കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു വൈകിക്കാന്‍ ആലോചിച്ചിട്ടില്ലെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍...

കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു വൈകിക്കാന്‍ ആലോചിച്ചിട്ടില്ലെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന് എല്ലാ വശങ്ങളും പരിശോധിച്ചു ചര്‍ച്ചകള്‍ക്കു ശേഷം ഉടന്‍ തീരുമാനിക്കും. ആരോഗ്യ വിദഗ്ധരുമായി കമ്മീഷന്‍ ഇന്നലെ നടത്തിയ യോഗത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് തെരഞ്ഞെടുപ്പു നടത്തുന്നതിനു തടസമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചതായും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നവംബര്‍ മധ്യത്തോടെ തദ്ദേശസ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ നിലവില്‍ വരും വിധം തിരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സമില്ലെന്നാണ് അറിയിച്ചതെന്നു തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ പറഞ്ഞു.
എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാകും തീയതി നിശ്ചയിക്കുക. പ്രചാരണത്തിന് ഒരു വീട്ടിലേക്കു 3 പേരില്‍ കൂടുതല്‍ പോകാന്‍ പാടില്ല എന്നത് ഉള്‍പ്പെടെ നിയന്ത്രണങ്ങള്‍ വേണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ നിര്‍ദേശിച്ചത്. തിരഞ്ഞെടുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കോവിഡ് പ്രോട്ടോക്കോള്‍ ആരോഗ്യവകുപ്പു ലഭ്യമാക്കും. ഡ്യൂട്ടിക്കു നിയമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പുമായി ചേര്‍ന്നു നടത്തും. ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ജനങ്ങളെയും ബോധവല്‍ക്കരിക്കുന്നതിന് ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കും.
"
ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഈ മാസം തന്നെ ആരംഭിക്കും. മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനമായിരിക്കും. മറ്റ് ഉദ്യോഗസ്ഥര്‍ക്ക് ബ്ലോക്ക് തലത്തില്‍ 30 പേര്‍ വീതം ബാച്ചുകളായി പരിശീലനം നല്‍കും. പോളിങ് സമയം ഒരു മണിക്കൂര്‍ നീട്ടുന്നത് തിരക്ക് ഒഴിവാക്കാന്‍ സഹായിക്കുമെന്നാണു വിലയിരുത്തല്‍.
ആരോഗ്യസുരക്ഷ ഒരുക്കാന്‍ 15 കോടി രൂപ അധികം ചെലവ് പ്രതീക്ഷിക്കുന്നതായും കമ്മിഷന്‍ അറിയിച്ചു. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ കാലാവധി നവംബര്‍ 11നാണ് അവസാനിക്കുക. നവംബര്‍ 11ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ 12നു മുന്പു തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്.
https://www.facebook.com/Malayalivartha


























