ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാം ഉടമ മത്തായിയുടെ കേസിൽ അന്വേഷണം അടിയന്തരമായി സിബിഐയ്ക്ക് കൈമാറാൻ ഹൈക്കോടതി നിർദേശം...

ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഫാം ഉടമ മത്തായിയുടെ കേസ് അന്വേഷണം അടിയന്തരമായി സിബിഐയ്ക്ക് കൈമാറാൻ ഹൈക്കോടതി നിർദേശം. ഭാര്യ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് നിര്‍ദ്ദേശം.
അന്വേഷണം സിബിഐക്ക് കൈമാറാൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ച പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനമെടുത്തത്. ഭാര്യ നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്. അതേ സമയം മരിച്ച മത്തായിയുടെ മൃതദേഹം 25 ദിവസമായി സംസ്ക്കരിക്കാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം എന്ത് കൊണ്ട് സംസ്ക്കരിക്കുന്നില്ലെന്ന് കോടതി ചോദിച്ചു. സംസ്ക്കാരത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നും കോടതി മത്തായിയുടെ ഭാര്യയോട് ആവശ്യപ്പെട്ടു.
അതേസമയം കോടതിയുടെ നിർദ്ദേശത്തിന് മുൻപ് തന്നെ കേസ് സിബിഐയ്ക്ക് വിടാനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പുവച്ചിരുന്നു. ശുപാർശ സംസ്ഥാന സർക്കാർ കേന്ദ്ര പഴ്സനൽ മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. ഭാര്യയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരാനിരിക്കെയാണു സർക്കാർ നടപടി.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് മത്തായിയുടെ ഭാര്യ ഷീബമോൾ ഹർജി സമർപ്പിച്ചത്. കഴിഞ്ഞ മാസം 28നാണ് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ മത്തായിയെ വീട്ടിൽനിന്നു കസ്റ്റഡിയിൽ എടുക്കുന്നത്. പിന്നീട് മരണ വിവരമാണു ബന്ധുക്കൾ അറിയുന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് സംഘമാണു നിലവിൽ കേസന്വേഷിക്കുന്നത്.
കേസിൽ ഇതുവരെ ആരെയെങ്കിലും പ്രതിചേർക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു വനപാലകരെ സസ്പെൻഡ് ചെയ്തിരുന്നു. പി.പി.മത്തായിയെ കസ്റ്റഡിയിൽ എടുത്തതിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി സതേണ്‍ സർക്കിൾ ചീഫ് ഫോറസ്റ്റ് കണ്‍സർവറ്റർ റിപ്പോർട്ട് നൽകിയിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വിട്ടുനൽകിയെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ സംസ്കാരം നടത്തില്ലെന്ന നിലപാടിലാണു ബന്ധുക്കൾ.
അതേസമയം പി.പി.മത്തായിയെ കസ്റ്റഡിയിൽ എടുത്തതിൽ വനം ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവറ്റർ സഞ്ജയൻകുമാർ അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. കസ്റ്റഡിയിൽ എടുത്തതിൽ വീഴ്ചയുണ്ടായെന്നാണ് റിപ്പോർട്ടിലെ മുഖ്യപരാമർശമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
വനം മന്ത്രി കെ.രാജുവിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കസ്റ്റഡിയിലുള്ളയാളുടെ സുരക്ഷ ഉറപ്പാക്കാനോ ജീവൻ രക്ഷിക്കാനോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായില്ലെന്ന് റിപ്പോർട്ടിൽ പരാമർശമുള്ളതായാണ് വിവരം. വനത്തിലെ ക്യാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകാതിരുന്നതിലും വീഴ്ചയുണ്ടായി.
അറസ്റ്റ് ചെയ്തയാളെ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചില്ല. വൈദ്യ പരിശോധന നടത്തുന്നതിലും വീഴ്ച സംഭവിച്ചു. ക്യാമറയുടെ മെമ്മറി കാർഡ് എടുത്തെന്ന് മത്തായി സമ്മതിച്ചെന്ന കാര്യവും റിപ്പോർട്ടിലുണ്ട്. വൈൽഡ് ലൈഫ് ആക്ട് പ്രകാരമുള്ള കുറ്റം ചെയ്തെന്നും പറയുന്നു.
https://www.facebook.com/Malayalivartha

























