എം. ശിവശങ്കറിന്റെ യു.എ.ഇ. കോൺസുലേറ്റുമായുള്ള കൂട്ട്ക്കെട്ടു അത്ര നല്ലതല്ലെന്ന് നേരത്തേ വിലയിരുത്തിയിരുന്നു; ലൈഫ് മിഷൻ പദ്ധതിയിൽ യു.എ.ഇ.യിലെ റെഡ്‌ക്രസന്റ് എന്ന സംഘടനവഴി സംഭാവന സ്വീകരിക്കുന്നതിൽ ശിവശങ്കർ കാണിച്ച തിടുക്കവും ഈ സംശയത്തിന് ആക്കംകൂട്ടി; വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി ടോം ജോസ്

ലൈഫ് മിഷൻ പദ്ധതിയിൽ യു.എ.ഇ.യിലെ റെഡ്‌ക്രസന്റ് എന്ന സംഘടനവഴി സംഭാവന സ്വീകരിക്കുന്നതിൽ ശിവശങ്കർ കാണിച്ച തിടുക്കവും ഈ സംശയത്തിന് ആക്കംകൂട്ടിയെന്നാണു സൂചനകൾ പുറത്ത് വരുന്നത് . ഇതിനുപിന്നാലെ, വകുപ്പ് മേധാവികൾ കോൺസുലേറ്റുമായി ബന്ധപ്പെടുന്നത് വിലക്കി പ്രത്യേക സർക്കുലർ ഇറക്കാൻ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനോട് ചീഫ് സെക്രട്ടറി നിർദേശിച്ചിരുന്നു.
2019 ജൂലായ് 11-നാണ് ലൈഫ് മിഷനും റെഡ് ക്രസന്റും ധാരണപത്രം ഒപ്പുവെച്ചത്. നിയമവകുപ്പ് പ്രകടിപ്പിച്ച സംശയങ്ങൾപോലും തള്ളി ഒറ്റദിവസംകൊണ്ടാണ് ശിവശങ്കർ ധാരണപത്രം തയ്യാറാക്കിയത്. ഈ ഇടപാടിൽ പലതലത്തിലും യു.എ.ഇ. കോൺസുലേറ്റ് ഉദ്യോഗസ്ഥയായിരുന്ന സ്വപ്നാ സുരേഷിന്റെ സാന്നിധ്യം പ്രകടമായിരുന്നു. ധാരണപത്രം ഒപ്പിട്ടത് ചീഫ് സെക്രട്ടറി ടോം ജോസിന്റെകൂടി സാന്നിധ്യത്തിലായിരുന്നു.
ഓഗസ്റ്റ് ഏഴിനാണ് പ്രത്യേക സർക്കുലർ ഇറക്കണമെന്ന് നിർദേശിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന് ചീഫ് സെക്രട്ടറി കുറിപ്പുനൽകിയത്. ഇതനുസരിച്ച് ഇറക്കിയ സർക്കുലർ തുടങ്ങുന്നത് ‘ചില വകുപ്പ് മേധാവികൾ വിദേശരാജ്യങ്ങളുടെ പ്രതിനിധികളുമായി അനധികൃത ഇടപെടലുകൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്’ എന്ന ആമുഖത്തോടെയാണ്. എംബസി, മിഷൻ, വിദേശ സർക്കാർ പ്രതിനിധികൾ, വിദേശസ്ഥാപനങ്ങൾ, കൺസൽട്ടന്റ് എന്നിവയുമായുള്ള ഉദ്യോഗസ്ഥ മേധാവികളുടെ ഇടപെടലാണ് ഇതിൽ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം ഇടപെടലുകൾ സംസ്ഥാന താത്പര്യത്തിന് ഹാനികരമാണെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ട് ഇറക്കിയ സർക്കുലറിൽ പറയുന്നു.
സർക്കാർ അനുമതിയില്ലാതെ ഒരു വകുപ്പ് തലവനും നേരിട്ടോ ഏതെങ്കിലും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയോ വിദേശ സ്ഥാപനങ്ങളുമായോ പ്രതിനിധികളുമായോ ബന്ധപ്പെടാൻ പാടില്ല. ഏതെങ്കിലും വിദേശസ്ഥാപനങ്ങളോ വിദേശസർക്കാരോ അവരുടെ പ്രതിനിധികളോ ഏതെങ്കിലും വകുപ്പ് മേധാവികളെ ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽ അക്കാര്യം ഭരണവകുപ്പിനെ അറിയിക്കണം. മുൻകൂർ അനുമതിതേടാതെ ആശയവിനിമയവും ഇടപാടുകളും ഉദ്യോഗസ്ഥതലത്തിൽ ഉണ്ടാകരുതെന്നും സർക്കുലറിൽ പറയുന്നു.
യു.എ.ഇ. കോൺസുലേറ്റ് ഉദ്യോഗസ്ഥയായിരിക്കെയാണ് സ്വപ്ന ശിവശങ്കറുമായി ബന്ധം സ്ഥാപിക്കുന്നത്. 2019 നവംബർ 20-നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ സർക്കുലർ ഇറങ്ങിയത്. അപ്പോഴേക്കും സ്വപ്നയെ ശിവശങ്കർ സർക്കാരിനു കീഴിലെ സ്‌പേസ് പാർക്കിൽ നിയമിച്ചിരുന്നു. സർക്കാരിന്റെ ഭാഗമായി ജോലിചെയ്യുകയും കോൺസുലേറ്റുമായി ‘വർക്ക് ഓൺ റിക്വസ്റ്റിൽ’ കാര്യങ്ങൾ കൈകാര്യം ചെയ്യുകയുമാണ് പിന്നീട് സ്വപ്ന ചെയ്തത്.
https://www.facebook.com/Malayalivartha


























