വീടില്ലാത്തവന്റെ വേദന വിൽക്കുന്നവർ.. കാട്ടിലെ തടി വലിയെടാവലി....... വി.എസ് മനോജ് കുമാർ.......

ലൈഫ് പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയിൽ പാർപ്പിട രഹിത പാവങ്ങൾക്കായി പാർപ്പിട സമുച്ഛയമുയരുന്നു. ഇത്രമാത്രം കേൾക്കുമ്പോൾ സർക്കാർ പ്രഖ്യാപനം അഭിനന്ദനാർഹം തന്നെയാണ്. എന്നാൽ നാട്ടിൽ നിലനിൽക്കുന്ന നിയമവും ചട്ടവുമെല്ലാം കാറ്റിൽ പറത്തി തങ്ങൾ എന്തും ചെയ്യുമെന്ന രീതിയിലേക്ക് വീടില്ലാത്തവരുടെ വേദന വിറ്റഴിക്കാൻ തയ്യാറാകുന്ന നിലയിലേക്ക് വടക്കാഞ്ചേരി ഫ്ലാറ്റ് സമുച്ചയം മാറിയെന്നതാണ് യാഥാർത്ഥ്യം.
കന്നുകാലി തൊഴുത്ത് നാം പണിയുമ്പോൾ നാം എടുക്കേണ്ട മുൻ കരുതൽ പോലും ഇല്ലാതെ മനുഷ്യവാസത്തിനു വേണ്ട ഒരു പാർപ്പിട സമുച്ഛയം പണിയുന്നത് വാസ്തവത്തിൽ ചില താൽപര്യങ്ങൾ കൊണ്ടാണ്. വ്യക്തമായി പറഞ്ഞാൽ കമ്മീഷൻ ലക്ഷ്യമാക്കി ഒരു കെട്ടിടം നിർമ്മിക്കുന്നു. അതും പാവങ്ങളുടെ പേരിൽ.
ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന റെഡ്ക്രസൻ്റ് സ്ഥാപനം കേരളത്തിൽ പാവപ്പെട്ടവർക്കായി ഫ്ലാറ്റ് നിർമ്മാണം തുടങ്ങും മുമ്പേ കമ്മീഷൻ ചർച്ചകൾ നടന്നുവെന്നും ഇതിൽ നിന്നും മുഖ്യമന്ത്രിയുടെ അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ സി.ഒയുടെ പേരിലും സ്വർണ്ണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ പേരിലും സംയുക്തമായി ഒരു ബാങ്ക് ലോക്കർ എടുക്കുകയും അതിൽ ഒരു കോടി രൂപാ കണ്ടെത്തുകയും ചെയ്തു. ഈ വാർത്ത പുറത്തുവന്നതോടെ പാർപ്പിട പദ്ധതിയിലുള്ള ആശങ്കകൾ ഏറുകയാണ്. ഏറെ ഭയാശങ്കകളോടെ മാത്രം സമീപിക്കേണ്ട ഒന്നായി മാറി വടക്കാഞ്ചേരി പാർപ്പിട സമുച്ഛയം.
മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻ്റിംഗ് മാത്രമുള്ള നിർമ്മാണമാണ് നടക്കുന്നത്. കരാർ ഇല്ല, ഒന്നും തന്നെ ഇല്ലന്ന് പറയാം.20 കോടിയുടെ പദ്ധതിയിൽ ഏകദേശം 25% തുകയും കമീഷനായി കൊടുത്തതായി കരാറുകാരനെന്ന് പറയപ്പെടുന്ന ആൾ വ്യക്തമാക്കുമ്പോൾ കെട്ടിടത്തിൻ്റെ ബലത്തെയും സുരക്ഷയേയും കുറിച്ച് ആശങ്കകൾ സ്വാഭാവികം.
യു. എ. ഇ ഫണ്ടിംഗ് വർക്ക് ആരു ചെയ്താലും അത് പാവപ്പെട്ടവർക്ക് താമസിക്കന്നതിന് വേണ്ടതാണെന്ന ചിന്ത വേണ്ടതാണ്. ലോക്കൽ ബോഡിയുടേയോ റീജിയണൽ ടൗൺ പ്ലാനിംഗ് ഓഫീസറുടെയോ ലാൻ്റ് ട്രിബൂണൽ പോലുള്ള ഏജൻസികളുടെ അനുമതി വാങ്ങിയിട്ടുണ്ടോ? ഇല്ലെങ്കിൽ എന്തു കൊണ്ട് ഒഴിവാക്കി? നിർമ്മാണം നടത്തേണ്ടത് ക്വാളിഫയിംഗ് എഞ്ചിനീയറിംഗ് ഡിപ്പാർട്ട് മെൻ്റോ അപ്രൂവ്ഡ് ഏജൻസിയോ ആയിരിക്കണ്ടേ?
അല്ലായെങ്കിൽ ചുരുങ്ങിയത് പ്രീ ക്വാളിഫിക്കേഷൻ നോം സിൽ ഉൾപ്പെടുന്നവരായിരിക്കേണ്ടേ നിർമ്മാണ ജോലികൾ നടത്തേണ്ടത്? ഇതിൽ യൂണി ട്രാക്ക് ഉൾപ്പെടുന്നുവോ? കെട്ടിട നിർമ്മാണ ചട്ടങ്ങൾ പൂർണ്ണമായും പാലിച്ചിട്ടുണ്ടോ? എന്നിവയെല്ലാം സംശയത്തിൽ തന്നെയാണ്. 20 കോടിയിൽ 5 കോടി കമ്മീഷൻ എങ്കിൽ കമ്പനിക്ക് എത്ര കോടി ലാഭം കിട്ടും? കമ്പനി ലാഭവും കഴിഞ്ഞാൽ എത്ര രൂപായുടെ കെട്ടിട സമുച്ഛയമായിരിക്കും അത്? കാട്ടിലെ തടി വലിയെടാവലി. ഏറ്റവും ഒടുവിൽ ഒരു മരട് പ്ലാറ്റ് ഗതി ഇതിനു വരാതിരിക്കട്ടെ.
ഏതു വിഷയത്തിലും രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾ ഒന്നും പിണറായി സർക്കാരിന് ബാധകമല്ലെന്ന സ്ഥിതിയാണ്. ഫണ്ട് എ.കെ.ജി സെൻ്ററിൻ്റേത് അല്ലാത്തിടത്തോളം മറുപടി പറഞ്ഞേ മതിയാവൂ. ആട്ടിയിറക്കിയും കണ്ണുരുട്ടിയും എല്ലാവരെയും ഭയപ്പെടുത്താമെന്ന പിണറായിയുടെ വിശ്വാസം ഇനി വിലപ്പോവില്ല.
പാവങ്ങളുടെ ഭവന പദ്ധതിയിലും പ്രളയഫണ്ടിൻ്റെ രീതി അനുവർത്തിക്കുന്നത് ശരിയല്ല. സ്വർണ്ണക്കടത്തിലെ പ്രതികൾ എല്ലാ മേഖലകളിലും കൈകടത്തിയിരിക്കുന്നു എന്ന് വ്യക്തമാക്കുകയാണ്. എല്ലാം രാഷ്ട്രീയ ആരോപണമെന്ന് നിസാരവൽക്കരിക്കുകയാണ് മുഖ്യമന്ത്രി. അദ്ദേഹം ആ നിലപാടിൽ ഉറച്ചു നിന്നോട്ടെ. പക്ഷേ, പാവപ്പെട്ടവൻ്റെ അവകാശങ്ങൾ കവർന്നെടുത്ത് ലോക്കറിൽ വെക്കാൻ കൂട്ടുനിൽക്കാതിരിക്കണം. അത് ഒരു ഭരണാധികാരിയിൽ നിന്ന് ജനം പ്രതീക്ഷിക്കുന്ന സാമാന്യ നീതിയാണ്.
(ലേഖകൻ കേരള കോൺഗ്രസ് - ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്)https://www.facebook.com/Malayalivartha

























