സ്വപ്നേ ഇത് വേണ്ടിയിരുന്നോ... തലചായ്ക്കാനൊരിടം എന്ന ആശയത്തില്‍ പാവങ്ങള്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള ലൈഫ് പദ്ധതിയില്‍ കോടികളുടെ കമ്മീഷന് സ്വപ്ന സുരേഷ് കൈപ്പറ്റിയതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; സ്വപ്നയ്ക്ക് കമ്മീഷന് വന്ന വഴി അന്വേഷിക്കാനുറച്ച് അന്വേഷണ സംഘം

ഓരോ ദിവസം കഴിയും തോറും സ്വപ്ന സുരേഷിന്റെ സാമ്പത്തിക ഇടപാടിന്റെ കഥകളാണ് പുറത്താകുന്നത്. ഇതിലേറ്റവും പ്രധാനമാണ് പാവങ്ങള്‍ക്ക് തലചായ്ക്കാനുള്ള സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിലുള്ള സ്വപ്നയുടെ കടന്നു കയറ്റം. കേരള പുനര്‍നിര്‍മ്മാണത്തിന് യു.എ.ഇ ഭരണാധികാരി അദ്ധ്യക്ഷനായ എമിറേറ്റ്സ് റെഡ്ക്രസന്റ് നല്കിയ 20 കോടിയില്‍ നിന്ന് സ്വപ്നയും സംഘവും കോടികള്‍ കമ്മിഷന് തട്ടിയെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്.
ഇതിനെത്തുടര്‍ന്ന് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. റെഡ്ക്രസന്റുമായി ലൈഫ് മിഷന് ഒപ്പുവച്ച ധാരണാപത്രവും മുഴുവന്‍ സര്‍ക്കാര്‍ രേഖകളും ഉടന്‍ നല്‍കണമെന്ന് ലൈഫ് മിഷന് സി.ഇ.ഒ യു.വി. ജോസിന് ഇ.ഡി ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്കി.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിട്ടും അനില്‍ അക്കര എം.എല്‍.എ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും ധാരണാ പത്രത്തിന്റെ പകര്‍പ്പ് നല്‍കിയിരുന്നില്ല. ഇ.ഡി നോട്ടീസ് നല്കി ആവശ്യപ്പെട്ടതിനാല്‍ രേഖകള്‍ കൈമാറാതിരിക്കാനാവില്ല. അല്ലെങ്കില്‍ ലൈഫ് മിഷന് സി.ഇ.ഒ കുരുങ്ങും. ഒരുകോടി രൂപ കമ്മിഷന് നല്‍കിയതായി നിര്‍മ്മാണ ക്കരാറെടുത്ത യൂണിടാക് കമ്പനി ഉടമ എന്‍.ഐ.എയ്ക്ക് മൊഴി നല്‍കിയിരുന്നു. ഈ പണമാണ് തിരുവനന്തപുരത്തെ രണ്ട് ബാങ്കുകളിലെ തന്റെ ലോക്കറുകളില്‍ നിന്ന് പിടിച്ചെടുത്തതെന്നാണ് സ്വപ്നയുടെ മൊഴി.
ഒരുകോടി കമ്മിഷന്റെ വിവരങ്ങളാണ് സ്വപ്ന വെളിപ്പെടുത്തിയതെങ്കിലും അത് നാലുകോടി വരുമെന്നാണ് ഇ.ഡി പറയുന്നത്. വടക്കാഞ്ചേരി പദ്ധതിക്കു പുറമെ യു.എ.ഇ കോണ്‍സുലേറ്റിന്റെ 20 കോടിയുടെ നിര്‍മ്മാണക്കരാറും യൂണിടെക്കിനാണ്. ഇങ്ങനെയാണ് കമ്മിഷന് നാലുകോടിയായത്. 3.78 കോടിയുടെ കോഴയിടപാട് നടന്നതായും ഇതിലൊരുഭാഗം ദുബായില്‍ ദിര്‍ഹമായി നല്‍കിയെന്നും വിവരമുണ്ട്. സ്വപ്നയുമായുള്ള ഇടപാടില്‍ ആരോപണ വിധേയനായ ഒരു പ്രമുഖന് പണം ലഭിച്ചതായും ഇ.ഡിക്ക് വിവരംകിട്ടി. ദുബായില്‍ നല്കിയ പണം ഹവാലാ മാര്‍ഗത്തില്‍ കേരളത്തിലെത്തിച്ചിട്ടുണ്ടോയെന്നും ഇത് സ്വര്‍ണക്കടത്തിന് ഉപയോഗിച്ചോയെന്നും അന്വേഷിക്കും.
വടക്കാഞ്ചേരി ഫ്ളാറ്റ് തട്ടിപ്പില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ക്കും ബന്ധമെന്നാണ് വെളിപ്പെടുത്തലുണ്ട്. തനിക്ക് സന്ദീപ് മൂന്നുലക്ഷം കമ്മിഷന് നല്‍കിയതായി തിരുവനന്തപുരം സ്വദേശി യദു വെളിപ്പെടുത്തി. സന്ദീപിന് ലഭിച്ച കമ്മിഷനില്‍ നിന്നാണ് ഈ പണം നല്‍കിയത്. കെട്ടിടനിര്‍മ്മാണ രംഗത്തുള്ള ആരെയെങ്കിലും അറിയാമോയെന്ന് സന്ദീപ് ചോദിച്ചപ്പോള്‍ യുണിടാക് ഉടമ സന്തോഷ് ഈപ്പനെ താന്‍ പരിചയപ്പെടുത്തിയെന്നും യുണിടാക് പ്രതിനിധികള്‍ക്കൊപ്പം രണ്ടുവട്ടം യു.എ.ഇ കോണ്‍സുലേറ്റില്‍ പോയിട്ടുണ്ടെന്നും യദു പറഞ്ഞു.
ലിമിറ്റഡ് ടെന്‍ഡറിലൂടെയോ അക്രഡിറ്റഡ് ഏജന്‍സികളുടെ ടെന്‍ഡറിലൂടെയോ ഭവന നിര്‍മ്മാണം നടത്താനുള്ള തീരുമാനം അട്ടിമറിച്ചാണ് അക്രഡിറ്റഡ് ഏജന്‍സിയല്ലാത്ത യൂണിടെക്കിനെ നിശ്ചയിച്ചത്. സ്വപ്നയും ശിവശങ്കറും മൂന്നുതവണ ഒരുമിച്ച് വിദേശയാത്ര നടത്തിയെന്നും കണ്ടെത്തി. സ്വപ്ന, സന്ദീപ്,സരിത്ത് എന്നിവരെ കസ്റ്റഡിയില്‍ ചോദ്യംചെയ്തശേഷം ഇന്നലെ കോടതിയില്‍ തിരിച്ച് ഹാജരാക്കിയപ്പോള്‍ നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
ശിവശങ്കറിനെ ചോദ്യംചെയ്തപ്പോഴാണ് വിദേശയാത്രയുടെ വിവരങ്ങള്‍ ലഭിച്ചതെന്നും ഇ.ഡി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്വര്‍ണക്കടത്തിലെ സമ്പാദ്യം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് മൂന്നാമതൊരു വ്യക്തിയുമായി ചേര്‍ന്നുള്ള ജോയിന്റ് ലോക്കറില്‍ സൂക്ഷിച്ചതെന്ന് സ്വപ്ന മൊഴിനല്‍കി. ഇക്കാര്യം വിശദമായി അന്വേഷിക്കണം. മൂന്നു പ്രതികളെയും 26 വരെ റിമാന്‍ഡ് ചെയ്തു. ഈ യാത്രകളെല്ലാം പൊളിച്ചടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
"
https://www.facebook.com/Malayalivartha


























