ഭരണമുന്നണിയിലെ ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് (സ്കറിയ തോമസ്) യുവജന വിഭാഗം മുന്‍ നേതാവ് പിഎസ്സി നിയമനം വാഗ്ദാനം ചെയ്ത് 4 ലക്ഷം തട്ടി

ഭരണമുന്നണിയിലെ ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് (സ്കറിയ തോമസ്) യുവജന വിഭാഗം മുന്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ജോസഫ് ചെച്ചോടത്ത് പിഎസ്സി നിയമനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയതിന്റെ രേഖകള്‍ പുറത്ത്.
പണം വാങ്ങിയതിന് തെളിവായി മുദ്രപ്പത്രത്തില്‍ കരാര്‍ ഒപ്പിട്ടത് സഹിതം പുറത്തു വന്നു. പിഎസ്സി അംഗമായി പാര്‍ട്ടി നോമിനി വരുമെന്നു മുന്‍കൂട്ടി കണ്ടായിരുന്നു തട്ടിപ്പെന്ന് സംശയിക്കുന്നു.
തൃപ്പൂണിത്തുറ സ്വദേശിയ്ക്ക് പിഎസ്സിയില് പിന്‍വാതില്‍ നിയമനം വാഗ്ദാനം ചെയ്തു 2019 ജൂണ്‍ 15-ന്് മുന്‍കൂര്‍ തുകയായി 3 ലക്ഷം രൂപ രാജീവ് വാങ്ങിയിരുന്നു. ബാക്കി ഒരു ലക്ഷം 2020 ജനുവരി ഒന്നിന് ബാങ്ക് വഴി കൈമാറി. പണം വാങ്ങിയിട്ടും ജോലി നല്‍കാതിരുന്നതിനെ തുടര്‍ന്നു തൃപ്പൂണിത്തുറ സ്വദേശി പാര്‍ട്ടി നേതൃത്വത്തെ ബന്ധപ്പെട്ടതോടെയാണ് കരാര്‍ ഉണ്ടാക്കിയത്.
പരാതിക്കാര്‍ നിയമ നടപടികളിലേക്ക് കടക്കാത്തത് ജോലി ലഭിച്ചില്ലെങ്കില്‍ പണം മടക്കി നല്‍കുമെന്ന് കരാറില്‍ വ്യവസ്ഥയുളളതിനാലാണെന്നാണ്
സൂചന. സമാന ഇടപാടുകള്‍ വേറെയുമുണ്ടെന്ന് സൂചന ലഭിച്ച പാര്‍ട്ടി അവ പരിഹരിക്കാന്‍ നിര്‍ദേശം നല്‍കിയതായി പറയുന്നു. തൃപ്പൂണിത്തുറ സ്വദേശി പരാതിയുമായി എത്തിയിരുന്നതായി പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് ബോബന് ടി.തെക്കേല്‍ സ്ഥിരീകരിച്ചു.
പാര്‍ട്ടി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റായിരുന്ന രാജീവിനെ ഒരു വര്‍ഷം മുന്‍പ് പ്രകടനം മോശമായതിനെ തുടര്‍ന്നു ജില്ലാ ഭാരവാഹിത്വത്തിലേക്കു മാറ്റിയിരുന്നു. തട്ടിപ്പ് അറിഞ്ഞതോടെ രാജീവിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ കഴിഞ്ഞ മാസം ജില്ലാ ഘടകത്തിനു നിര്‍ദേശം നല്‍കിയിരുന്നതായും ഈ മാസം 6-ന് പുറത്താക്കിയതായും പാര്‍ട്ടി ചെയര്മാന് സ്കറിയ തോമസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























