ഇനി കളി മാറും ! തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകാനുള്ള തീരുമാനത്തിൽ സർക്കാർ വീണ്ടും നിയമ നടപടിക്ക് ഒരുങ്ങുന്നു; നിലവിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകാനുള്ള തീരുമാനത്തിൽ സർക്കാർ വീണ്ടും നിയമ നടപടിക്ക് ഒരുങ്ങുന്നു. നിലവിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. സ്വകാര്യവൽക്കരണത്തിനെതിരെ സർക്കാർ നേരത്തെ നൽകിയ അപ്പീലിൽ പുതിയ ഉപഹർജിയാണ് സമർപ്പിച്ചിരിക്കുന്നത്. എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിയെ ഏൽപിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചെങ്കിലും തുടർപോരാട്ടത്തിൽ അദാനിക്കും സർക്കാരിനും മുന്നിലുളള വഴികൾ എളുമപ്പമാകില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. വിമാനത്താവള നടത്തിപ്പിനും തുടർ വികസനത്തിനും സർക്കാരിന്റെ പിന്തുണ ക്കത്ത് അഥവാ സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റ് അനിവാര്യമാണ്. സ്വകാര്യവത്ക്കരണത്തെ ശക്തമായി എതിർക്കുന്ന സംസ്ഥാന സർക്കാർ പിന്തുണകത്ത് എന്ന ആയുധമാണ് അദാനിക്കെതിരെ പുറത്തെടുക്കാൻ ഉദേശിക്കുന്നത്.സർക്കാർ നിയമപോരാട്ടം തുടർന്നാലും ടെൻഡർ റദ്ദാക്കാൻ സാദ്ധ്യതയില്ലെന്നാണ് നിയമവിദഗ്‌ദ്ധർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കേസിൽ നേരത്തെ സർക്കാരിന് എതിരായിരുന്നു ഹൈക്കോടതി വിധി. ടെൻഡർ പ്രകാരമുളള നടപടികൾ മുന്നോട്ടു കൊണ്ടുപോകുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്യാതിരുന്നതിനാൽ നടത്തിപ്പ് ഏറ്റെടുക്കുന്നതിന് നിയമ പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.
തിരുവനന്തപുരം വിമാനത്താവളം ഉള്‍പ്പടെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ തമിഴ്‌നാടും പ്രതിഷേധം അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഇത്തരം തീരുമാനം കൈക്കൊള്ളൂവെന്ന 2003ലെ ധാരണയുടെ ലംഘനമാണ് നടക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ ഏകപക്ഷീയമായ തീരുമാനം പുനഃപരിശോധിക്കണം എന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.വിമാനത്താവളങ്ങൾ നടത്തിപ്പിനായി അദാനി ഗ്രൂപ്പിന് നൽകിയതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിലാണ് സ്റ്റാലിനും കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം, വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് വിട്ടുനല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാഴാഴ്ച ചേർന്ന സർവകക്ഷി യോഗത്തിലുണ്ടായ തീരുമാനങ്ങളും കത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. കേന്ദ്രമന്ത്രിസഭാ തീരുമാനത്തിനെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരാൻ വൈകിട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷിയോഗം തീരുമാനിച്ചിരുന്നു. യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങളുടെ വിശദാംശങ്ങളാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha

























