ച അണലിയെ വീടിന്റെ മുകളില്‍നിന്നു വലിച്ചെറിഞ്ഞെന്നാണു പ്രതിയായ ഭര്‍ത്താവ് സൂരജ് മൊഴി നല്‍കിയത്. 4.5 മീറ്റര്‍ ഉയരമുള്ള സ്ഥലത്തുനിന്നു വീണ പാമ്പിനു ജീവഹാനി ഉണ്ടാകില്ലെന്നും ഇഴഞ്ഞു പോകാനാണു സാധ്യതയെന്നും ജന്തുശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ വാവാ സുരേഷിന്റെ മൊഴിയെടുക്കുമെന്ന് റേഞ്ച് ഓഫിസര്‍ ബി.ആര്.ജയന് അറിയിച്ചു. സുരേഷിന്റെ വീട്ടില്‍ വിരിഞ്ഞ 2 മൂര്‍ഖന്‍ കുഞ്ഞുങ്ങള്‍ ചത്തുപോയെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. ഇവയുടെ ജഡങ്ങള്‍ ഇന്നു പുറത്തെടുത്ത് തിരുവനന്തപുരം മൃഗശാലയിലെ ഡോ.ജേക്കബിന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.
അതുപോലെതന്നെ സൂരജിന് പാമ്പ് പിടുത്തക്കാരന് അണലിയെ കൈമറിയത് വീടിന് സമീപത്ത് വെച്ചെന്ന് വനംവകുപ്പ്. പാമ്പ് പിടുത്തക്കാരന് സുരേഷ് ഫെബ്രുവരി 26ന് കാറില്‍ പാമ്പിനെ പാറക്കോട്ടെ വീട്ടിലെത്തിക്കുകയായിരുന്നു. മൂര്‍ഖന്‍ പാമ്പിനെ കൈമാറിയത് മാര്‍ച്ച് ഏഴിന് ഏനാത്ത് വെച്ചായിരുന്നു. പാമ്പിനെ കൈകാര്യം ചെയ്യുന്നതിന് സൂരജിന് പരിശീലനം ലഭിച്ചു. ഇതിന് സോഷ്യല്‍ മീഡിയയുടെ സഹായം തേടിയിരുന്നുവെന്നും വനംവകുപ്പ്. ഉത്ര കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളും അന്വേഷണവുമായി സഹകരിക്കുന്നുവെന്നും വനംവകുപ്പ് വ്യക്തമാക്കി.
അതേസമയം പാമ്പുപിടിത്തക്കാരന് സുരേഷ് മനുഷ്യന് ഉപദ്രവകരമായി പാമ്പുകളെ ഉപയോഗിക്കുന്നയാളാണെന്നു വനം വകുപ്പ് കണ്ടെത്തി. സുരേഷ് പിടികൂടുന്ന പാമ്പുകളെ ജനവാസ കേന്ദ്രങ്ങളില്‍ ഇറക്കി വിടുമായിരുന്നു. വീട്ടില്‍ വിരിഞ്ഞ മൂര്‍ഖന്‍ പാമ്പിന്റെ കുഞ്ഞുങ്ങളെ തുറന്നു വിട്ടത് ചാത്തന്നൂര്‍ അടുതല പാലത്തിനു സമീപമാണ്. ഇത്തരം പ്രവൃത്തികള്‍ മുന്‍പും ചെയ്തിരുന്നതായി ചോദ്യം ചെയ്യലില്‍ സുരേഷ് സമ്മതിച്ചു. വനം വകുപ്പിന്റെ കസ്റ്റഡിയില്‍ കഴിയുന്ന സൂരജിനെയും സുരേഷിനെയും ഇന്നലെ കല്ലുവാതുക്കല്‍, ചാത്തന്നൂര്‍ പ്രദേശങ്ങളില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. ഉത്രയെ കൊലപ്പെടുത്താന്‍ സൂരജ് ആദ്യം ഉപയോഗിച്ച അണലിയെ ചാവര്‍കോട് സുരേഷ് കല്ലുവാതുക്കല്‍ ശാസ്ത്രിമുക്കിലെ പുരയിടത്തില്‍നിന്നു പിടിച്ചതാണെന്നു കണ്ടെത്തി. പ്രതികളെ പരിസരവാസികള്‍ തിരിച്ചറിഞ്ഞു.
ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് എടുത്ത കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് ഇന്നലെയും നടന്നു. 1972 വന്യജീവി സംരക്ഷണ നിയമ പ്രകാരം മൂന്ന് കേസുകളാണ് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെക്ഷന്‍ 931 പ്രകാരമാണ് നടപടി ഇപ്പോള്‍ പുരോഗമിക്കുന്നത്. വന്യജീവിയെ വേട്ടയാടി പിടിച്ചു, അനധികൃതമായി കൈവശം വെച്ചു, കൊലപാതകത്തിന് ഉപയോഗിച്ചു എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.കേസുമായു ബന്ധപ്പെട്ട് സൂരജിന്റെ അമ്മയെയും സഹോദരിയെയും വനംവകുപ്പ് ചോദ്യംചെയ്യും. ഇരുവരോടും വനംവകുപ്പ് ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























