രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി ഉന്നതാധികാര സമിതിയില്‍ ധാരണ

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം എംഎല്‍എമാരായ റോഷി അഗസ്റ്റിനും എന്‍.ജയരാജും രണ്ടു മുന്നണിക്കും വോട്ടു ചെയ്യില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതിയിലാണ് ഈ ധാരണ.
യുഡിഎഫില്‍ നിന്നു പുറത്തുനില്‍ക്കുന്ന ജോസ് വിഭാഗം 24-നു നടക്കുന്ന തിരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നിലപാടു രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ആകാംക്ഷ ഉയര്‍ത്തിയിരുന്നു. അന്തിമ തീരുമാനം എടുക്കാന്‍ നിയമസഭാകക്ഷി യോഗത്തെ ചുമതലപ്പെടുത്തിയെന്നാണ് പാര്‍ട്ടി വ്യക്തമാക്കിയതെങ്കിലും വിട്ടുനില്‍ക്കാനുള്ള തീരുമാനം യോഗത്തിലുണ്ടായി.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ എതിര്‍ത്തു വോട്ടു ചെയ്യണമെന്ന അഭിപ്രായം യോഗത്തില്‍ വന്നിരുന്നു. എന്നാല്‍ തല്ക്കാലം സ്വതന്ത്രമായി നില്ക്കാന് തീരുമാനിച്ചതിനാല്‍ അതേ നിലപാടു നിയമസഭയിലും ഉയര്‍ത്തിപ്പിടിക്കണമെന്ന അഭിപ്രായം അംഗീകരിച്ചു. മുന്നണിയില്‍ നിന്ന് ഒഴിവാക്കിയതിനു, വിട്ടുനില്‍ക്കുന്നതു തന്നെ യുഡിഎഫിന് അര്‍ഹമായ മറുപടിയാണെന്ന വിലയിരുത്തലുമുണ്ടായി.
വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കണം എന്ന നിര്‍ദേശം, പിളര്‍പ്പിനു മുന്‍പു നിയമസഭാകക്ഷി വിപ്പ് ആയിരുന്ന റോഷി അഗസ്റ്റിന് , ജോസഫ് പക്ഷ എംഎല്‍എമാര്‍ക്ക് അടക്കം നല്‍കും. പിളര്‍പ്പിനു ശേഷം മോന്‍സ് ജോസഫിനെ വിപ്പ് ആക്കിയ ജോസഫ് വിഭാഗം യുഡിഎഫ് സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്യണമെന്ന ബദല്‍വിപ്പ് നല്‍കുമെന്നും ജോസ്പക്ഷം അനുമാനിക്കുന്നു. പാര്‍ട്ടിയുടെ അവകാശത്തര്ക്കത്തിന്മേല് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് എടുക്കുന്ന തീര്‍പ്പിനെ അടിസ്ഥാനമാക്കി മാത്രമേ വിപ്പ് ലംഘനത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനം സ്പീക്കര്‍ക്ക് എടുക്കാന്‍ കഴിയൂ.
ജോസ് പക്ഷത്തിന്റെ പ്രതീക്ഷ കേന്ദ്ര കമ്മിഷന്റെ തീരുമാനം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ്. ഈ മാസം തന്നെ അതുണ്ടാകുമെന്നും കണക്കുകൂട്ടുന്നു. യുഡിഎഫില്‍ നിന്നു പുറത്തുവന്ന ശേഷം എല്‍ഡിഎഫിലേക്കു സ്വാഗതം ചെയ്യുന്ന സൂചന സിപിഎമ്മില്‍ നിന്നും, തിരിച്ചു വിളിക്കുന്ന സമീപനം കോണ്‍ഗ്രസില്‍ നിന്നും ഉണ്ടായ സാഹചര്യത്തില്‍ രാഷ്ട്രീയ ഭാവിയെക്കുറിച്ചു ജോസ് പക്ഷത്തിനു തല്ക്കാലം ആശങ്കയില്ല. യുക്തമായ സമയത്തു തീരുമാനമെടുക്കുക, അതുവരെ സ്വതന്ത്രമായി നില്ക്കുക എന്ന സമീപനം ഈ പശ്ചാത്തലത്തിലാണ് രാജ്യസഭാ തിരഞ്ഞെടുപ്പിലും സ്വീകരിക്കുന്നത്.
https://www.facebook.com/Malayalivartha


























