മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം കത്തീഡ്രലില്‍ പരിശുദ്ധ ദേവമാതാവിന്റെ ജനനപ്പെരുന്നാള്‍ പ്രാര്‍ത്ഥനയോടും നോയമ്പോടും കൂടി സെപ്തംബര്‍ ഒന്നു മുതല്‍ എട്ടുവരെ... ലക്ഷക്കണക്കിന് വിശ്വാസികള്‍ നോമ്പും ഉപവാസവും എടുത്ത് എത്തിയിരുന്ന മണര്‍കാട് പള്ളിയില്‍ ഇക്കുറി കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചായിരിക്കും തിരുന്നാള്‍ ആഘോഷിക്കുക

ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം കത്തീഡ്രലില്‍ പരിശുദ്ധ ദേവമാതാവിന്റെ ജനനപ്പെരുന്നാള്‍ പ്രാര്‍ത്ഥനയോടും നോയമ്പോടും കൂടി സെപ്തംബര്‍ ഒന്നു മുതല്‍ എട്ടുവരെ തീയതികളില്‍ ആഘോഷിക്കും. ലക്ഷക്കണക്കിന് വിശ്വാസികള്‍ നോമ്പും ഉപവാസവും എടുത്ത് എത്തിയിരുന്ന മണര്‍കാട് പള്ളിയില്‍ ഇക്കുറി കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചായിരിക്കും തിരുന്നാള്‍ ആഘോഷിക്കുക.
വിശ്വാസികള്‍ വീടുകളില്‍ ഇരുന്നു ഉപവാസത്തോടും പ്രാര്‍ത്ഥനയോടുംകൂടി നോമ്പാചരണത്തില്‍ ഭക്തിപൂര്‍വം പെരുന്നാളില്‍ പങ്കെടുക്കണമെന്ന് കത്തീഡ്രല്‍ വികാരി ഇ.ടി കുര്യാക്കോസ് കോറെപ്പിസ്‌കോപ്പ ജട്ട്യാടത്ത് വിശ്വാസികളോട് ആഹ്വാനം ചെയ്തു. ദൃശ്യമാധ്യമങ്ങള്‍ വഴി പള്ളിയില്‍ നടക്കുന്ന ചടങ്ങുകളുടെ തത്സംപ്രേഷണം ഓണ്‍ലൈനായി വീക്ഷിക്കാന്‍ സാധിക്കുമെന്നും കോറെപ്പിസ്‌കോപ്പ അറിയിച്ചു.തിരുന്നാളിന്റെ ആദ്യ ദിനമായ ഒന്നിന് വൈകിട്ട് നാലിന് പള്ളിമുറ്റത്ത് കൊടിമരം ഉയര്‍ത്തും. ഒന്നു മുതല്‍ എട്ടു വരെ തീയതികളില്‍ രാവിലെ 6.30ന് വിശുദ്ധ കുര്‍ബാനയും ഒന്നു മുതല്‍ അഞ്ചുവരെ തീയതികളില്‍ രാവിലെ 11ന് പ്രസംഗവും ഉച്ചകഴിഞ്ഞ് 2.30ന് ധ്യാനവും ഉണ്ടായിരിക്കും.
കത്തീഡ്രല്‍ ദേവാലയത്തില്‍ ഒന്നു മുതല്‍ എട്ടു വരെ ദിവസങ്ങളില്‍ രാവിലെ 8ന് പ്രഭാത പ്രാര്‍ത്ഥനയും 9ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. കത്തീഡ്രല്‍ പള്ളിയില്‍ കുര്‍ബാനക്ക് ശേഷമുള്ള സമയങ്ങളില്‍ കൊവിഡ് നിബന്ധനകള്‍ പാലിച്ച് വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിച്ച് വന്നുപോവാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെരുന്നാളിന്റെ ഒന്നാം ദിവസമായ ഒന്നാം തീയതി രാവിലെ 9ന് മൂന്നിന്മേല്‍ കുര്‍ബാന എപ്പിസ്‌കോപ്പല്‍ സൂന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലിത്തയുമായ ഡോ.തോമസ് മോര്‍ തീമോത്തിയോസ് മുഖ്യകാര്‍മ്മികത്വം വഹിക്കും.
ഏഴിന് രാവിലെ 11ന് പ്രത്യേക പ്രാര്‍ത്ഥനയ്ക്കുശേഷം ചരിത്ര പ്രസിദ്ധമായ നടതുറക്കല്‍ ചടങ്ങ് നടക്കും. വര്‍ഷത്തില്‍ ഒരിക്കല്‍ മാതാവിന്റെ പ്രത്യേക ഛായാചിത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുന്ന ചടങ്ങാണ് നടതുറക്കല്‍.
https://www.facebook.com/Malayalivartha

























