ഇന്ന് അത്തം... ഇനി മലയാളികള്‍ക്ക് ഓണത്തിരക്കിന്റെ നാളുകള്‍... കോവിഡിനിടയിലും മലയാളിമനസ്സില്‍ ഓണാഘോഷം പീലിവിടര്‍ത്തിത്തുടങ്ങി, നിയന്ത്രണങ്ങള്‍ക്കു വിധേയമായുള്ള ആഘോഷക്കാലത്തിന് തുടക്കമാകുന്നു

ഇന്ന് അത്തം. കേരളീയര്‍ കാത്തിരിക്കുന്ന തിരുവോണത്തിന് ഇനി പത്തുദിവസം. അത്തം പത്തിന് തിരുവോണം എന്നാണല്ലോ ചൊല്ല്. അങ്ങനെ മലയാളികള്‍ക്ക് ഇനി ഓണത്തിരക്കിന്റെ നാളുകള്‍. മലയാളത്തിന്റെ മഹാബലി തമ്പുരാന് കേരളമൊട്ടാകെ വരവേല്‍പ്പേകിയാണ് മലയാളികള്‍ ഓണം കൊണ്ടാടുന്നത്. ജാതിഭേദമന്യേ കേരളത്തില്‍ എല്ലാവരും ആഘോഷിക്കുന്ന ഒരേയൊരു ആഘോഷം ഓണമാണെന്ന് തന്നെ പറയാം. തിരുവോണദിവസം മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിനാണ് അത്തം മുതല്‍ ഒരുക്കങ്ങളാരംഭിക്കുന്നത്. തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാന്‍ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത്.
തൃക്കാക്കരവരെ പോയി ദേവനെ പൂജിക്കാന്‍ എല്ലാ ജനങ്ങള്‍ക്കും സാധിക്കാതെ വന്നപ്പോള്‍ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതില്‍ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാന്‍ തൃക്കാക്കരയപ്പന്‍ അനുവദിച്ചു എന്നാണ് ഐതിഹ്യം. മുറ്റത്ത് അത്തം ഇടാന്‍ സ്ഥലമൊരുക്കി അതിനുശേഷം ചാണകം മെഴുകിയിട്ടാണ് പൂക്കളമൊരുക്കുന്നത്.
ചിങ്ങത്തിലെ അത്തം നാള്‍ മുതലാണ് പൂക്കളം ഒരുക്കാന്‍ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകള്‍ മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാള്‍ മുതല്‍ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തില്‍ സ്ഥാനമുള്ളൂ. ഉത്രാടത്തിനാണു പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്. മൂലം നാളില്‍ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.
എന്നാല്‍ ചിലയിടങ്ങളില്‍ ഒരു നിറത്തിലുള്ള പൂവില്‍ തുടങ്ങി പത്തു ദിവസം പത്തു നിറങ്ങളിലുള്ള പൂക്കള്‍കൊണ്ട് പൂക്കളം ഒരുക്കുന്നു. ചാണകം മെഴുകിയ വെറും നിലം കൂടാതെ, മണ്ണുകൊണ്ട് നിര്‍മിച്ച ചാണകം മെഴുകിയ ചെറുമണ്ഡപവും പൂവിടുന്നതിന് ഉപയോഗിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ പൂവിനുപകരം കല്ലുപ്പില്‍ പലനിറങ്ങള്‍ കൊടുത്തും അത്തം ഒരുക്കാറുണ്ട്.
കോവിഡിനിടയിലും മലയാളിമനസ്സില്‍ ഓണാഘോഷം പീലിവിടര്‍ത്തിത്തുടങ്ങി. നിയന്ത്രണങ്ങള്‍ക്കു വിധേയമായുള്ള ആഘോഷക്കാലത്തിനാണു തുടക്കമാകുന്നത്.
"
https://www.facebook.com/Malayalivartha

























